മുംബൈ: തമിഴ് ബ്ലോക്ക് ബസ്‌റ്റര്‍ ചിത്രം 'ലവ് ടുഡേ' ഇനി ഹിന്ദിയിലും. സിനിമയുടെ ഹിന്ദി റീമേക്കിനായി നിര്‍മാണ കമ്പനികളായ ഫാന്‍റം സ്‌റ്റുഡിയോസും എജിഎസ് എന്‍റര്‍ടെയിന്‍മെന്‍റും സഹകരിക്കുന്നു. തമിഴില്‍ സൂപ്പർ ഹിറ്റായ ചിത്രമാണ് ലവ് ടുഡേ.
പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്‌ത റൊമാന്‍റിക് കോമഡി ചിത്രത്തില്‍ പ്രദീപ് (ഉത്തമന്‍ പ്രദീപ്) തന്നെയാണ് നായകനായി എത്തിയതും. ഇവാനയാണ് (നിഖിത) ചിത്രത്തില്‍ പ്രദീപിന്‍റെ നായികയായെത്തിയത്. പ്രണയിതാക്കളായ ഉത്തമനും നിഖിതയും ഒരു ദിവസത്തേയ്‌ക്ക് തങ്ങളുടെ ഫോണ്‍ പരസ്‌പരം കൈമാറുന്നും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രപശ്ചാത്തലം.
'ലവ് ടുഡേ' ഹിന്ദി പ്രേക്ഷകരിലേയ്‌ക്ക് എത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഫാന്‍റം സ്‌റ്റുഡിയോസ് സിഇഒ സൃഷ്‌ടി ബേല്‍ പറഞ്ഞു. 'സിനിമയുടെ ഹിന്ദി പതിപ്പ് മികച്ചതാക്കാന്‍ എജിഎസ് എന്‍റര്‍ടെയിന്‍മെന്‍റുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്‌ടരാണ്. ടെക്‌നോളജിക്കൊപ്പം സഞ്ചരിക്കുന്ന ഈ കാലഘട്ടത്തില്‍, പ്രണയത്തിന്‍റെ രസകരമായൊരു കാഴ്‌ച ഫാന്‍റം സ്‌റ്റുഡിയോ, എന്നും നിലകൊള്ളുന്ന തരത്തില്‍ ആധികാരികമായാണ് കഥ പറഞ്ഞിരിക്കുന്നത്.'-സൃഷ്‌ടി ബേല്‍ പറഞ്ഞു.
'ലവ് ടുഡേ'യുടെ ഹിന്ദി വിപണയിലേയ്‌ക്ക് കടക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണെന്ന് എജിഎസ് എന്‍റര്‍ടെയിന്‍മെന്‍റ് ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ അര്‍ച്ചന കല്‍പാത്തി പറഞ്ഞു. 'നല്ല സിനിമ നിര്‍മിക്കാന്‍ എല്ലായ്‌പ്പോഴും പരിശ്രമിക്കുന്നു എന്ന ഖ്യാതിയോടെ ഫാന്‍റം സ്‌റ്റുഡിയോസിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഒരു പ്രൊഡക്ഷൻ ഹൗസ് എന്ന നിലയിൽ പുതിയ പരീക്ഷണങ്ങള്‍ പര്യവേക്ഷണം ചെയ്യാനും, ഞങ്ങളുടെ പ്രേക്ഷകർക്ക് മികച്ചത് വാഗ്‌ദാനം ചെയ്യാനും ഞങ്ങൾ നിരന്തരം പരിശ്രമിക്കുന്നു. 'ലവ് ടുഡേ' ഞങ്ങളുടെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്ന പ്രോജക്റ്റാണ്. കൂടുതൽ പ്രേക്ഷകരുമായി ഈ കഥ പങ്കിടാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. -അര്‍ച്ചന കല്‍പാത്തി പറഞ്ഞു.
2024 തുടക്കത്തില്‍ തന്നെ 'ലവ് ടുഡേ'യുടെ ഹിന്ദി റീമേക്ക് റിലീസിനെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ നീക്കം. നിലവില്‍ നെറ്റ്‌ഫ്ലിക്‌സില്‍ സ്‌ട്രീമിംഗ് ചെയ്യുന്ന ചിത്രത്തില്‍ സത്യരാജ്, യോഗി ബാബു, രാധിക ശരത്‌കുമാര്‍, രവീണ രവി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Also Read: 'ലവ് ടുഡേ' സിനിമ ശൈലിയില്‍ പ്രതിശ്രുത വധുവിന് ഫോണ്‍ കൈമാറി ; യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍