എറണാകുളം : യുവനടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്‌ചത്തേക്ക്(മെയ് 30) മാറ്റി. താൻ നിയമത്തിൽ നിന്നും ഒളിച്ചോടിയിട്ടില്ലെന്നും കേസെടുത്ത വിവരമറിയാതെയാണ് വിദേശത്തേക്ക് പോയതെന്നുമായിരുന്നു ജാമ്യാപേക്ഷ പരിഗണിക്കവെ വിജയ് ബാബുവിന്‍റെ വാദം.
തുടർന്ന് ജാമ്യഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റുകയായിരുന്നു. മെയ് 30ന് നാട്ടിലെത്തുമെന്ന് വ്യക്തമാക്കിയുളള യാത്രാരേഖകൾ സമർപ്പിച്ചതോടെയാണ് ജസ്‌റ്റിസ് പി ഗോപിനാഥ് വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ തയ്യാറായത്.
ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടിയുമായിട്ട് ഉണ്ടായിരുന്നതെന്നും പുതിയ സിനിമയിൽ അവസരം നൽകാഞ്ഞതിനെ തുടർന്നുള്ള വൈരാഗ്യമാണ് ലൈംഗിക പീഡന പരാതിക്ക് ആധാരമെന്നുമാണ് മുൻകൂർ ജാമ്യാപേക്ഷയിൽ വിജയ് ബാബുവിന്‍റെ വാദം.
അതേസമയം ദുബായിലുളള നടനെ നാട്ടിലെത്തിയാൽ ഉടന്‍ അറസ്‌റ്റ് ചെയ്യുമെന്ന് പോലീസ് കോടതിയില്‍ വ്യക്‌തമാക്കി. തിങ്കളാഴ്‌ച വിദേശത്ത് നിന്നും മടങ്ങി വരുമെന്നാണ് വിജയ് ബാബു കോടതിയെ അറിയിച്ചിട്ടുള്ളത്. വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ല.
ഹർജിക്കാരൻ നാട്ടില്‍ എത്തിയിട്ടേ ജാമ്യാപേക്ഷ പരിഗണിക്കാവൂവെന്നും കേസെടുത്ത് രണ്ട് ദിവസം കഴിഞ്ഞ് വിജയ് ബാബു രാജ്യം വിട്ടത് വ്യക്തമായ ബോധ്യത്തോടെയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതിനിടെ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയും കോടതി മുൻപാകെ കക്ഷി ചേരാന്‍ അപേക്ഷ നൽകിയിട്ടുണ്ട്.