തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങള്‍ നടപ്പാക്കുന്നത് ചർച്ച ചെയ്യാനായി മന്ത്രി വിളിച്ചുചേർത്ത യോഗം നിരാശാജനകമെന്ന് വുമണ്‍ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). ഹേമ കമ്മിറ്റിയുടെ നിർദേശങ്ങളും കണ്ടെത്തലുകളും പരസ്യപ്പെടുത്തണമെന്ന് ഡബ്ല്യുസിസി ആവർത്തിച്ചു.
റിപ്പോർട്ടിന്മേൽ സാംസ്കാരിക വകുപ്പ് തയാറാക്കിയ നിർദേശങ്ങൾ എന്ത് അടിസ്ഥാനത്തിലാണെന്ന് പറയാതെ എങ്ങനെ മനസിലാകുമെന്ന് ബീന പോളും പത്മപ്രിയയും ചോദിച്ചു. സോഷ്യൽ മീഡിയയിലൂടെയുള്ള ഓഡിഷന് നിയന്ത്രണം ഏർപ്പെടുത്തും, ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവർമാരെ നിയമിക്കരുത്, തുല്യവേതനം ഉറപ്പാക്കും തുടങ്ങിയവയാണ് സാംസ്കാരിക വകുപ്പ് തയാറാക്കിയ കരട് വ്യവസ്ഥകള്‍.
നിർദേശങ്ങൾ കണ്ടാൽ പല സംശയങ്ങളും ഉണ്ടാകും. സമിതി നിർദേശങ്ങളിലേക്കും ശുപാർശയിലേക്കും എത്തിയതിന്‍റെ അടിസ്ഥാനമെന്തെന്ന് അറിയണം. പല കാര്യങ്ങളിലും വ്യക്തതയില്ല. നിർദേശങ്ങൾ എങ്ങനെ നടപ്പിലാക്കാൻ കഴിയുമെന്നതിലും വ്യക്തതയില്ല. മറ്റ് സംഘടനകളും സംശയം ഉന്നയിച്ചിട്ടുണ്ട്. അതേ സമയം ചർച്ചയ്ക്ക് വിളിച്ചത് പോസിറ്റീവ് സമീപനമാണെന്നും ഡബ്ല്യുസിസി അറിയിച്ചു.