രാജ്യത്തെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ ജന്മദിനമാണ് ശിശുദിനമായി ആഘോഷിക്കുന്നത്. കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ദിനങ്ങളിലൊന്നാണ് ശിശുദിനം. ശിശുദിനത്തോടനുബന്ധിച്ച് നിരവധി പരിപാടികളാണ് സ്‌കൂളുകളില്‍ നടന്നത്.
ഈ ദിവസം കുട്ടികള്‍ക്കൊപ്പം ആഘോഷമാക്കാന്‍ മാതാപിതാക്കളും അധ്യാപകരും ചെയ്യേണ്ടത് ജീവിത മൂല്യങ്ങള്‍ക്കൊപ്പം വിനോദവും ഉള്‍പ്പെടുത്തി അവര്‍ക്ക് നല്ല പാഠങ്ങള്‍ പകര്‍ന്ന് നല്‍കുകയാണ്. എല്ലാ പ്രായത്തിലുമുള്ളവർക്ക് ഇഷ്‌ടപ്പെടുന്നതും കുട്ടികള്‍ക്ക് പ്രചോദനമാകുന്നതുമായ ബോളിവുഡിലെ അഞ്ച് സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം.
താരെ സമീന്‍ പര്‍ : കുട്ടികള്‍ക്ക് മാത്രമല്ല മാതാപിതാക്കള്‍ക്കും ജീവിത മൂല്യങ്ങള്‍ പകര്‍ന്നുനല്‍കുന്ന സിനിമയാണിത്. പഠനത്തില്‍ പിന്നിലായതിനെ തുടര്‍ന്ന് ബോര്‍ഡിങ്ങിലേയ്‌ക്ക് അയയ്ക്കപ്പെടുന്ന കുട്ടിയുടെ കഥയാണ് സിനിമ പറയുന്നത്. ഡിസ്‌ലെക്‌സിയ എന്ന പഠന വെല്ലുവിളി നേരിടുന്ന കുട്ടിയുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി സഹായിക്കാനെത്തുന്ന അധ്യാപകനായാണ് ആമിര്‍ ഖാന്‍ വേഷമിടുന്നത്.
കോയി മില്‍ ഗയ : 90 കാലഘട്ടങ്ങളിലെ കുട്ടികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ചിത്രമാണിത്. കുട്ടികളുമൊത്ത് കണ്ടിരിക്കാന്‍ പറ്റിയ സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് കോയി മില്‍ ഗയ. മാനസിക വെല്ലുവിളി നേരിടുന്ന രോഹിത് അന്യഗ്രഹ ജീവിയായ ജാദുവുമായി സൗഹൃദം സ്ഥാപിക്കുന്നതാണ് പ്രമേയം. രോഹിത് നേരിടുന്ന മാനസിക വെല്ലുവിളികളെ മറികടക്കാന്‍ സഹായിക്കുകയും പ്രത്യേക കഴിവ് നല്‍കുകയും ചെയ്യുന്ന ജാദുവിന്‍റെ കഥ കുട്ടികളില്‍ കൗതുകമുണര്‍ത്തുന്നതാണ്.
ഭൂത് നാഥ് : ഹൊറര്‍-കോമഡി ഗണത്തില്‍പ്പെടുന്ന ഭൂത് നാഥ് തുടക്കം മുതല്‍ അവസാനം വരെ കുട്ടികള്‍ക്കൊപ്പം ആസ്വദിക്കാനാകുന്ന ചിത്രമാണ്. ആത്മാവുമായി സൗഹൃദത്തിലാകുന്ന ബങ്കു എന്ന പേരുള്ള കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ആത്മാവായി എത്തുന്നത് ബോളിവുഡിന്‍റെ ബിഗ്ബി അമിതാബ് ബച്ചനാണ്.
ഇരുവരും ചേര്‍ന്ന് കുസൃതികള്‍ കാട്ടുന്നതും ചിത്രത്തിന്‍റെ രസകരമായ ഭാഗങ്ങളിലൊന്നാണ്. നീണ്ട നാളത്തെ സൗഹൃദത്തിനൊടുവില്‍ തന്നെ വിട്ട് പോകാന്‍ ഭൂത് നാഥിന് സമയമായി എന്ന ബങ്കു തിരിച്ചറിയുന്ന നിമിഷം പ്രേക്ഷകരെ കണ്ണീരിലാഴ്‌ത്തുന്നു. സത്യസന്ധനായ സുഹൃത്ത് ഒരിക്കലും നമ്മെ വിട്ട് പിരിയില്ല എന്ന സന്ദേശം ചിത്രം നല്‍കുന്നു. ഭൂത് നാഥ് ബങ്കുവിന്‍റെ മുഖത്ത് ചിരിപടര്‍ത്തുന്ന നിമിഷം കുട്ടികളുടെയും മുഖത്ത് ചിരി വിരിയുമെന്നത് തീര്‍ച്ചയാണ്.
ചില്ലാര്‍ പാര്‍ട്ടി : സൗഹൃദവും ജീവിതത്തിലെ ബന്ധങ്ങളും എങ്ങനെ കാത്തുസൂക്ഷിക്കണം എന്ന് പറയുന്ന സിനിമയാണ് ചില്ലാര്‍ പാര്‍ട്ടി. ഒരു കൂട്ടം സുഹൃത്തുക്കള്‍ തങ്ങളുടെ സംഘത്തെ വിളിക്കുന്ന പേരാണ് 'ചില്ലാര്‍ പാര്‍ട്ടി'. തെരുവുനായ്‌ക്കളെ പിടികൂടാന്‍ വേണ്ടി നടപ്പിലാക്കുന്ന പുതിയ നിയമത്തിനെതിരെ സുഹൃത് സംഘം ഒന്നിച്ചുപൊരുതുന്നതാണ് കഥ. നിതേഷ് തിവാരി, വികാസ് ബാല്‍ എന്നിവര്‍ സംവിധാനം ചെയ്‌ത ചിത്രം കുട്ടികള്‍ക്കുള്ള സിനിമ വിഭാഗത്തില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്.
സ്റ്റാന്‍ലി കാ ഡബ്ബ : എല്ലാ പ്രായത്തിലുമുള്ളവർക്ക് ഒരുപോലെ ആസ്വദിക്കാന്‍ സാധിക്കുന്ന മികച്ച കോമഡി ചിത്രമാണ് സ്‌റ്റാന്‍ലി കാ ഡബ. കുട്ടികളുടെ ഭക്ഷണം പിടിച്ചുവാങ്ങി കഴിക്കുന്ന അത്യാഗ്രഹിയായ അധ്യാപകന്‍റെയും നാലാം ക്ലാസുകാരനായ സ്‌റ്റാന്‍ലി എന്ന വിദ്യാര്‍ഥിയുടെയും കഥയാണ് ചിത്രം പറയുന്നത്. ടിഫിന്‍ ബോക്‌സ് കൊണ്ടുവരികയോ അല്ലെങ്കില്‍ പഠനം നിര്‍ത്തുകയോ ചെയ്യുക എന്ന ഒപ്‌ഷനാണ് സ്‌റ്റാന്‍ലിക്ക് അധ്യാപകന്‍ നല്‍കുന്നത്. സ്റ്റാന്‍ലി ഇതിനെ എങ്ങനെ നേരിടുന്നുവെന്നതാണ് ചിത്രം പറയുന്നത്. മിടുക്കനായ സ്‌റ്റാന്‍ലിയുടെ കഥാപാത്രം കുട്ടികള്‍ക്ക് പ്രചോദനമാകുമെന്നത് തീര്‍ച്ചയാണ്.