കൊച്ചി: ഹനാൻ (Hanan) എന്ന പേര് മലയാളികൾ മറക്കാനിടയില്ല. ജീവിത ചിലവിനുള്ള പണം കണ്ടെത്താൻ സ്‌കൂള്‍ യൂണിഫോം ധരിച്ച് മത്സ്യവില്‍പന നടത്തിയ ഹനാനെ ഒരുകാലത്ത് മലയാളികൾ നെഞ്ചേറ്റിയിരുന്നു. ഏത് വെല്ലുവിളിയേയും നേരിടാനുള്ള ഹനാന്‍റെ ധൈര്യത്തേയും ആത്മവിശ്വാസത്തേയും മലയാളികള്‍ വാനോളം പുകഴ്‌ത്തി.
എന്നാല്‍ പിന്നീട് പലതവണയായി സൈബര്‍ ആക്രമണങ്ങള്‍ക്ക് ഹനാന്‍ പാത്രമായി. ഇപ്പോഴിതാ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കും പരിഹാസങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും എതിരെ രംഗത്തെത്തിയിരിക്കുകയാണ് ഹനാൻ. സര്‍ക്കാരിന്‍റെ ദത്തുപുത്രി എന്നുവിളിച്ച് തന്നെ കളിയാക്കുന്നവർക്കും മറുപടി നൽകുകയാണ് ഹനാൻ. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഹനാന്‍റെ പ്രതികരണം (Hanan Facebook post).
വ്‌ളോഗും പരസ്യങ്ങളും ട്രേഡിങ്ങും വഴി കിട്ടുന്ന വരുമാനത്തിലാണ് താന്‍ ജീവിക്കുന്നതെന്നും എന്നാൽ പലരും താൻ പഴയ നിലയിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും ഹനാന്‍ കുറിപ്പില്‍ പറയുന്നു. സര്‍ക്കാര്‍ ചിലവില്‍ ദത്തുപുത്രി സുഖിക്കുന്നു എന്ന് വിലയിരുത്തുന്നതിന് മുമ്പ് അതിന്‍റെ സത്യാവസ്ഥ മനസിലാക്കണമെന്ന് കുറിച്ച ഹനാൻ ധനസഹായമോ തനിക്ക് തരാമെന്ന് പറഞ്ഞ വീടോ സര്‍ക്കാരില്‍നിന്ന് സ്വീകരിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
ഹനാന്‍റെ ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:
'നീ ചിരിക്കരുത് നിൻ്റെ ചിരി ഭംഗി ഇല്ല എന്ന് പറയുന്നു ഒരു വിഭാഗം. എങ്ങെനെ എങ്കിലും പച്ച പിടിച്ചു മുന്നോട്ടു പോകാൻ ശ്രമിക്കുമ്പോൾ നിനക്കു ചേരുന്നത് പഴയ ജോലിയാണ്. വന്ന വഴി ഒന്നു തിരിഞ്ഞ് നടക്കുന്നത് നല്ലതാണ് എന്ന് ഉപദേശിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു വിഭാഗം. മരമോന്തയാണ് നിന്നെ ആർക്കും കണ്ടൂടാ, നിൻ്റെ ശബ്‌ദം അലോസരം ഇങ്ങനെ എത്ര മാത്രം കുത്ത് വാക്കുകൾ സഹിക്കേണ്ടി വരുന്നു ഞാൻ ഇപ്പോഴും.
ഒന്ന് മനസ് തുറന്നു ചിരിക്കാൻ ഉള്ള എൻ്റെ അവകാശത്തെ പോലും നിഷേധിക്കുന്നു. ആർക്കും ഉപദ്രവം ഇല്ലാതെ സന്തോഷം ആയി ജീവിതം മുന്നോട്ട് പോകുന്നു. എൻ്റെ പ്രവർത്തനങ്ങൾ ഇഷ്‌ടം ആയി മുഖ്യ മന്ത്രി ഒരു അവാർഡ് തന്നു എന്നല്ലാതെ മറ്റൊരു ജീവിത ചിലവും ഞാൻ സർക്കാരിൽ നിന്ന് സ്വീകരിച്ചിട്ടില്ല.
ഇപ്പോഴും വാടക വീട്ടിൽ ആണ്. സഹായം തരാം എന്ന് പറഞ്ഞ വീട് പോലും ഞാൻ വാങ്ങിയിട്ടില്ല. സർക്കാർ ചിലവിൽ ദത്ത് പുത്രി സുഖിക്കുന്ന് എന്ന് വിലയിരുത്തുന്നതിനും മുമ്പ് ദയവ് ചെയ്‌ത് അതിൻ്റെ സത്യാവസ്ഥ ഒരു വിവരാവകാശം എഴുതി ചോദിക്കൂ എല്ലാവരും.
- " class="align-text-top noRightClick twitterSection" data="">
വ്ളോഗ് ചെയ്‌തും നിരവധി കമ്പനികൾക്ക് പരസ്യങ്ങൾ ചെയ്‌തും ട്രേഡിംഗ് വഴിയും കിട്ടുന്ന വരുമാനത്തിൽ സ്വന്തം കാലിൽ നിന്ന് അന്തസായി തന്നെയാണ് ഞാൻ ജീവിക്കുന്നത്. ആരോടും കൈ നീട്ടി അല്ല. അഥവാ എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ തന്നെ നോക്കാൻ വീട്ടിൽ ഒരു അനിയൻ കുട്ടൻ ഉണ്ട്. ചില സുഹൃത്തുക്കളും ഉണ്ട്.
എന്നെ ഇങ്ങനെ ഇട്ട് ചൂഷണം ചെയ്യരുത്. സഹിക്കുന്നതിന് ഒരു പരിധി ഉണ്ട്. അഞ്ച് വർഷം മുമ്പ് കഷ്‌ടപ്പെട്ട കാലത്ത് പിടിച്ചു നിൽക്കാൻ മീൻ വിറ്റു ഉപജീവനം കണ്ടെത്തി എന്ന് കരുതി പഴയതിലും മെച്ചപ്പെട്ട ജോലിയും നല്ല ജീവിത സാഹചര്യവും കണ്ടെത്തിയതിൽ എന്തെങ്കിലും തെറ്റുണ്ടോ???????'.