ജെയ്‌സ് ജോസ്, ബിബിൻ ജോർജ്, ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗുമസ്‌തൻ'. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഇന്നിതാ 'ഗുമസ്‌തൻ' സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചതായി അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ (Gumasthan Movie Shooting Started).
വിജയദശമി ദിനമായ ചൊവ്വാഴ്‌ച (ഒക്‌ടോബർ 24) 'ഗുമസ്‌തൻ' സിനിമയ്‌ക്ക് അണിയറ പ്രവർത്തകർ ആരംഭം കുറിച്ചിരിക്കുകയാണ്. കോട്ടയം കിടങ്ങൂരിൽ ആണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും ചലച്ചിത പ്രവർത്തകരും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിൽ സംവിധായകൻ അമൽ കെ ജോബിയുടെ പിതാവ് ജോബി തോമസ് ഭദ്രദീപം തെളിയിച്ചാണ് ഷൂട്ടിങ്ങിന് ആരംഭം കുറിച്ചത്.
![Jaise Jose and Bibin George starrer Gumasthan ഗുമസ്‌തൻ സിനിമയ്‌ക്ക് തുടക്കം ഗുമസ്‌തൻ ജെയ്‌സ് ജോസും ബിബിൻ ജോർജും പ്രധാന വേഷങ്ങളിൽ ജെയ്‌സ് ജോസ് ബിബിൻ ജോർജ് ദിലീഷ് പോത്തൻ A Brutal criminal beyond the law നിയമങ്ങൾക്കപ്പുറമുള്ള ക്രൂരനായ കുറ്റവാളി Gumasthan Bibin Georges New Movie Gumasthan](https://etvbharatimages.akamaized.net/etvbharat/prod-images/24-10-2023/19846696_gumasthan-movie-shooting-started.png)
തുടർന്ന് നന്ദു പൊതുവാൾ സ്വിച്ചോൺ കർമവും കുടമാളൂർ രാജാജി ഫസ്റ്റ് ക്ലാപ്പും നൽകി. ജെയ്‌സ് ജോസാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്. നിയമങ്ങൾക്കപ്പുറമുള്ള ക്രൂരനായ കുറ്റവാളി (A Brutal criminal beyond the law) എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രം എത്തുന്നത്. മുസാഫിർ പ്രൊഡക്ഷൻസാണ് ഈ ചിത്രത്തിന്‍റെ നിർമാണം.
![Jaise Jose and Bibin George starrer Gumasthan ഗുമസ്‌തൻ സിനിമയ്‌ക്ക് തുടക്കം ഗുമസ്‌തൻ ജെയ്‌സ് ജോസും ബിബിൻ ജോർജും പ്രധാന വേഷങ്ങളിൽ ജെയ്‌സ് ജോസ് ബിബിൻ ജോർജ് ദിലീഷ് പോത്തൻ A Brutal criminal beyond the law നിയമങ്ങൾക്കപ്പുറമുള്ള ക്രൂരനായ കുറ്റവാളി Gumasthan Bibin Georges New Movie Gumasthan](https://etvbharatimages.akamaized.net/etvbharat/prod-images/24-10-2023/19846696_-gumasthan-movi.png)
വർഷങ്ങളോളം നിയമജ്ഞരോടൊപ്പം പ്രവർത്തിച്ചു പോന്ന ഒരു ഗുമസ്‌തന്‍റെ കൗശലവും കുതന്ത്രങ്ങളും പ്രമാദമായ ഒരു കേസിനെ നിർണായകമായ വഴിത്തിരിവുകളിലേക്ക് നയിക്കുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. നീതിപാലകരും നിയമജ്ഞരും ഒരുപോലെ മാറ്റുരക്കുന്ന ഈ ചിത്രം കേസന്വേഷണത്തിന്‍റെ വേറിട്ട തലങ്ങൾ കാഴ്‌ചക്കാർക്ക് സമ്മാനിക്കുന്നു.
ജെയ്‌സ് ജോസ് ആണ് ഈ ചിത്രത്തിലെ 'ആൻഡ്രൂസ് പള്ളിപ്പാടൻ' എന്ന ഗുമസ്‌തനെ അവതരിപ്പിക്കുന്നത്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ അഭിനേതാവാണ് ജെയ്‌സ് ജോസ്. 'ഗുമസ്‌ത'നിലെ 'ആൻഡ്രൂസ് പള്ളിപ്പാടൻ' എന്ന കഥാപാത്രം ജെയ്‌സ് ജോസിന്‍റെ സിനിമ കരിയറിൽ നിർണായകമായ വഴിത്തിരിവിന് ഇടമൊരുക്കുമെന്നാണ് കരുതുന്നത്.
പുതുമുഖം നീമ മാത്യുവാണ് ഈ ചിത്രത്തിലെ നായിക. ബിബിൻ ജോർജ്, ദിലീഷ് പോത്തൻ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡോ. റോണി രാജ്, അസീസ് നെടുമങ്ങാട്, കൈലേഷ്, മഖ്‌ബൂൽ സൽമാൻ, ഷാജു ശീധർ, പ്രശാന്ത് അലക്‌സാണ്ടർ, ഉണ്ണി ലാലു, ഐഎം വിജയൻ, ആദിൽ ഇബ്രാഹിം, ആനന്ദ് റോഷൻ, ഫൈസൽ മുഹമ്മദ്, ജോയ് ജോൺ ആന്‍റണി, ടൈറ്റസ് ജോൺ, ജീമോൻ ജോർജ്, സ്‌മിനു സിജോ, ബിന്ദു സഞ്ജീവ്, വിജി മാത്യൂസ്, സുധീഷ് തിരുവമ്പാടി എന്നിവരാണ് 'ഗുമസ്‌തനി'ൽ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
റിയാസ് ഇസ്‌മത്താണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. കുഞ്ഞുണ്ണി എസ് കുമാർ ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റർ അയൂബ് ഖാൻ ആണ്. ബി കെ ഹരിനാരായണന്‍റെ വരികൾക്ക് സ്റ്റീഫൻ ദേവസിയാണ് ഈണം പകരുന്നത്. ബിനോയ് എസ് പ്രസാദ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു.
കലാസംവിധാനം - രജീഷ് കെ സൂര്യ, മേക്കപ്പ് - റഹിം കൊടുങ്ങല്ലൂർ, കോസ്റ്റ്യൂം ഡിസൈൻ - ഷിബു പരമേശ്വരൻ, പ്രൊജക്‌ട് ഡിസൈൻ - നിബിൻ നവാസ്, അസോസിയേറ്റ് ഡയറക്‌ടർ - അമൽദേവ് കെ ആർ, ലൈൻ പ്രൊഡ്യുസർ - ലിജിൻ നവാസ്, പ്രൊഡക്ഷൻ കൺട്രോളർ - നന്ദു പൊതുവാൾ, ഫോട്ടോ - അമൽ അനിരുദ്ധൻ, പിആർഒ - വാഴൂർ ജോസ് എന്നിവർ ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരാണ്. കിടങ്ങൂർ, ഏറ്റുമാനൂർ, പാലക്കാട് എന്നിവിടങ്ങളിൽ ആയി ഗുമസ്‌തൻ സിനിമയുടെ ചിത്രീകരണം പൂർത്തിയാകും.