ന്യൂഡൽഹി: ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായി ഗുജറാത്തി ചിത്രം ലാസ്റ്റ് ഫിലിം ഷോ (ചെല്ലോ ഷോ). പാൻ നളിൻ സംവിധാനം ചെയ്‌ത ചിത്രം റോബർട്ട് ഡിനീറോയുടെ ട്രിബേക്ക ഫിലിം ഫെസ്റ്റിവലിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്. സ്‌പെയിനിലെ 66-ാമത് വല്ലാഡോലിഡ് ഫിലിം ഫെസ്റ്റിവലിലെ ഗോൾഡൻ സ്പൈക്ക് ഉൾപ്പെടെ വിവിധ അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിൽ ഒന്നിലധികം അവാർഡുകളും ചിത്രം നേടിയിട്ടുണ്ട്.
ആർആർആർ, കശ്‌മീര്‍ ഫയൽസ്, റോക്കട്രി തുടങ്ങിയ വമ്പൻ ചിത്രങ്ങളെ പിന്തള്ളിയാണ് ലാസ്റ്റ് ഫിലിം ഷോ ഓസ്‌കാറിലേക്കെത്തുന്നത്. ഗുജറാത്തിന്‍റെ പടിഞ്ഞാറൻ മേഖലയിൽ സിനിമയോട് അടങ്ങാത്ത സ്‌നേഹമുള്ള ഒൻപത് വയസുകാരനായ സമയ്‌യുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യയിലെ സിനിമാശാലകൾ സെല്ലുലോയ്‌ഡിൽ നിന്ന് ഡിജിറ്റലിലേക്കുള്ള മാറ്റത്തിന് സാക്ഷ്യം വഹിക്കുന്ന പശ്ചാത്തലത്തിലാണ് കഥ ഒരുക്കിയിരിക്കുന്നത്
ഭവിൻ രബാരിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വികാസ് ബട്ട, റിച്ച മീന, ഭാവേഷ് ശ്രീമാലി, ദിപെൻ റാവൽ, രാഹുൽ കോലി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. റോയ് കപൂർ ഫിലിംസിന്‍റെ ബാനറിൽ സിദ്ധാർഥ് റോയ് കപൂർ ആണ് ചിത്രത്തിന്‍റെ നിർമാണം. സിനിമ ഒക്ടോബർ 14ന് ഗുജറാത്തിലും രാജ്യത്തുടനീളമുള്ള തെരഞ്ഞെടുത്ത സ്‌ക്രീനുകളിലും റിലീസ് ചെയ്യും.
അതേസമയം തങ്ങളുടെ സിനിമയെ ഇന്ത്യയുടെ ഓസ്‌കർ എൻട്രിയായി തെരഞ്ഞെടുത്തതിൽ അതിയായ സന്തോഷമുണ്ടെന്ന് സംവിധായകൻ പാൻ നളിനും നിർമാതാവ് സിദ്ധാർഥ് റോയ് കപൂറും പറഞ്ഞു. ഈ ചിത്രത്തിലൂടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ അഭിമാനമുണ്ടെന്നും പങ്കാളികളായ സാമുവൽ ഗോൾഡ്‌വിൻ ഫിലിംസിന്‍റെയും ഓറഞ്ച് സ്റ്റുഡിയോയുടെയും പിന്തുണയോടെ ഓസ്‌കറിൽ മികച്ച പങ്കാളിത്തം നടത്തുമെന്നും ഇരുവരും വ്യക്‌തമാക്കി.