മുംബൈ(മഹാരാഷ്‌ട്ര): വിഖ്യാത സംവിധായകൻ സത്യജിത് റേയുടെ പഥേർ പാഞ്ചാലിയെ എക്കാലത്തെയും മികച്ച ഇന്ത്യൻ ചിത്രമായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് (ഫിപ്രസി) പ്രഖ്യാപിച്ചു. മികച്ച പത്ത് ചിത്രങ്ങളിൽ അടൂർ ഗോപാലകൃഷ്‌ണന്‍റെ എലിപ്പത്തായവും ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സിനിമ ചരിത്രത്തിലെ മികച്ച പത്ത് ചിത്രങ്ങളാണ് ഫിപ്രസി തിരഞ്ഞെടുത്തത്.
റിത്വിക് ഘട്ടക്ക് സംവിധാനം ചെയ്‌ത ബംഗാളി ചിത്രം മേഘേ ധാക്ക താര, മൃണാൾ സെന്നിന്‍റെ ഭുവൻ ഷോം (ഹിന്ദി), ഗിരീഷ് കാസറവള്ളിയുടെ (കന്നട) ഘടശ്രാദ്ധം, എം.എസ്.സത്യുവിന്‍റെ ഗർം ഹവ (ഹിന്ദി), റേയുടെ 1964-ൽ പുറത്തിറങ്ങിയ ചാരുലത (ബംഗാളി), ശ്യാം ബെനഗലിന്റെ അങ്കുർ (ഹിന്ദി), ഗുരുദത്തിന്‍റെ 1954-ൽ പുറത്തിറങ്ങിയ പ്യാസ (ഹിന്ദി), 1975-ൽ രമേഷ് സിപ്പി സംവിധാനം ചെയ്‌ത ബ്ലോക്ക്ബസ്റ്റർ ഷോലെ (ഹിന്ദി) എന്നിവയാണ് മറ്റ് മികച്ച പത്ത് ചത്രങ്ങൾ.
ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ എഴുതിയ പഥേർ പാഞ്ചാലി എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച ചലച്ചിത്രമാണ് പഥേർ പാഞ്ചാലി. സുബിർ ബാനർജി, കനു ബാനർജി, കരുണ ബാനർജി, ഉമാ ദാസ് ഗുപ്‌ത, പിനാകി സെൻഗുപ്‌ത, ചുനിബാല ദേവി എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
1982 ഏപ്രിൽ മുപ്പതിനാണ് എലിപ്പത്തായം റിലീസ് ചെയ്യുന്നത്. ജനറൽ പിക്ചേഴ്‌സ് ആണ് നിർമ്മാതാക്കൾ. കരമന ജനാർദ്ദനൻ നായർ, ശാരദ എന്നീ പ്രഗൽഭരുടെ അഭിനയം, മങ്കട രവിവർമ്മയുടെ ഉജ്ജ്വലമായ ഛായാഗ്രഹണം, എം.ബി. ശ്രീനിവാസന്‍റെ സംഗീതം, എം. മണിയുടെ ചിത്രസംയോജനം എന്നിവ അടൂരിന്‍റെ സംവിധാനത്തോടൊപ്പം ചേർന്നപ്പോൾ ചിത്രം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയായിരുന്നു.