കലക്ഷൻ റെക്കോഡുകൾ ഭേദിച്ച് വിജയ് - ലോകേഷ് കനകരാജ് ചിത്രം 'ലിയോ' തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ്. റെക്കോഡ് തുകയാണ് ഒടിടി ഇനത്തിൽ ലഭിച്ചതെന്ന് നിർമാതാവ് ലളിത് കുമാർ നേരത്തെ പറഞ്ഞിരുന്നു. നെറ്റ്ഫ്ളിക്‌സാണ് ചിത്രത്തിന്‍റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. നവംബർ 21ന് ചിത്രം ആഗോളതലത്തിൽ ഒടിടി സ്‌ട്രീമിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
തിയേറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ തന്നെ ലിയോയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വാർത്ത ഇടിവി ഭാരത് റിപ്പോർട്ട് ചെയ്‌തിരുന്നു. സിനിമയുടെ സർപ്രൈസ് എലമെന്‍റുകൾ നഷ്‌ടപ്പെടുത്തുന്ന ഇത്തരം പ്രവണതകൾ പ്രേക്ഷകർക്കോ സിനിമയ്‌ക്കോ ഗുണം ചെയ്യുന്ന ഒന്നല്ല. എന്നാൽ ഇത് തിരിച്ചറിയാതെ പല രംഗങ്ങളും മൊബൈൽ ഫോണിൽ റെക്കോഡ് ചെയ്‌ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. വരുംകാല സിനിമകളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നതിൽ തർക്കമുണ്ടാകില്ല.
ലക്ഷക്കണക്കിനോളം വരുന്ന ഇത്തരം പോസ്റ്റുകൾ പെട്ടെന്ന് നീക്കം ചെയ്യുക എന്നുള്ളതും പ്രായോഗികമല്ല. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇത്തരം ദൃശ്യങ്ങളിൽ രസകരമായ ഒരു കാര്യമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ചിത്രത്തിൽ പാർഥിപന്‍റെ (വിജയ്) കോഫി ഷോപ്പിലെ ബിൽ കൗണ്ടറിൽ മേശപ്പുറത്ത് ഒരു ക്യു ആർ കോഡ് സ്ഥാപിച്ചിരിക്കുന്നതായി കാണാം. സോഷ്യൽ മീഡിയയിലാകെ ഈ രംഗത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൗതുകം എന്തെന്നാൽ ഈ രംഗത്ത് കാണുന്ന ക്യു ആർ കോഡ് ഫ്രെയിം ഫ്രീസ് ചെയ്‌ത ശേഷം യുപിഐ ആപ്പിലൂടെ സ്‌കാൻ ചെയ്‌ത് പണം നൽകുന്നതാണ് ആരാധകരുടെ പുതിയ വിനോദം.
സാധാരണ സിനിമയിൽ ഉപയോഗിക്കുന്ന ഇത്തരം ക്യു ആർ കോഡുകൾ ഡമ്മി ആകാനാണ് സാധ്യത. എന്നാൽ ഇവിടെ അങ്ങനെയല്ല. പണമയക്കൽ ട്രെന്‍റിങ് ആയതോടെ എല്ലാവരിലും ഇത് കൗതുകമുണർത്തി. സത്യാവസ്ഥ മനസിലാക്കാൻ സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ച സ്‌ക്രീൻഷോട്ട് ഉപയോഗിച്ച് ഒരു ശ്രമം നടത്തിയപ്പോൾ ആണ് കാര്യം വ്യക്തമായത്.
ക്യു ആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ മൺസൂർ അഹമ്മദ് ഹജാം എന്ന വ്യക്തിയുടെ അക്കൗണ്ട് തെളിഞ്ഞുവരുന്നത് കാണാം. ഇതിലേക്ക് പണം അയക്കുന്നതിന് മുന്നോടിയായി യുപിഐ ആപ്പുകൾ ഒരു മുന്നറിയിപ്പ് തരുന്നുണ്ട്. നിങ്ങളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാനോ മറ്റുതരത്തിൽ നിങ്ങളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യാനോ സാധ്യതയുണ്ട് എന്നതാണ് ഈ മുന്നറിയിപ്പ്.
പേയ്‌മെന്‍റ് നൽകാൻ പോകുന്ന അക്കൗണ്ട് യഥാർഥമാണോ എന്ന് ഉറപ്പില്ല. സ്വന്തം റിസ്‌കിൽ വേണമെങ്കിൽ പണം അയക്കാം, അത്ര തന്നെ. കാര്യം കേൾക്കുവാനും കാണാനും രസമാണെങ്കിലും ഇത്തരം കാര്യങ്ങൾക്കു മുതിരുമ്പോൾ പ്രായോഗികമായി ചിന്തിക്കാൻ ശ്രമിക്കുമല്ലോ. സൂക്ഷിച്ചാൽ ദുഃഖിക്കണ്ട!