Durga Krishna reacts on Dileep case: കുറ്റക്കാരനല്ലെങ്കില്‍ ദിലീപിനൊപ്പം സിനിമ ചെയ്യുമെന്ന് നടി ദുര്‍ഗ കൃഷ്‌ണ. നടിയുടെ ഏറ്റവും ഒടുവിലായി പ്രദര്‍ശനത്തിനെത്തിയ 'ഉടല്‍' എന്ന ചിത്രത്തിന്‍റെ വാര്‍ത്താസമ്മേളനത്തിലായിരുന്നു നടിയുടെ പ്രതികരണം. ദിലീപിന്‍റെ ഭാഗത്ത് തെറ്റില്ലെങ്കില്‍ അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യുമെന്ന് പറഞ്ഞ നടി അതിജീവിതയെക്കുറിച്ചും പ്രതികരിച്ചു.
'അതിജീവിത തങ്ങളെ പോലുള്ള നിരവധി പേര്‍ക്ക് പ്രചോദനമാണെന്നാണ് ദുര്‍ഗ കൃഷ്‌ണ പറഞ്ഞത്. എല്ലാ പെണ്‍കുട്ടികള്‍ക്കും അതിജീവിത ഒരു പ്രചോദനമാണ്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ സിനിമയിലേയ്‌ക്ക് വരുന്ന സമയത്താണ് ആ പ്രശ്‌നം ഉണ്ടാകുന്നത്. പല അവസ്ഥകളിലും മിണ്ടാതിരിക്കേണ്ട അവസ്ഥ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. ഇന്‍ഡസ്‌ട്രിയിലും അല്ലാതെയും. ആ വ്യക്തി നമ്മളെ പോലെ എല്ലാവര്‍ക്കും ഒരു പ്രചോദനമാണ്.
Durga Krishna about Dileep: സിനിമയുടെ കഥ എന്താണോ അത് നോക്കി സിനിമ ചെയ്യും. അദ്ദേഹത്തിന്‍റെ ഭാഗത്ത് തെറ്റില്ലെങ്കില്‍ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ലല്ലോ.തെറ്റുണ്ടോ ഇല്ലയോ എന്നറിയില്ല. തെറ്റുണ്ടെങ്കില്‍ തെറ്റ് ചെയ്‌തവര്‍ ശിക്ഷിക്കപ്പെടട്ടെ. നല്ല സിനിമയും കഥാപാത്രവും ആണെങ്കില്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ വച്ച് ഒഴിവാക്കില്ല' - ദുര്‍ഗ കൃഷ്‌ണ പറഞ്ഞു.
Durga Krishna reacts on Vijay Babu case: വിജയ് ബാബു വിഷയത്തിലും നടി പ്രതികരിച്ചിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയത് മോശമാണെന്നും അത് ചെയ്യാന്‍ പാടില്ലെന്നുമായിരുന്നു ദുര്‍ഗയുടെ പ്രതികരണം. പീഡന കേസ് സംബന്ധിച്ച് കോടതി വിധി വരുംവരെ ഒരാളെ ന്യായീകരിച്ചോ തള്ളിപ്പറഞ്ഞോ ഒരഭിപ്രായം പറയുന്നില്ലെന്നും നടി വ്യക്തമാക്കി.
Also Read: വിജയ് ബാബു അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു : ദുര്‍ഗ കൃഷ്‌ണ
'വിജയ് ബാബു കേസില്‍ ആരുടെ ഭാഗത്താണ് തെറ്റെന്ന് എനിക്കറിയില്ല. തെറ്റുകാരനാണ് എന്ന് എവിടെയും പ്രൂവ് ചെയ്‌തിട്ടില്ല. അതല്ലാതെ ഒരാളെ കുറ്റം പറഞ്ഞിട്ട്, പിന്നീട് അയാള്‍ തെറ്റ് ചെയ്‌തിട്ടില്ലെന്ന് അറിയുമ്പോള്‍ നമ്മളിരുന്ന് വിഷമിക്കേണ്ടി വരും. എനിക്ക് കൃത്യമായി ധാരണയുള്ള വിഷയങ്ങളില്‍ ഞാന്‍ അത് തുറന്നുപറയാറുമുണ്ട്. വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയത് മോശമാണ്. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു ' - ദുര്‍ഗ കൃഷ്‌ണ പറഞ്ഞു.
Udal release: ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്‌ണ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രതീഷ് രഘുനന്ദനാണ് 'ഉടലി'ന്‍റെ സംവിധാനം. മെയ് 20നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ജൂഡ് ആന്‍റണി ജോസഫും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തിയിരുന്നു. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മാണം. മനോജ് പിള്ള ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിര്‍വഹിച്ചു. വില്യം ഫ്രാന്‍സിസ് ആണ് സംഗീതം.
ഒരു കുടുംബ കഥയാണ് ചിത്രം പറഞ്ഞത്. കുടുംബത്തിന് വേണ്ടി ജീവിക്കുന്ന ഒരു മലയോര കുടിയേറ്റ കര്‍ഷകന്‍റെ കഥയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഇന്ദ്രന്‍സാണ് സിനിമയില്‍ കുടിയേറ്റ കര്‍ഷകനായെത്തിയത്. ഒരു കണ്ണിന് കാഴ്‌ചയില്ലാതെയെത്തിയ അദ്ദേഹത്തിന്‍റെ കഥാപാത്രം ഇതിനകം ഏറെ പ്രശംസ നേടിയിട്ടുണ്ട്.