ഹൈദരാബാദ്: ബോളിവുഡ് താരരാജാവായ ഷാരൂഖ് ഖാന്‍റെ പിറന്നാൾ ദിനത്തിൽ ആരാധകരെ കാത്തിരിക്കുന്നത് ഒരു സ്‌പെഷ്വൽ സർപ്രൈസാണ്. ആഗോളതല ബോക്‌സ് ഓഫിസില്‍ 1000 കോടിയിലധികം നേടിയിരുന്ന ജവാൻ, പത്താൻ തുടങ്ങിയ ബാക്ക്-ടു-ബാക്ക് ബ്ലോക്ക് ബസ്‌റ്ററുകൾ സമ്മാനിച്ച കിങ് ഖാൻ വീണ്ടും ഒരു വമ്പൻ ഹിറ്റിനായിട്ടാണ് ഈ തവണയും തയ്യാറെടുക്കുന്നത് (Dunki Teaser To Be Out On Shah Rukh Khans Birthday).
രാജ്‌കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന തന്‍റെ ക്രിസ്‌മസ് റിലീസായ ഡങ്കിയിലൂടെയാണ് മൂന്നാമത്തെ ഹിറ്റിനായി അദ്ദേഹം ഒരുങ്ങുന്നത്. ഇന്ത്യൻ സിനിമയിലെ രണ്ട് ഇതിഹാസ പ്രതിഭകളായ എസ്ആർകെയും രാജ്‌കുമാർ ഹിരാനിയും തമ്മിലുള്ള ഈ കൂട്ടുക്കെട്ട് ബോക്‌സ് ഓഫിസിൽ തരംഗമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഷാരൂഖ് ഖാന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് 2023 നവംബർ 2 ന് ഡങ്കിയുടെ ആദ്യ ടീസർ ഡിജിറ്റൽ അരങ്ങേറ്റം കുറിക്കും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകർക്കായുളള ഷാരൂഖിന്‍റെ ഒരു സമ്മാനമാണ് ഈ ടീസർ.
അതേസമയം ഷാരൂഖ് ഖാൻ തന്‍റെ ആരാധകർക്കായി മുംബൈയിൽ ഒരു പ്രത്യേക ജന്മദിന പരിപാടി സംഘടിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. ഈ ജന്മദിന പരിപാടിയിൽ ആരാധകർക്ക് സൂപ്പർ സ്‌റ്റാറിനൊപ്പം ടീസർ കാണാനുള്ള ഒരു സുവർണ്ണാവസരവും ഒരുക്കുന്നുണ്ട്.
അതേസമയം ഡങ്കിയുടെ ടീസറിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്‍റെ യു സർട്ടിഫിക്കേഷനാണ് ലഭിച്ചിട്ടുളളത്. റെഡ് ചില്ലീസ് എന്റർടൈൻമെന്‍റും രാജ്‌കുമാർ ഹിരാനി ഫിലിംസും ജിയോ സ്‌റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ഡങ്കി.
ഇതിനോടകം നിർമ്മാതാക്കൾ രണ്ട് ടീസർ പതിപ്പുകളാണ് തയ്യാറാക്കിയിട്ടുളളത്. ഒന്ന് ഒരു മിനിറ്റിൽ താഴെയും മറ്റൊന്ന് രണ്ട് മിനിറ്റിന് അടുത്തുമാണ്. അതേസമയം നവംബർ 2 ന് ഏത് പതിപ്പാണ് പുറത്തിറക്കുകയെന്നത് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്‌കുമാർ ഹിരാനി സൃഷ്‌ടിച്ച ലോകത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ് ഈ ടീസറിലൂടെ ലക്ഷ്യമിടുന്നത്. ഷാരൂഖിന്‍റെ മറ്റൊരു വശം ഡങ്കിയിലൂടെ വാഗ്‌ദാനം ചെയ്യുന്നുമുണ്ട്.
ഈ പുതു ചിത്രം പ്രേക്ഷകർക്ക് ഒരു ക്രിസ്‌മസ് ട്രീറ്റായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സൽമാൻ ഖാനും കത്രീന കൈഫും അഭിനയിച്ച ടൈഗർ 3യ്‌ക്കൊപ്പം ടീസർ ലോകമെമ്പാടുമുള്ള സിനിമാശാലകളിൽ പ്രദർശിപ്പിക്കും.
വരും ആഴ്‌ചകളിൽ ടീം അനാച്ഛാദനം ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രൊമോഷണൽ അസറ്റുകളുടെ ഒരു പരമ്പരയുടെ തുടക്കം മാത്രമാണ് ഡങ്കി ടീസർ. അതേസമയം അനധികൃത കുടിയേറ്റത്തിന്‍റെ പശ്ചാത്തലത്തിലാണ് ഡങ്കി ചിത്രം ഒരുക്കിയത്. ഷാരൂഖിനെ കൂടാതെ ചിത്രത്തിൽ തപ്‌സി പന്നുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നിരവധി ശ്രമങ്ങൾക്ക് ശേഷം ഷാരൂഖും ഹിരാനിയും തമ്മിലുള്ള ആദ്യ കൂട്ടുക്കെട്ടിനെ അടയാളപ്പെടുത്തുക കൂടിയാണ് ചിത്രത്തിൽ. ഡങ്കിയുടെ ലോകമെമ്പാടുമുള്ള റിലീസ് 2023 ഡിസംബർ 21 വ്യാഴാഴ്‌ച തിയേറ്ററുകളിൽ എത്തും.