ഹൈദരാബാദ് : സിനിമാലോകത്ത് പ്രത്യേക ഫാൻ ബേസുള്ള സംവിധായകനാണ് ലോകേഷ് കനകരാജ് (Lokesh Kanagaraj). എണ്ണം പറഞ്ഞ സിനിമകളിലൂടെ തന്‍റേതായ ഒരു 'യൂണിവേഴ്‌സ്' ഒരുക്കാൻ ലോകേഷിന് ഇതിനോടകം ആയിട്ടുണ്ട്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ ((Lokesh Cinematic Universe)) നിന്ന് പുറത്തുവന്നിട്ടുള്ള സിനിമകളെല്ലാം തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.
എന്നാല്‍ ലോകേഷിന്‍റെ ഒരു പ്രഖ്യാപനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പത്ത് സിനിമകൾക്ക് ശേഷം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് അവസാനിപ്പിക്കുമെന്നാണ് സംവിധായകൻ പറയുന്നത്. ഒറ്റരാത്രികൊണ്ട് പ്രശസ്‌തിയിലേക്ക് ഓടിക്കയറുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലായിരിക്കാം. എന്നാൽ കാലക്രമേണ ആ പ്രശസ്‌തി ചോരാതെ നിലനിർത്തുക എന്നത് അത്ര എളുപ്പമല്ല.
പുതിയ സിനിമകളുമായി നിരന്തരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നതിനും ആവർത്തന വിരസതയില്ലാത്ത സിനിമ അനുഭവം അവർക്ക് സമ്മാനിക്കുന്നതിനും സവിശേഷവും അസാധാരണവുമായ കഴിവ് ആവശ്യമാണ്. തമിഴ് ചലച്ചിത്ര ലോകത്ത് ലോകേഷ് കനകരാജിനെ വ്യത്യസ്‌തനാക്കുന്നതും ഇത് തന്നെയാണ്. തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകനില്‍ നിന്ന് പ്രേക്ഷകർക്ക് ലഭിക്കുക പത്ത് സിനിമകളാവും.
അടുത്തിടെ, ഒരു അഭിമുഖത്തിലാണ് തനിക്ക് ദീർഘകാല പദ്ധതികളൊന്നുമില്ലെന്നും വളരെക്കാലം സിനിമാലോകത്തോട് ചേർന്നുനിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ലോകേഷ് വെളിപ്പെടുത്തിയത്. 'ഒരുപാട് വലിയ സിനിമകൾ ചെയ്‌ത് ഇവിടെത്തന്നെ തുടരണമെന്ന പദ്ധതിയൊന്നുമില്ല. ഇതൊക്കെ പരീക്ഷിച്ച് നോക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ഹ്രസ്വചിത്രങ്ങൾ എടുത്ത് തുടങ്ങുന്നത്. ഈ മാധ്യമത്തിലൂടെ ആളുകളുമായി ബന്ധപ്പെടാനാകുമെന്ന് മനസിലാക്കിയതോടെയാണ് അത് പ്രൊഫഷനായി സ്വീകരിച്ചത്' - ലോകേഷ് പറഞ്ഞു.
'ഈ സ്ഥലത്ത്' കൂടുതൽ കാലം പിടിച്ചുനിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സിനിമാപ്രപഞ്ചം (Lokesh Cinematic Universe) കെട്ടിപ്പടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് സമ്മതിച്ച ലോകേഷ്, തന്നെ അത് ചെയ്യാൻ അനുവദിച്ചതിന് നിർമ്മാതാക്കൾക്കും താരങ്ങൾക്കും നന്ദി പറഞ്ഞു.
'ഇപ്പോൾ ഈ യൂണിവേഴ്സ് പരീക്ഷിച്ചതിനും കൂടെ വര്‍ക്ക് ചെയ്‌ത അഭിനേതാക്കള്‍, നിർമാതാക്കൾ എന്നിവർക്കാണ് നന്ദി പറയേണ്ടത്. കാരണം അത്ര എളുപ്പത്തില്‍ സംഭവിക്കുന്ന ഒന്നായിരുന്നില്ല അത്, ഒരുപാട് സങ്കീർണതകൾ ഉണ്ട്. എല്ലാ നടന്മാര്‍ക്കും അവരുടേതായ ഫാന്‍ ബേസ് ഉണ്ട്. അതുകൊണ്ട് എല്ലാവരെയും ഒരു സിനിമയില്‍ കൊണ്ടുവരുന്നത് ശ്രദ്ധയോടെ ആയിരിക്കും''- ലോകേഷ് പറഞ്ഞു.
തന്‍റെ അടുത്ത ചിത്രം വിജയ് (Vijay) നായകനാകുന്ന 'ലിയോ'യുടെ (Leo) നിർമാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർത്താതെയുള്ള ഷൂട്ടിങ് ആയിരുന്നെന്നും പരിശ്രമങ്ങൾ ഫലം കണ്ടെന്നും അദ്ദേഹം പറഞ്ഞു. 'വിജയ്‌ക്ക് ഇനി ഒരു പത്തുദിവസത്തെ ഷൂട്ട് കൂടി 'ലിയോ'യിൽ ബാക്കിയുണ്ട്. വിജയ്‌ക്കൊപ്പം 3 വർഷത്തെ യാത്രയാണ് ഈ സിനിമ. ഈ വർഷങ്ങളിൽ തങ്ങൾ 4 - 5 നരേഷൻസ് നടത്തിയിരുന്നു. വിജയ് സർ നൽകിയ സ്പേസ് ഇല്ലെങ്കിൽ അത് സാധ്യമാകുമായിരുന്നില്ല' - ലോകേഷ് പറഞ്ഞു.
ലളിത് കുമാറിന്‍റെ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസും ജഗദീഷ് പളനിസ്വാമിയുടെ ദ റൂട്‌സും ചേര്‍ന്നാണ് ലിയോ നിർമിക്കുന്നത്. ഒരു പക്കാ ആക്ഷന്‍ ചിത്രമായിരിക്കും 'ലിയോ' എന്ന് സംവിധായകൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതേസമയം 'ലിയോ'യും 'കെെതി, വിക്രം' എന്നീ സിനിമകളെ പോലെ ലോകേഷ് കനകരാജ് യുണിവേഴ്സിൽ ഉൾപ്പെടുമോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. എന്നാല്‍ ഇതിനുള്ള ഉത്തരം പിന്നീട് അറിയിക്കുമെന്നായിരുന്നു ലോകേഷിന്‍റെ മറുപടി. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, മിഷ്‌കിന്‍, ഗൗതം മേനോന്‍, ബാബു ആന്‍റണി, മാത്യു തോമസ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
നേരത്തെ 'മാസ്റ്റർ' റിലീസായ വേളയില്‍ മറ്റൊരു വിജയ് ചിത്രം സംവിധാനം ചെയ്യാൻ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് ലോകേഷ് പറഞ്ഞിരുന്നു. "മാസ്റ്റർ അവസാനിപ്പിക്കുമ്പോൾ ഞങ്ങൾ വീണ്ടും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് എനിക്കറിയാമായിരുന്നു. ദളപതി വിജയുമായി ഞാൻ വളരെ കംഫർട്ടബിളാണ്" - ചിത്രീകരിക്കുന്ന രംഗങ്ങൾ എത്ര തീവ്രമാണെങ്കിലും മുഴുവൻ സെറ്റും വളരെ റിലാക്‌സ്ഡ് ആയിരിക്കുമെന്നും ലോകേഷ് പറഞ്ഞിരുന്നു.
ALSO READ: Leo Update: 'നിങ്ങള്‍ റെഡിയാണോ..?', 'നാ റെഡി...'; ദളപതി ആരാധകര്‍ക്ക് വമ്പന്‍ പിറന്നാള്‍ സമ്മാനം
പൂജ അവധികളോടനുബന്ധിച്ച് ഈ വർഷം ഒക്‌ടോബര്‍ 19നാണ് 'ലിയോ' തിയേറ്ററുകളില്‍ എത്തുക. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. റെക്കോർഡ് തുകയ്‌ക്കാണ് ശ്രീ ഗോകുലം മൂവീസ് വിതരണാവകാശം സ്വന്തമാക്കിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയ്‌ക്ക് വിതരണത്തിന് എത്തുന്ന ഇതരഭാഷ ചിത്രമായിരിക്കും 'ലിയോ' എന്നാണ് റിപ്പോർട്ടുകൾ. വിജയ്‌യുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 22ന് 'ലിയോ'യിലെ ആദ്യ ഗാനമായ 'നാ റെഡി' റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.