ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായി 2015 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു 'നിക്കാഹ്'. ഈ സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്ന സംവിധായകനാണ് ആസാദ് അലവിൽ. സംവിധായകനായും സഹസംവിധായകനായും മുപ്പതോളം സിനിമകളുടെ ഭാഗമാവാൻ ആസാദ് അലവിലിന് ഇതിനോടകം സാധിച്ചു. 'അസ്‌ത്രാ'യാണ് ആസാദ് ഏറ്റവും ഒടുവിലായി സംവിധാനം ചെയ്‌ത ചിത്രം. ഈ സിനിമ തിയേറ്ററുകളിൽ മികച്ച പ്രകടനമാണ് കാഴ്‌ചവയ്‌ക്കുന്നത്.
ഇപ്പോഴിതാ തന്‍റെ തുടക്കകാലത്തെ ചില അനുഭവങ്ങൾ ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ് ആസാദ് അലവിൽ (director Azad Alavil shares memories with Mammootty). മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടിക്കൊപ്പമുള്ള ഒരു അനുഭവമാണ് ആസാദിന്‍റെ ഓർമകളിൽ നിറഞ്ഞുനിൽക്കുന്നത്. മമ്മൂട്ടി നായകനായ ഗാനഗന്ധർവ്വൻ എന്ന ചിത്രത്തിന്‍റെ സെറ്റിലാണ് സംഭവം. ഈ സിനിമയുടെ സഹസംവിധായകനായിരുന്നു ആസാദ്.
'ഗാനഗന്ധർവൻ' ചിത്രത്തിലെ മമ്മൂക്കയുടെ ഫസ്റ്റ് ലുക്ക് എക്‌സ്‌ക്ലൂസീവായി പുറത്തുവിടാൻ ആയിരുന്നു അണിയറക്കാർ തീരുമാനിച്ചിരുന്നത്. പക്ഷേ ചിത്രീകരണം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മമ്മൂക്കയുടെ ലുക്ക് സോഷ്യൽ മീഡിയയിൽ ലീക്കായി. ഇതാര് ചെയ്‌തെന്നായി മമ്മൂട്ടി ഉൾപ്പടെയുള്ളവരുടെ ചോദ്യം.
ഗാനഗന്ധർവന്‍റെ സെറ്റിൽ ഉടനീളം ഒരു മൊബൈൽ ഫോണും കയ്യിൽ പിടിച്ച് എല്ലാം ചിത്രീകരിക്കുന്ന സ്വഭാവം ആസാദ് അലവിന് ഉണ്ടായിരുന്നു. കണ്ടിന്യുറ്റി ശ്രദ്ധിക്കുന്നതിന്‍റെ ഭാഗമായാണ് ആസാദ് മൊബൈൽ ഫോണും കൊണ്ട് ലൊക്കേഷൻ ആകെ കറങ്ങി നടന്നത്. ലുക്ക് പുറത്തുപോയതിൽ രോഷാകുലനായി സെറ്റിലേക്ക് കയറിവന്ന മമ്മൂക്ക പെട്ടെന്ന് മൊബൈൽ ഫോണും ആയി നിൽക്കുന്ന ആസാദിനെ ശ്രദ്ധിച്ചു.
പിന്നാലെ ഇവനാണ് എന്‍റെ ഫസ്റ്റ് ലുക്ക് പുറത്താക്കിയതെന്ന് പറഞ്ഞ് ആസാദിനോട് മമ്മൂട്ടി ദേഷ്യപ്പെട്ടു. മമ്മൂട്ടിയുടെ പെട്ടെന്നുള്ള 'കയർക്കലി'ൽ ശരിക്കും വിയർത്തുപോയെന്ന് ആസാദ് പറയുന്നു. പിന്നെ ടോയ്‌ലെറ്റിൽ പോയി കരഞ്ഞതിന് ശേഷമാണ് വീണ്ടും സെറ്റിലേക്ക് മടങ്ങി എത്തിയതെന്നും അദ്ദേഹം ഓർത്തെടുത്തു.
എന്നാൽ ആസാദ് അല്ല അത് ചെയ്‌തെന്ന് മമ്മൂട്ടിയ്‌ക്ക് അറിയാമായിരുന്നു. പിന്നീട് അദ്ദേഹം തന്നെ വിളിച്ച് സമാധാനിപ്പിച്ചെന്നും ആസാദ് പറഞ്ഞു. ഷൂട്ട് കഴിഞ്ഞ് വൈകുന്നേരങ്ങളിൽ പുറത്തേക്ക് പോകുമ്പോൾ മമ്മൂട്ടി ആസാദിന്‍റെ അടുത്ത് വരും. ഷർട്ട് പിടിച്ച് നോക്കും. പിന്നാലെ തന്‍റെ ഷർട്ട് ഒന്നും ചുളിഞ്ഞിട്ടില്ലല്ലോ എന്ന ചോദ്യവും. ജോലിയൊന്നും സെറ്റിൽ എടുക്കാറില്ലേ എന്ന് അർഥത്തിലാണ് മമ്മൂട്ടിയുടെ കളിയാക്കലെന്നും സ്‌നേഹമുള്ളവരോട് അത് മമ്മൂട്ടി പ്രകടിപ്പിക്കുന്ന രീതിയാണിതെന്നും ആസാദ് അലവിൽ കൂട്ടിച്ചേർത്തു.
അതേസമയം നിക്കാഹിന് ശേഷമുള്ള ആസാദ് അലവിലിന്‍റെ ആസ്‌ത്രാ മികച്ച പ്രതികരണമാണ് നേടുന്നത്. സംവിധാന സഹായിയായി അൻവർ, ഗാനഗന്ധർവ്വൻ തുടങ്ങി വിവിധ സിനികളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സുരേഷ് ഗോപി നായകനായ ലാപ്ടോപ്പിൽ ആണ് അദ്ദേഹം ആദ്യമായി സംവിധാന സഹായി ആയി പ്രവർത്തിക്കുന്നത്.
മാക്‌ട 2005 കാലഘട്ടത്തിൽ നടത്തിയ കോഴ്‌സ് പൂർത്തിയാക്കിയതാണ് തനിക്ക് സിനിമ ലോകത്തേക്കുള്ള വഴി തുറന്ന് കിട്ടാൻ കാരണമായതെന്നും ആസാദ് പറഞ്ഞു. അക്കാലത്ത് മാക്‌ടയുടെ കോഴ്‌സിൽ തനിക്ക് സ്കോളർഷിപ്പ് സ്‌പോൺസർ ചെയ്‌തത് നടൻ സുരേഷ് ഗോപിയാണെന്നും ആസാദ് പറഞ്ഞു. പിന്നീട് സിനിമയിലേക്ക് എത്തിയപ്പോഴും തുടക്കം സുരേഷ് ഗോപിക്കൊപ്പം ആയിരുന്നെന്നും അദ്ദേഹത്തെ വച്ച് സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും ആസാദ് അലവിൽ കൂട്ടിച്ചേർത്തു.
READ ALSO: സ്‌ത്രീശബ്‌ദത്തിൽ പാടി റിയാസ് നർമകല ; 'കട്ട സപ്പോർട്ടു'മായി സെന്തിൽ കൃഷ്‌ണയും പാഷാണം ഷാജിയും