വിവാദങ്ങൾ അവസാനിക്കാതെ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (ഐഎഫ്എഫ്കെ). തന്‍റെ സിനിമകൾ ഒരു മിനിറ്റ് പോലും കാണാതെ ജൂറി തിരസ്‌കരിച്ചു എന്ന പരാതിയുമായി സംവിധായകൻ ഷിജു ബാലഗോപാലൻ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ സംവിധായകനായ അനിൽ തോമസും ചലച്ചിത്ര അക്കാദമിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ് (Director Anil Thomas against IFFK).
തന്‍റെ സിനിമയായ 'ഇതുവരെ' ജൂറി കണ്ടില്ലെന്ന് തെളിവുകൾ സഹിതമാണ് അനിൽ തോമസ് ആരോപിച്ചത്. ഫേസ്‌ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഫെസ്റ്റിവലിന് അയച്ച അനിൽ തോമസിന്‍റെ 'ഇതുവരെ' എന്ന സിനിമ കണ്ടില്ലെന്ന ആരോപണം ഉന്നയിച്ചപ്പോൾ ബഫറിങ് ഉള്ളതുകൊണ്ട് ഡൗൺലോഡ് ചെയ്‌തു കണ്ടു എന്നാണ് ജൂറി ചെയർമാൻ വിഎം വിനു പറഞ്ഞത്.
എന്നാൽ വിമിയോ ആപ്പ് വഴി സിനിമ പങ്കുവയ്‌ക്കുമ്പോൾ അതിൽ ഡൗണ്‍ലോഡ് ഓപ്‌ഷൻ നൽകിയിരുന്നില്ലെന്ന് സംവിധായകൻ അനിൽ തോമസ് ചൂണ്ടിക്കാട്ടുന്നു. ഇനി ഡൗണ്‍ലോഡ് ചെയ്‌തു കണ്ടു എന്നാണെങ്കിൽ തന്‍റെ സിനിമയുടെ പൈറേറ്റഡ് കോപ്പി കണ്ടതിന് നഷ്‌ടപരിഹാരം തരേണ്ടി വരുമെന്നും അനിൽ തോമസ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
- " class="align-text-top noRightClick twitterSection" data="">
ഇത് ഒരു കൊള്ള സംഘമാണെന്നും സംസ്‌കാരമില്ലാത്ത വകുപ്പിന്‍റെ കീഴിൽ ചലച്ചിത്രങ്ങൾക്ക് വേണ്ടിയല്ലാത്ത അക്കാദമിയാണ് നിലവിലുള്ളതെന്നും അനിൽ തോമസ് കുറ്റപ്പെടുത്തി.
അനിൽ തോമസിന്‍റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ: 'ഇതുവരെ കണ്ടില്ല.......ഐഫ്‌എഫ്കെ (IFFK)യിൽ നൽകിയ ചിത്രം കണ്ടില്ല എന്ന് ഒരു സംവിധായകൻ പറഞ്ഞപ്പോൾ, അത് അങ്ങനെ അല്ല ചിത്രങ്ങൾ എല്ലാം ബഫറിംഗ് (buffering) പ്രശ്‌നം ഉള്ളതുകൊണ്ട് ഡൗൺലോഡ് ചെയ്‌ത് കണ്ടു എന്നാണ് ജൂറി ചെയർമാൻ വിഎം വിനു (jury chairman Sri V M Vinu) പറഞ്ഞത്.
എന്‍റെ സിനിമ ഇവർ കണ്ടില്ല, അതിനുള്ള തെളിവ് ആണ് ഞാൻ ഇവിടെ പോസ്റ്റ് ചെയുന്നത്, കേരളത്തിൽ ഇതുവരെ കണ്ടില്ല എന്നാണ് വിമിയോ ഡാറ്റ (vimeo data) നൽകുന്ന വിവരം. പിന്നെ ഇത് ഡൗൺലോഡ് ചെയ്‌ത് കണ്ടു എന്ന് കള്ളം പറഞ്ഞു വന്നാൽ എന്‍റെ പടം പൈറേറ്റഡ് കോപ്പി (pirated copy) കണ്ടതിന് നഷ്‌ടപരിഹാരം നൽകേണ്ടി വരും. കാരണം ഞങ്ങൾ നൽകിയ വിമിയോ ലിങ്കിൽ ഡൗൺലോഡ് ഓപ്‌ഷൻ ഇല്ലാ.
ഇത് ഒരു കൊള്ളസംഘമാണ്, സംസ്‌കാരമില്ലാത്ത വകുപ്പിന്‍റെ കീഴിൽ, ചലച്ചിത്രങ്ങൾക്ക് വേണ്ടി അല്ലാത്ത ഒരു അക്കാദമി, ഇത് ഉടൻ തിരുത്തി മുന്നോട്ടു പോയില്ലെങ്കിൽ...ഞാൻ തുടങ്ങും... കാരണം ഇത് ആദ്യത്തെ അനുഭവമല്ല എനിക്ക്, ഇനി പറയാനുള്ളത് പറഞ്ഞു തന്നെ പോകും, ചെയ്യാനുള്ളത് ചെയ്യുകയും ചെയ്യും.'
നേരത്തെ ഐഎഫ്‌എഫ്‌കെ വിവാദത്തില്‍ ഷിജുവിനെ പിന്തുണച്ച് ഡോ ബിജുവും രംഗത്തെത്തിയിരുന്നു. തന്‍റെ സിനിമ ജൂറി അംഗങ്ങൾ കണ്ടിട്ടില്ലെന്ന സംവിധായകൻ ഷിജു ബാലഗോപാലന്‍റെ പരാതി ഏറെ ഗൗരവമുള്ളതാണെന്ന് പറഞ്ഞ അദ്ദേഹം മഴ നനയാതിരിക്കാൻ പോലും ഐഎഫ്എഫ്കെയുടെ തിയേറ്ററുകളിൽ കയറിയിട്ടില്ലാത്ത ആളുകളെ വരെ സിനിമകൾ തെരഞ്ഞെടുക്കാനുള്ള സെലക്ഷൻ ചെയർമാൻമാർ ആക്കുന്ന സ്ഥാപനം ആണിതെന്നും പരിഹസിച്ചു.