Adoor against National Film Awards: ദേശീയ ചലച്ചിത്ര പുരസ്‌കാരം ക്രൂര വിനോദമാണെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലൃഷ്‌ണന്‍. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ ജോണ്‍ അബ്രഹാം പുരസ്‌കാര ചടങ്ങ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് നടന്ന പുരസ്‌കാര വിതരണ ചടങ്ങില്‍ 'ചെലവൂര്‍ വേണു കല: ജീവിതം' എന്ന ഡോക്യുമെന്‍ററി പ്രദര്‍ശനവും അദ്ദേഹം ഉദ്‌ഘാടനം ചെയ്‌തു.
ചടങ്ങില്‍ ദേശീയ പുരസ്‌കാരത്തെ കുറിച്ചുള്ള അടൂരിന്‍റെ വാക്കുകള്‍ മാധ്യമശ്രദ്ധ നേടുകയാണ്. 'അറിയപ്പെടുന്ന സിനിമ സംവിധായകരും നാടക പ്രവര്‍ത്തകരും ചിത്രകാരന്‍മാരും നിരൂപകരുമൊക്കെ അടങ്ങുന്ന ജൂറിയാണ് മുന്‍കാലങ്ങളില്‍ ചലച്ചിത്ര പുരസ്‌കാര നിര്‍ണയ സമിതിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആര്‍ക്കുമറിയാത്ത, അഞ്ജാതരായ ജൂറിയാണ് ഈ വികൃതിയൊക്കെ കാണിക്കുന്നത്.'
'ആരൊക്കെയോ ജൂറിയുടെ ചെയര്‍മാന്‍ ആവുന്നു. ആര്‍ക്കൊക്കെയോ പുരസ്‌കാരം കൊടുക്കുന്നു. എന്തുകൊണ്ടാണെന്ന് ചോദിക്കരുത്. എന്തുകൊണ്ടാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇതൊക്കെ അന്യായമാണെന്ന് മാത്രമെ തനിക്ക് പറയാനുള്ളൂ. സിനിമയെന്നാല്‍ വെറൈറ്റി എന്‍റര്‍ടെയിന്‍മെന്‍റ് എന്നാണ് പലരും ധരിക്കുന്നത്. സിനിമയെന്നാല്‍ സിനിമയാണ്. സിനിമ കലയാണ്.'
'ബോളിവുഡ് ആരാധകരാണ് ജൂറിയിലുള്ളവര്‍. താന്‍ വിളിച്ചപ്പോള്‍ ഒരു ബോളിവുഡ് താരം ഫോണെടുത്തുവെന്ന് അഭിമാനത്തോടെ വേദിയില്‍ പറയുന്ന കേന്ദ്രമന്ത്രി മുമ്പുണ്ടായിരുന്നു. ജൂറിയിലെ പലരും രണ്ടു സിനിമ കണ്ടപ്പോഴേക്ക് തളര്‍ന്നു പോവുന്നുവെന്നാണ് ഡല്‍ഹിയിലുള്ള ഒരു സുഹൃത്ത് പറഞ്ഞത്. സിനിമ കാണാത്തവരും സിനിമ കണ്ടാല്‍ മനസിലാവാത്തവരുമാണ് ഔദാര്യപൂര്‍വം ചിലര്‍ക്ക് മാത്രം അവാര്‍ഡ് കൊടുക്കുന്നത്. ഇതൊക്കെ തന്‍റെ ആത്മഗതം മാത്രമാണ്.'-അടൂര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു.