കരിയറില്‍ ചെയ്‌ത മൂന്ന് സിനിമകളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകനാണ് ദിലീഷ് പോത്തന്‍. മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രത്തിലൂടെ വിസ്‌മയിപ്പിച്ച സംവിധായകന്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി എന്നീ സിനിമകളിലും അത് ആവര്‍ത്തിച്ചു.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സംവിധായകനായി തെരഞ്ഞടുക്കപ്പെട്ട ദിലീഷ് പോത്തന്‍റെ നേട്ടം സിനിമാപ്രേമികളെ എല്ലാം സന്തോഷത്തിലാഴ്‌ത്തുന്നതാണ്. ഷേക്‌സ്‌പിയര്‍ നാടകമായ മാക്‌ബത്തില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് ഒരുക്കിയ ചിത്രമാണ് ജോജി.
ശ്യാം പുഷ്‌കരന്‍റെ അവലംബിത തിരക്കഥയിലാണ് ദിലീഷ് പോത്തന്‍ സിനിമ എടുത്തത്. ജോജി എന്ന അതിഗംഭീര ദൃശ്യാനുഭവത്തിലൂടെ പോത്തേട്ടന്‍ ബ്രില്യന്‍സ് സംവിധായകന്‍ വീണ്ടും കാണിച്ചുതന്നു. ഫഹദ് ഫാസില്‍ എന്ന വെര്‍സറ്റൈല്‍ ആക്‌ടറുടെ നാച്ചുറല്‍ അഭിനയം വളരെ മനോഹരമായി ഒപ്പിയെടുക്കാന്‍ ദിലീഷ് പോത്തന് ഇത്തവണയും സാധിച്ചു.
മഹേഷിന്‍റെ പ്രതികാരത്തില്‍ തുടങ്ങിയ ഫഹദ്-ദിലീഷ് കൂട്ടുകെട്ട് തൊണ്ടിമുതലും കടന്ന് ഇപ്പോള്‍ ജോജിയില്‍ എത്തിനില്‍ക്കുന്നു. ദിലീഷ് പോത്തന്‍റെ ആദ്യ സംവിധാന സംരംഭമായ മഹേഷിന്‍റെ പ്രതികാരം 47ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച ജനപ്രിയ ചിത്രത്തിനുളള അവാര്‍ഡ് നേടിയിരുന്നു.
കൂടാതെ മികച്ച മലയാള ചിത്രത്തിനുളള ദേശീയ പുരസ്‌കാരവും സിനിമ നേടി. രണ്ടാം ചിത്രമായ തൊണ്ടിമുതലും മികച്ച മലയാള ചിത്രത്തിനുളള ദേശീയ അവാര്‍ഡും കരസ്‌ഥമാക്കി. ഇപ്പോള്‍ തന്‍റെ മൂന്നാം ചിത്രത്തിലൂടെയും തിളങ്ങിനില്‍ക്കുകയാണ് സംവിധായകന്‍.
ദിലീഷ് പോത്തന് പുറമെ മികച്ച അവലംബിത തിരക്കഥയ്‌ക്കുളള പുരസ്‌കാരം ജോജിയിലൂടെ ശ്യാം പുഷ്‌കരനും നേടി. മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തിരക്കഥയ്‌ക്ക് 2016ല്‍ ശ്യാം പുഷ്‌കരന്‍ സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു. നിലവില്‍ മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളുടെ നിരയില്‍ മുന്‍നിരയിലാണ് ശ്യാം പുഷ്‌കരന്‍റെ സ്ഥാനം.
ആവാസവ്യൂഹം എന്ന ചിത്രത്തിലൂടെ കൃഷാന്ത് ആര്‍കെയാണ് ഇത്തവണ മികച്ച തിരക്കഥാകൃത്തിനുളള പുരസ്‌കാരം നേടിയത്. കൂടാതെ മികച്ച സിനിമയ്‌ക്കുളള പുരസ്‌കാരവും ആവാസവ്യൂഹം നേടി.