മുംബൈ : മകന്‍റെ പിറന്നാൾ ദിനം വികാരനിർഭരമായി ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് ബോളിവുഡ് താരം ദിയ മിർസ. ദിയ മിർസ-വൈഭവ് രേഖി ദമ്പതികളുടെ മകനായ അവ്യാൻ ആസാദിന് ഒരു വയസ് തികഞ്ഞിരിക്കുകയാണ്. മകൻ അനുഭവിച്ച ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് നടി.
'ഞങ്ങളുടെ ജീവനും അത്ഭുതവുമാണ് നീ. മാസം തികയാതെ ജനിച്ചതിനാൽ 820 ഗ്രാം ആയിരുന്നു നിന്‍റെ ഭാരം. ജനിച്ച് 36 മണിക്കൂറിന് ശേഷം നിനക്ക് നെക്രോട്ടൈസിംഗ് എന്‍ററോകോളിറ്റിസ് (NEC) ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് നിന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. 90 ദിവസത്തോളം നിന്നെ NICU-വിൽ സ്റ്റോമ ഉപയോഗിച്ച് പരിചരിച്ചു. പിന്നീട് നീ ശക്തിയും ഭാരവും നേടി.
വീണ്ടും നിന്നെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലരമണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്‌ടർ പറഞ്ഞത് ഏകദേശം 21 ദിവസം കഴിഞ്ഞേ വീട്ടിലേക്ക് മടങ്ങാൻ കഴിയൂ എന്നാണ്. എന്നാൽ നീ സർജറി കഴിഞ്ഞ് 9-ാം ദിവസം വീട്ടിലേക്ക് ഞങ്ങളോടൊപ്പം മടങ്ങി.
Also read: 'നീ എന്‍റെ എല്ലാം.. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമാണ്'; മാതൃദിനത്തില്‍ മകനൊപ്പം കാജല്‍
നിന്‍റെ ശക്തി, പ്രതിബന്ധങ്ങളെ ചെറുക്കാനുള്ള ദൃഢനിശ്ചയം എന്നിവ പ്രചോദനപ്രദമാണ്. നീ ആദ്യമായി ഉച്ചരിച്ച വാക്ക് - ടൈഗർ (കടുവ) എന്നാണ്, അതിൽ ഞങ്ങൾ ആശ്ചര്യപ്പെടുകയും സന്തോഷിക്കുകയും ചെയ്യുന്നു. നിന്നെ നന്നായി പരിചരിച്ച എല്ലാ ഡോക്‌ടർമാർക്കും നഴ്‌സുമാർക്കും നന്ദി പറയുന്നു' - താരം കുറിച്ചു.
2021 മെയ് മാസം 14നാണ് ദിയക്കും വൈഭവിനും കുഞ്ഞ് പിറന്നത്. നെക്രോട്ടൈസിംഗ് എന്ററോകോളിറ്റിസ് (NEC) : ദഹനനാളത്തിനുണ്ടാകുന്ന ഗുരുതരമായ പ്രശ്‌നമാണ്, ഇത് കൂടുതലും മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളെ ബാധിക്കുന്ന രോഗാവസ്ഥയാണ്.