സക്കീര്‍ മഠത്തിലിന്‍റെ സംവിധാനത്തില്‍ പ്രേക്ഷക പ്രിയതാരം ധ്യാന്‍ ശ്രീനിവാസൻ നായകനായി എത്തുന്ന ചിത്രം 'ജയിലര്‍' നാളെ (വെള്ളിയാഴ്‌ച) തിയറ്ററുകളിലേക്ക്. നേരത്തെ ഓഗസ്റ്റ് 10 നാണ് ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതേ പേരിലുള്ള രജനികാന്ത് ചിത്രവുമായുള്ള ക്ലാഷ് ഒഴിവാക്കാനായി അണിയറക്കാര്‍ റിലീസ് മാറ്റിവയ്‌ക്കുകയായിരുന്നു.
കേരളത്തില്‍ 85 സ്‌ക്രീനുകളിലാണ് 'ജയിലര്‍' നാളെ മുതൽ പ്രദര്‍ശനം ആരംഭിക്കുക. നാളെ ജിസിസിയിലും ചിത്രം റിലീസ് ചെയ്യപ്പെടുന്നുണ്ട്. 40 കേന്ദ്രങ്ങളിലാണ് അവിടെ ചിത്രം പ്രദർശനത്തിനെത്തുക.
ഗോൾഡൻ വില്ലേജിന്‍റെ ബാനറിൽ എൻ കെ മുഹമ്മദ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പിരീഡ് - ത്രില്ലര്‍ ജോണറിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ജയിലറുടെ വേഷത്തിലാണ് ധ്യാന്‍ ശ്രീനിവാസൻ എത്തുന്നത്. 1956-57 കാലഘട്ടത്തിൽ നടന്ന ഒരു സംഭവ കഥയാണ് ചിത്രം പറയുന്നത്.
- " class="align-text-top noRightClick twitterSection" data="">
അഞ്ച് കൊടും കുറ്റവാളികളുടെ ഒപ്പം ഒരു ബംഗ്ലാവിൽ താമസിക്കുകയും തുടർന്ന് അവരെ വച്ച് പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുകയും ചെയ്യുന്ന ജയിലര്‍ ആയി ധ്യാന്‍ എത്തുമ്പോൾ, ചിത്രം മികച്ച ഒരു ത്രില്ലർ അനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.
ദിവ്യ പിള്ള നായികയായി എത്തുന്ന ചിത്രത്തില്‍ മനോജ് കെ ജയനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീജിത്ത് രവി, ബിനു അടിമാലി, നവാസ് വള്ളിക്കുന്ന്, ഉണ്ണി രാജ്, ജയപ്രകാശ്, ശശാങ്കൻ, ടിജു മാത്യു, ബി കെ ബൈജു, ശാന്തകുമാരി, ആൻസി വിനീഷ, ബാല താരങ്ങളായ വാസുദേവ് സജീഷ് മരാർ, സൂര്യദേവ് സജീഷ് മാരാർ തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നു.
അതേസമയം രജനികാന്തിന്‍റെ ജയിലർക്കൊപ്പം തന്നെ ധ്യാനിന്‍റെ ജയിലറും റിലീസ് ചെയ്യാനായിരുന്നു അണിയറ പ്രവർത്തകർ നേരത്തെ പദ്ധതിയിട്ടിരുന്നത്. ഒരേ പേരിലുള്ള രണ്ട് ചിത്രങ്ങൾ ഒരേ ദിവസം റിലീസിനെത്തുന്നു എന്ന അപൂർവതയ്‌ക്കായിരുന്നു സിനിമാലോകം സാക്ഷ്യം വഹിക്കാനിരുന്നത്. എന്നാൽ പിന്നീട് നിർമാതാക്കൾ തീരുമാനം മാറ്റുകയായിരുന്നു.
നേരത്തെ രജനികാന്ത് ചിത്രം വരുന്നതിനാല്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന തങ്ങളുടെ ചിത്രത്തിന് കേരളത്തില്‍ പല സെന്‍ററുകളിലും തിയേറ്റര്‍ നിഷേധിക്കപ്പെടുകയാണെന്ന് ആരോപിച്ച് സംവിധായകന്‍ സക്കീര്‍ മഠത്തില്‍ രംഗത്തെത്തിയിരുന്നു. കൂടാതെ കൊച്ചിയിലെ ഫിലിം ചേംബര്‍ ഓഫിസിന് മുന്നില്‍ സക്കീര്‍ മഠത്തില്‍ ഒറ്റയാള്‍ സമരം നടത്തുകയും ചെയ്‌തിരുന്നു.
തന്‍റെ ചിത്രത്തിന് തിയേറ്റര്‍ ലഭിക്കുന്നില്ലെന്ന് കാട്ടിയായിരുന്നു സക്കീര്‍ മഠത്തിൽ സമരം നടത്തിയത്. 'ജയിലറി'ന് നിലവിൽ 40 തിയേറ്ററുകള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നതെന്നും ഇപ്പോഴത്തെ നിലയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ അതും നഷ്‌ടപ്പെടുമോ എന്നാണ് ഭയക്കുന്നതെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം തമിഴ് ജയിലര്‍ കേരളത്തിലടക്കം മികച്ച പ്രദര്‍ശന വിജയമാണ് സ്വന്തമാക്കുന്നത്. റിലീസ് ചെയ്‌ത് ഏഴ് ദിവസങ്ങൾ പിന്നിടുമ്പോള്‍ ബോക്‌സ് ഓഫിസില്‍ ചിത്രം വാരിക്കൂട്ടിയത് 450 കോടിയിലേറെ രൂപയാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തമിഴ്‌നാട്ടില്‍ ഏറ്റവും വേഗത്തില്‍ 150 കോടി കടക്കുന്ന ചിത്രമെന്ന ചരിത്ര നേട്ടവും 'ജയിലര്‍' സ്വന്തമാക്കി കഴിഞ്ഞു.
READ MORE: ഏഴാം ദിനത്തില്‍ 450 കോടി ; ബോക്‌സ് ഓഫിസില്‍ കുതിച്ച് ജയിലർ