നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ മലയാളത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. പിതാവ് ശ്രീനിവാസന്‍റെ പാതയിലൂടെയാണ് വിനീതിന് പിന്നാലെ ധ്യാനിന്‍റെയും വരവ്. അഭിനേതാവായി നിരവധി സിനിമകളില്‍ വേഷമിട്ട ധ്യാന്‍ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായത്.
തിരക്കഥ എഴുതി സംവിധാനം ചെയ്ത ആദ്യ ചിത്രം തന്നെ തിയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറി. നിവിന്‍ പോളി നായകനായ ചിത്രത്തില്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായി അഭിനയിച്ചു. അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, മല്ലിക സുകുമാരന്‍, ബിജു സോപാനം, വിനീത് ശ്രീനിവാസന്‍ ഉള്‍പ്പെടെയുളള താരങ്ങളാണ് മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.
സംവിധാനത്തിന് പുറമെ സിനിമയുടെ നിര്‍മാണ പങ്കാളികളില്‍ ഒരാള്‍ കൂടിയായിരുന്നു ധ്യാന്‍. ഫണ്‍ടാസ്റ്റിക്ക് ഫിലിംസിന്‍റെ ബാനറില്‍ അജു വര്‍ഗീസ്, വിശാഖ് സുബ്രഹ്മണ്യം, ധ്യാന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്. റൊമാന്‍റിക് കോമഡി ചിത്രമായി ഇറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമ ബോക്സോഫീസീല്‍ നിന്നും 50 കോടി കലക്ഷന്‍ നേടി.
ഷാന്‍ റഹ്മാന്‍ ഒരുക്കിയ പാട്ടുകളും റിലീസ് സമയത്ത് തരംഗമായി മാറിയിരുന്നു. എന്നാല്‍ തിയേറ്ററുകളില്‍ പൊട്ടി പൊളിഞ്ഞ് പണ്ടാരമടങ്ങുമെന്ന് താന്‍ കരുതിയ ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമയെന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ മനസുതുറന്നത്. സംവിധാനം ചെയ്ത ആദ്യ ചിത്രം തനിക്ക് ഇഷ്‌ടമല്ലെന്ന് നടന്‍ പറയുന്നു.
'ഞാന്‍ ഓടില്ല എന്ന് വിചാരിച്ച അത്യാവശ്യം പടങ്ങളൊക്കെ ഓടാതെ പോയിട്ടേയുളളൂ. എന്‍റെ പടങ്ങള്‍ പ്രത്യേകിച്ചും. ലവ് ആക്ഷന്‍ ഡ്രാമ തിയേറ്ററില്‍ പൊട്ടി പൊളിഞ്ഞ് പണ്ടാരമടങ്ങി പോകുമല്ലോ എന്ന് ഞാന്‍ തന്നെ വിചാരിച്ചിട്ടുണ്ട്. ഇന്‍റര്‍വെല്ലിന് ഇരുന്ന് എന്താ ഈ എടുത്ത് വച്ചിരിക്കുന്നേ എന്ന് വരെ ആലോചിച്ചു. കാരണം ഞാന്‍ എഴുതി വച്ചതും ഷൂട്ട് ചെയ്‌തതും വേറെയാണ്'.
'ആ പടത്തിന്‍റെ മൊത്തം പരിപാടി തന്നെ മാറിപ്പോയി. എന്നിട്ടും ആ പടം ഓടി. പൈസ കലക്‌ട് ചെയ്തു. അതിന് പ്രധാന കാരണം നയന്‍താര-നിവിന്‍ പോളി കോമ്പിനേഷന്‍ തന്നെയാണ്. ആ പടം ഇഷ്ടപ്പെട്ട കുറെ പേരുണ്ട്. ഇഷ്ടപ്പെടാത്ത എത്രയോ ആള്‍ക്കാര്‍ എന്നെ തെറിയും പറഞ്ഞിട്ടുണ്ട്. പടം ഇഷ്ടപ്പെടാത്ത ആള്‍ക്കാരില്‍ പ്രധാനപ്പെട്ട ഒരാള്‍ ഞാനായിരിക്കും', അഭിമുഖത്തില്‍ ധ്യാന്‍ വ്യക്തമാക്കി.
അതേസമയം രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത ഉടല്‍ ആണ് നടന്‍റെ പുതിയ ചിത്രം. ഇന്ദ്രന്‍സ്, ദുര്‍ഗ കൃഷ്ണ, ജൂഡ് ആന്‍റണി ജോസഫ് തുടങ്ങിയവരും സിനിമയില്‍ ധ്യാനിനൊപ്പം മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം മറ്റൊരു സംവിധാനസംരംഭം ആലോചനയിലുണ്ടെന്ന് മുന്‍പ് ധ്യാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഏത് താരത്തെ വച്ചാണ് ആ സിനിമ എന്ന് ഒന്നും നടന്‍ അറിയിച്ചില്ല.