അഭിനയ പ്രാധാന്യമുളള സിനിമകളിലൂടെ തമിഴിലെ ശ്രദ്ധേയ നടന്മാരില്‍ ഒരാളായി മാറിയ താരമാണ് ധനുഷ്. ആടുകളം, അസുരന്‍ എന്നീ സിനിമകളിലൂടെ രണ്ട് തവണയാണ് മികച്ച നടനുളള ദേശീയ ചലച്ചിത്ര പുരസ്‌കാരം ധനുഷ് സ്വന്തമാക്കിയത്. തമിഴിന് പുറമെ മറ്റ് ഭാഷകളിലും അഭിനയിച്ച താരം ഹിന്ദിയിലും തിളങ്ങി.
ദി എക്‌സ്‌ട്രാ ജേര്‍ണി ഓഫ് ഫക്കീര്‍ തമിഴ് സൂപ്പര്‍താരത്തിന്‍റേതായി ആദ്യമായി പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമാണ്. ഇപ്പോള്‍ തന്‍റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രമായ 'ദി ഗ്രേ മാന്‍' നടന്‍റേതായി റിലീസിനൊരുങ്ങുന്നു. അവഞ്ചേഴ്‌സ് സീരീസിലെ ഇന്‍ഫിനിറ്റി വാര്‍, എന്‍ഡ് ഗെയിം തുടങ്ങിയ സിനിമകള്‍ ഒരുക്കിയ റൂസോ ബ്രദേഴ്‌സാണ് സിനിമ സംവിധാനം ചെയ്യുന്നത്.
ജൂലായ് 22ന് നെറ്റ്‌ഫ്‌ളിക്‌സിലൂടെയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. 'ദി ഗ്രേ മാന്‍' ചിത്രത്തിന്‍റെ കാരക്‌ടര്‍ പോസ്‌റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ക്രിസ് ഇവാന്‍സ്, റയാന്‍ ഗോസ്‌ലിങ്, അന ഡെ അര്‍മാസ് തുടങ്ങിയ താരങ്ങളുടെ പോസ്‌റ്ററുകള്‍ മാത്രമാണ് അണിയറക്കാര്‍ ആദ്യം പുറത്തുവിട്ടത്.
റയാന്‍ ഗോസ്‌ലിങ്ങിനെ ദി അണ്‍ കാച്ചബിള്‍ എന്നും ക്രിസ് ഇവാന്‍സിനെ ദി അണ്‍ സ്‌റ്റോപ്പബിള്‍ എന്നും അനയെ അണ്‍ ട്രെയ്‌സബിള്‍ എന്നുമാണ് പോസ്റ്ററില്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഇവര്‍ക്കൊപ്പം സിനിമയില്‍ പ്രധാന റോളിലെത്തുന്ന ധനുഷിന്‍റെ പോസ്‌റ്റര്‍ ആദ്യം പുറത്തുവിടാത്തതില്‍ പ്രതിഷേധവുമായി ആരാധകര്‍ രംഗത്തെത്തി.
സംവിധായകര്‍ ഇന്ത്യന്‍ സൂപ്പര്‍താരത്തോട് വിവേചനം കാണിച്ചു എന്ന തരത്തില്‍ പോസ്‌റ്ററിന് താഴെ കമന്‍റുകള്‍ വന്നു. പോസ്‌റ്ററുകള്‍ക്ക് താഴെ ധനുഷ് എവിടെയെന്ന് ചോദിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. തുടര്‍ന്ന് മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം ദി ഗ്രേ മാനിലെ ധനുഷിന്‍റെ പോസ്‌റ്ററും സംവിധായകരായ റൂസോ ബ്രദേഴ്‌സ് പുറത്തുവിടുകയായിരുന്നു.
ലീതല്‍ ഫോഴ്‌സ് എന്ന വിശേഷണത്തോടെയാണ് ധനുഷിന്‍റെ കാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തുവിട്ടത്. നടന്‍റെ പോസ്‌റ്ററിന് പിന്നാലെ കമന്‍റ് ബോക്‌സിലെ ആരാധകരുടെ ബഹളം അടങ്ങുകയായിരുന്നു. രണ്‍വീര്‍ സിങ്, ഐശ്വര്യ ലക്ഷ്‌മി, സംയുക്‌ത മേനോന്‍ ഉള്‍പ്പടെയുളള താരങ്ങളും ആരാധകരുമെല്ലാം ധനുഷിന്‍റെ കാരക്‌ടര്‍ പോസ്‌റ്ററിനെ സ്വാഗതം ചെയ്‌തു.
സ്‌പൈ ത്രില്ലര്‍ ചിത്രമായാണ് 'ദി ഗ്രേ മാന്‍' റിലീസിനൊരുങ്ങുന്നത്. അതേസമയം തമിഴില്‍ കൈനിറയെ ചിത്രങ്ങളാണ് ധനുഷിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്നത്. തിരുച്ചിത്രമ്പലം, നാനേ വരുവേന്‍, വാത്തി, സാര്‍ തുടങ്ങിയ സിനിമകള്‍ നടന്‍റേതായി ഷൂട്ടിംഗ് പുരോഗമിക്കുന്നു.