മുംബൈ: ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം. തെലുഗു സൂപ്പർ സ്‌റ്റാർ ജൂനിയർ എൻടിആറിന്‍റെ 30-ാമത് ചിത്രം, 'എൻടിആർ 30' എന്ന പേരിൽ അറിയപ്പെട്ടിരുന്ന സിനിമയുടെ ഒഫീഷ്യൽ ടൈറ്റിൽ പുറത്തുവന്നു. 'ദേവര' എന്നു പേരിട്ടിരിക്കുന്ന ഈ ആക്ഷൻ ചിത്രത്തിൻ്റെ പോസ്‌റ്റർ ജൂനിയർ എൻടിആർ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
ജൂനിയർ എൻടിആറിന്‍റെ ജന്മദിനമായ മെയ് 20 ന് ചിത്രത്തിൻ്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇൻ്റർനെറ്റിനെയാകെ ഇളക്കി മറിക്കാൻ പാകത്തിനുള്ള പോസ്‌റ്റർ തൻ്റെ ട്വിറ്റർ, ഇൻസ്റ്റഗ്രാം പേജുകളിലൂടെ പുറത്തു വിട്ടിരിക്കുകയാണ് ജൂനിയർ എൻടിആർ. ദൈവം അല്ലെങ്കിൽ ദൈവതുല്യം എന്നർത്ഥം വരുന്ന 'ദേവര' എന്ന പേരുമായി എത്തുന്ന ചിത്രം ബിഗ് സ്‌ക്രീനിൽ തരംഗം സൃഷ്‌ടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
കൊരട്ടാല ശിവയാണ് ഈ പാൻ ഇന്ത്യൻ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. ബോക്‌സ് ഓഫിസിൽ നേട്ടം കൊയ്‌ത 'ജനത ഗാരേജി'ന് ശേഷം കൊരട്ടാല ശിവ ജൂനിയർ എൻടിആറുമായി വീണ്ടും കൈകോർക്കുന്ന ചിത്രമാണ് 'ദേവര'. ബോളിവുഡ് താരം ജാൻവി കപൂറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജാൻവിയുടെ ആദ്യ തെലുഗു ചിത്രം കൂടിയാണിത്.
കൂടാതെ ബോളിവുഡ് താരം സെയ്‌ഫ് അലി ഖാനും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിൽ ഏറെ ശൗര്യത്തോടെയും വീര്യത്തോടെയുമുള്ള എൻടിആറിനെയാണ് കാണാൻ കഴിയുക. താരത്തിൻ്റെ ലുക്ക് ഇതിനോടകം വൈറലായി കഴിഞ്ഞു. 'ഇനി കാത്തിരിക്കാനാവില്ല' എന്നാണ് ഒരു ആരാധകൻ സോഷ്യൽ മീഡിയയിൽ പോസ്‌റ്റിന് താഴെ കുറിച്ചത്. 'ശീർഷകം ഇഷ്‌ടമായി' എന്നായിരുന്നു മറ്റൊരു ആരാധകൻ്റെ പ്രതികരണം.
യുവസുധ ആർട്‌സ്, എന്‍.ടി.ആര്‍ ആർട്‌സ് എന്നിവയുടെ ബാനറിൽ മിക്കിലിനേനി സുധാകറും കോസരാജു ഹരികൃഷ്‌ണയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. നന്ദമുരി കല്യാണ്‍ റാം ആണ് 'ദേവര' പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. അടുത്ത വർഷം 2024 ഏപ്രിൽ 5 ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ആർ രത്‌നവേലു ഛായാഗ്രഹകനാകുന്ന ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ശ്രീകർ പ്രസാദ് ആണ്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. കലാസംവിധാനം നിർവഹിക്കുന്നത് സാബു സിറിൾ ആണ്.
ജൂനിയർ എൻടിആറിന്‍റെയും കൊരട്ടാല ശിവയുടെയും ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ദേവര'. മെഗാസ്റ്റാർ ചിരഞ്ജീവിയും അദ്ദേഹത്തിൻ്റെ മകൻ കൂടിയായ രാം ചരണും അഭിനയിച്ച "ആചാര്യ" ആയിരുന്നു കൊരട്ടാല ശിവയുടെ അവസാന ചിത്രം. എന്നാൽ ഈ ചിത്രം ബോക്‌സോഫിസിൽ തകർന്നടിഞ്ഞിരുന്നു.
ഈ സാഹചര്യത്തിൽ പുതിയ ചിത്രമായ 'ദേവര' കൊരട്ടാല ശിവയുടെ സിനിമ ജീവിതത്തിൽ തന്നെ നിർണായകമാണ്. ഇന്ത്യൻ ആക്ഷൻ ചിത്രങ്ങളിൽ 'ദേവര' മികച്ച സ്ഥാനം തന്നെ നേടിയെടുക്കും എന്നാണ് പ്രതീക്ഷ. ചിത്രത്തിൻ്റെ ഓരോ അപ്ഡേറ്റുകളും ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്.
ചിത്രത്തിന്‍റെ പൂജ ചടങ്ങിൻ്റെ ഫോട്ടോകളും നേരത്തെ വൈറലായിരുന്നു. ഹൈദരാബാദിൽ വച്ച് താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. ചടങ്ങിൽ വെച്ച് സംവിധായകൻ ചിത്രത്തിൻ്റെ ഇതിവൃത്തം വെളിപ്പെടുത്തുകയും ചെയ്‌തിരുന്നു. അടുത്തിടെ ചിത്രത്തിൻ്റെ കൂടുതൽ അപ്ഡേറ്റുകൾക്കായി തിരക്ക് കൂട്ടിയ ആരാധകരോടുള്ള ജൂനിയർ എൻടിആറിന്‍റെ പ്രതികരണം ചർച്ചയായിരുന്നു.
നിരന്തരം അപ്‌ഡേറ്റുകൾ ചോദിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ആരാധകരോട് അഭ്യർഥിച്ച താരം ഇത് ചിത്രവുമായി ബന്ധപ്പെട്ട അണിയറ പ്രവർത്തകരുടെ മേൽ സമ്മർദം ഇരട്ടിയാക്കുമെന്നും ചൂണ്ടിക്കാട്ടി.