ഹൈദരാബാദ്: ഹോളിവുഡിൽ നിന്ന് നേരിട്ട വംശീയ വിവേചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ദീപിക പദുക്കോൺ. 2017ൽ 'XXX: Return of Xander Cage' എന്ന ചിത്രത്തിലൂടെ ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് പടിഞ്ഞാറൻ രാജ്യങ്ങളിൽ കൂടുതൽ പ്രോജക്‌ടുകളൊന്നും ഏറ്റെടുത്തിട്ടില്ല. വിൻ ഡീസൽ, നീന ഡോബ്രെവ്, ക്രിസ് വു, റോബി റോസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആക്ഷൻ ത്രില്ലറിൽ സെറീന അങ്കർ എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിച്ചത്.
അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിലാണ് താരം ഹോളിവുഡിൽ നിന്ന് വംശീയ വിവേചനം നേരിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തിയത്. പാരീസ് ഫാഷൻ വീക്ക് 2022 ലെ ലൂയിസ് വിട്ടൺ ഷോയിൽ പങ്കെടുക്കാൻ നിലവിൽ പാരീസിലാണ് താരം. ഹോളിവുഡ് സിനിമകളിൽ താൻ എന്തുകൊണ്ടാണ് കാണാത്തതെന്ന ചോദ്യത്തിനായിരുന്നു താരം മറുപടി നൽകിയത്. വാനിറ്റി ഫെയർ പാർട്ടിയിൽ ഒരു നടനെ കണ്ടുമുട്ടിയതും നടി ഓർത്തെടുത്തു. "എനിക്ക് ഈ നടനെ അറിയാം... ഈ വാനിറ്റി ഫെയർ പാർട്ടിയിൽ വെച്ചാണ് ഞാൻ അദ്ദേഹത്തെ കണ്ടത്, 'ഹേയ്, നിങ്ങൾ ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നു' എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എന്താണ് അർഥമാക്കിയതെന്ന് എനിക്ക് മനസിലായില്ല. ഞാൻ തിരിച്ച് ചോദിച്ചു, 'നിങ്ങൾ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നത്?' ഞങ്ങൾക്ക് ഇംഗ്ലീഷ് അറിയില്ലെന്ന ധാരണ അദ്ദേഹത്തിന് ഉണ്ടായിരുന്നോ? ചിലർ പറയുന്ന കാര്യങ്ങളും ചെയ്യുന്ന കാര്യങ്ങളും ആളുകൾ തങ്ങൾ ജീവിക്കുന്ന ലോകത്തിന് പുറത്തുള്ള ലോകം അറിയാത്ത വിധം ആണെന്നും താരം പറഞ്ഞു.
നിരവധി പ്രൊജക്‌ടുകളാണ് ദീപികയ്ക്ക് വേണ്ടി അണിയറയിൽ ഒരുങ്ങുന്നത്. ഷാരൂഖ് ഖാനും ജോൺ എബ്രഹാമിനുമൊപ്പം പത്താൻ, ഹൃത്വിക് റോഷനുമൊത്തുള്ള ഫൈറ്റർ എന്നിവയാണ് താരത്തിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. 4 വർഷത്തിന് ശേഷം ഷാരൂഖ് തിരിച്ചെത്തുന്ന ചിത്രമാണ് പത്താൻ. ദി ഇന്‍റേൺ റീമേക്കിലും അമിതാഭ് ബച്ചനൊപ്പം പ്രൊജക്റ്റ് കെ എന്ന ചിത്രത്തിലും ദീപിക അഭിനയിക്കും.