മലയാള ചിത്രം ലൂസിഫറിന്‍റെ തെലുഗു റീമേക്കായ ഗോഡ്‌ഫാദര്‍ റിലീസിനൊരുങ്ങുകയാണ്. ഒക്‌ടോബര്‍ 5, ദസറ ദിനത്തിലാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. മോഹന്‍ലാലിന്‍റെ ഐക്കോണിക്ക് കാരക്‌ടറുകളില്‍ ഒന്നായ സ്റ്റീഫന്‍ നെടുമ്പള്ളിയായി തെലുഗു സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയാണ് ഗോഡ്‌ഫാദറില്‍ എത്തുന്നത്. ചിരഞ്ജീവിക്ക് പുറമെ ചിത്രത്തില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍, ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ലൂസിഫറില്‍ പൃഥ്വിരാജ് ചെയ്‌ത വേഷമാണ് ഗോഡ്‌ഫാദറില്‍ സല്‍മാന്‍ ഖാന്‍ ചെയ്യുന്നത്. മഞ്ജു വാര്യര്‍ ചെയ്‌ത കഥാപാത്രത്തെ നയന്‍താരയും അവതരിപ്പിക്കുന്നു. മികച്ച പ്രതികരണം ചിത്രത്തിന് ലഭിക്കും എന്ന പ്രതീക്ഷയിലാണ് ഗോഡ്‌ഫാദറിന്‍റെ നിര്‍മാതാക്കള്‍.
അതേസമയം സിനിമയുടെ ബജറ്റ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. 90 കോടി മുതല്‍മുടക്കിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ 45 കോടി രൂപയും സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിയുടെ പ്രതിഫലമാണ്.
ചിത്രത്തിന്‍റെ മൊത്ത ബജറ്റില്‍ പകുതിയും പ്രതിഫലമായി കൈപ്പറ്റിയാണ് ചിരഞ്ജീവി ഗോഡ്‌ഫാദറില്‍ അഭിനയിച്ചിരിക്കുന്നത്. മലയാളത്തില്‍ ലൂസിഫര്‍ നിര്‍മിച്ചിരിക്കുന്നത് ആകെ 30 കോടി രൂപ മുടക്കിയാണ്. കണക്കുകള്‍ പ്രകാരം ലൂസിഫറിന്‍റെ ആകെ നിര്‍മാണ തുകയേക്കാള്‍ മുകളിലാണ് ഗോഡ്‌ഫാദറില്‍ ചിരഞ്ജീവിയുടെ പ്രതിഫലം.
മുമ്പ് ഇറങ്ങിയ ചിരഞ്ജീവി ചിത്രങ്ങളായ സൈറ, ആചാര്യ എന്നിവ ബോക്‌സോഫിസില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഗോഡ്‌ഫാദര്‍ ചിരഞ്ജീവിക്ക് നിര്‍ണായകമാകും എന്നാണ് റിപ്പോര്‍ട്ട്. എന്നിരുന്നാലും ചിത്രത്തില്‍ ബ്രഹ്മയായി എത്തുന്ന ചിരഞ്ജീവിയുടെ പ്രകടനം കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.