യുവി ക്രിയേഷൻസിന്‍റെ ബാനറിൽ തെലുഗു സിനിമാലോകത്തെ മെഗാസ്റ്റാർ ചിരഞ്ജീവി (Chiranjeevi) നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'മെഗാ 156' ന്‍റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു (Mega 156 Title Poster Is Out). ദസറ ദിനത്തിലാണ് നിര്‍മാതാക്കള്‍ ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയത്. ത്രിശൂലവും സ്ഫോടനവും ഉള്‍ക്കൊള്ളുന്ന പശ്ചാത്തലമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ദസറ ആശംസകൾ നേര്‍ന്നുക്കൊണ്ട് മെഗാ മാസ്സ് ബിയോണ്ട് യൂണിവേഴ്‌സിനായി 'മെഗാ 156' ആരംഭിക്കുന്നു (Mega Mass Beyond Universe) എന്ന് പറഞ്ഞുകൊണ്ടാണ് നിർമ്മാതാക്കൾ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
'മെഗാ 157' എന്ന് പേര് നൽകിയിരുന്ന ചിത്രം പിന്നീട് മെഗാ 156 എന്ന് മാറ്റിയിരുന്നു. വംശി, പ്രമോദ്, വിക്രം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് ഒരു ഫാന്‍റസി ചിത്രത്തിൽ ചിരഞ്ജീവി പ്രത്യക്ഷപ്പെടുന്നത് എന്നതിനാല്‍ ആരാധകരും ആവേശത്തിലാണ്. ചിത്രത്തിന്‍റെ പ്രധാന അണിയറ പ്രവർത്തകരുടെ പേരുകളും നിർമാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്.
ചിത്രത്തിന്‍റെ തിരക്കഥ ഗന്ത ശ്രീധർ, ശ്രീനിവാസ് ഗവിറെഡ്ഡി, മയൂഖ് ആദിത്യ, നിമ്മഗദ്ദ ശ്രീകാന്ത്, മുൻ നിർമാതാവ് കാർത്തിക് ശബരീഷ് എന്നിവർ ചേർന്നാണ് തയ്യാറാക്കുന്നത്. ശ്രീ ശിവശക്തി ദത്ത, ചന്ദ്രബോസ് എന്നിവരുടെ വരികൾക്ക് 'ആർആർആർ' എന്ന ചിത്രത്തിലൂടെ അക്കാദമി അവാർഡ് കരസ്ഥമാക്കിയ എംഎം കീരവാണിയാണ് സംഗീതം നൽകുന്നത്. ഛായാഗ്രഹണം: ഛോട്ടാ കെ നായിഡു, സംഭാഷണങ്ങൾ: സായി മാധവ് ബുറ, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, സന്തോഷ് കാമിറെഡ്ഡി, പ്രൊഡക്ഷൻ ഡിസൈനർ: എ എസ് പ്രകാശ്, ലൈൻ പ്രൊഡ്യൂസർ: റാമിറെഡ്ഡി ശ്രീധർ റെഡ്ഡി, വസ്ത്രാലങ്കാരം: സുസ്‌മിത കൊനിഡേല, പിആർഒ: ശബരി.
വലിയ ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. 'ബിംബിസാര' എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ വസിഷ്‌ഠയുമായി മെഗാസ്റ്റാർ ചിരഞ്ജീവി കൈകോർക്കുമ്പോൾ മികച്ച ഒരു സിനിമാനുഭവമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. അജിത്ത് നായകനായ, തമിഴിലെ ഹിറ്റ് ചിത്രം 'വേതാള'ത്തിന്‍റെ തെലുഗു റീമേക്കായ 'ഭോലാ ശങ്കര്‍' ആണ് ചിരഞ്‍ജീവി നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ സിനിമ. ചിരഞ്‍ജീവി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ചിത്രത്തിന് എന്നാൽ തിയേറ്ററുകളില്‍ കാര്യമായ ഓളം സൃഷ്‌ടിക്കാൻ സാധിച്ചിരുന്നില്ല.
മെഹര്‍ രമേശ് സംവിധാനം ചെയ്‌ത ചിത്രം റിലീസ് ചെയ്‌ത് ആദ്യ ആഴ്‌ചയിൽ 29 കോടി രൂപയാണ് ഭോലാ ശങ്കറിന് നേടാനായത്. ചിത്രം എ കെ എന്‍റര്‍ടെയ്ന്‍മെന്‍റ്‌സിന്‍റെ ബാനറില്‍ രാമബ്രഹ്‍മം സുങ്കരയാണ് നിര്‍മിച്ചത്. കീര്‍ത്തി സുരേഷും തമന്നയും ആയിരുന്നു ചിത്രത്തിലെ നായികമാർ. ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷത്തിലാണ് കീർത്തി എത്തിയത്. ചിത്രത്തിൽ വക്കീൽ ആയാണ് തമന്ന വേഷമിട്ടത്. വെണ്ണല കിഷോർ, രശ്‌മി ഗൗതം, മുരളി ശർമ്മ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ALSO READ: ദസറ ദിനത്തില്‍ രാംചരണിന്‍റെ ഗെയിം ചേഞ്ചര്‍ പോസ്റ്റര്‍; ആദ്യ സിംഗിൾ ദീപാവലിക്ക്