തമിഴില്‍ ആക്ഷൻ എന്‍റർടെയ്‌നർ ചിത്രമായി 'അലങ്' വരുന്നു. എസ് പി ശക്തിവേൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി (Chemban Vinod Alangu first look poster). ചെമ്പൻ വിനോദ്, ഗുണനിധി, അപ്പാനി ശരത്, ശ്രീരേഖ, കാളി വെങ്കട്ട് എന്നിവരാണ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത് (Alangu cast). കൂടാതെ ഇവർക്കൊപ്പം ഒരു നായയും 'അലങ്ങി'ൽ നിർണായക സാന്നിധ്യമായുണ്ട്.
തമിഴ്‌നാട് - കേരള അതിർത്തിക്ക് സമീപം നടന്ന ചില യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. കേരളത്തിലെ രാഷ്‌ട്രീയ ഗ്രൂപ്പും തമിഴ്‌നാട്ടിലെ ആദിവാസി യുവജന സംഘവും തമ്മിലുള്ള ഏറ്റുമുട്ടലുകളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. നിരവധി ആക്ഷൻ രംഗങ്ങളാലും സമ്പന്നമാണ് ഈ ചിത്രം (Alangu coming soon).
'ഉറുമീൻ', 'പയനികൾ ഗവണിക്കവും' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എസ് പി ശക്തിവേൽ. തിയേറ്ററുകളിൽ വിജയംകൊയ്‌ത 'ഗുഡ് നൈറ്റ്' എന്ന ചിത്രത്തിന്‍റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ കൂടിയായിരുന്നു അദ്ദേഹം. എസ് പി ശക്തിവേലിന്‍റെ പുതിയ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ഡിജി ഫിലിം കമ്പനി & മാഗ്നാസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡി ശബരീഷും എസ്.എ. സംഘമിത്രയും ചേർന്നാണ് അലങ് നിർമിച്ചിരിക്കുന്നത്. ജി വി പ്രകാശും ഗൗതം വാസുദേവ് മേനോനും അഭിനയിച്ച 'സെൽഫി' എന്ന ചിത്രത്തിനു ശേഷം ഇരുവരും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് 'അലങ്'. സവിശേഷമായ ഒരു സിനിമാറ്റിക് അനുഭവം ഈ ചിത്രം സമ്മാനിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
അതേസമയം 'അലങ്' എന്ന ചിത്രത്തിന്‍റെ വേറിട്ട പേരും പ്രേക്ഷകരിൽ കൗതുകം നിറയ്ക്കുന്നുണ്ട്. ചരിത്രപരമായി, രാജരാജ ചോളന്‍റെ യുദ്ധ സേനയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് 'അലങ്' എന്ന പേര്. നിലവിൽ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഇടുക്കി, അട്ടപ്പാടി (കേരളം), തേനി, കമ്പം, ആനക്കട്ടി (തമിഴ്‌നാട്) എന്നിവിടങ്ങളിലെ നിബിഡ വന പ്രദേശങ്ങളിൽ 52 ദിവസമാണ് ഈ സിനിമയുടെ ചിത്രീകരണം നടന്നത്.
എസ് പാണ്ടികുമാർ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. എഡിറ്റിങ് സാൻ ലോകേഷും നിർവഹിക്കുന്നു. ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ സംഘട്ടനം ഒരുക്കിയത് ദിനേശ് കാശിയാണ്. അജേഷ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - ഡി ശങ്കർബാലാജി, കല - പിഎ ആനന്ദ്, ശബ്‌ദ മിശ്രണം - സുരൻജി, നൃത്തസംവിധാനം - അസ്ഹർ, ദസ്‌ത, മേക്കപ്പ് - ഷെയ്‌ഖ്, കോസ്റ്റ്യൂം ഡിസൈനർ - ജോഷ്വ മാക്‌സ്‌വെൽ, വിഎഫ്എക്‌സ് - അജാക്‌സ് മീഡിയ ടെക്, പ്രൊഡക്ഷൻ കൺട്രോളർ - അരുൺ വിച്ചു, പ്രൊഡക്ഷൻ മാനേജർ - ആർകെ സേതു, അസിസ്റ്റന്‍റ് പ്രൊഡക്ഷൻ മാനേജർ - സേട്ടു ബോൾഡ്, അഡീഷണൽ ആർട്ട് - ദിനേശ് മോഹൻ, ഡയറക്ഷൻ ടീം - വീര വിജയരംഗം, അരുൺ ശിവ സുബ്രഹ്മണ്യം, വിജയ് സീനിവാസൻ, ലിയോ ലോഗൻ, അഭിലാഷ് സെൽവമണി, സെബിൻ എസ്, ദേവദാസ് ജാനകിരാമൻ (Alangu crew).