കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന 'ചാവേർ' നാളെ (ഒക്ടോബർ 5) തിയേറ്ററുകളിലേക്ക് (Chaaver Movie Release). റിലീസിന് മുന്നോടിയായി ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 'കാവൽ നോക്കണ കാവിലെ ഭീകര ഭൂതമതേ...' എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകരുടെ ഉള്ളം കവർന്നിരിക്കുകയാണ് (Chaaver Movie First Song Out).
ചടുലമായ താളത്തിലാണ് ഗാനം. തിയേറ്ററുകളെ ത്രസിപ്പിക്കാനുള്ളതെല്ലാമായാണ് ചിത്രമെത്തുന്നതെന്ന സൂചനയാണ് ഗാനം നൽകിയിരിക്കുന്നത്. ഹരീഷ് മോഹനൻ എഴുതിയിരിക്കുന്ന വരികൾക്ക് ജസ്റ്റിൻ വർഗീസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ഗോവിന്ദ് വസന്ത, ബേബി ജീൻ, സന്തോഷ് വർമ്മ എന്നിവർ ചേർന്നാണ് ആലാപനം.
- " class="align-text-top noRightClick twitterSection" data="">
കുഞ്ചാക്കോ ബോബനെയും ആന്‍റണി വർഗീസിനെയും അർജുൻ അശോകനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രം, പാർട്ടിക്കുവേണ്ടി എന്തും ചെയ്യാൻ ഇറങ്ങി പുറപ്പെടുന്നവരുടെ ചോര മണക്കുന്ന ജീവിതം പറയുന്ന സിനിമയാണെന്നാണ് മുമ്പ് പുറത്തിറങ്ങിയ ട്രെയിലർ നൽകുന്ന സൂചന (Chaaver Movie). ഗംഭീര ദൃശ്യവിരുന്ന് തന്നെയാണ് ടിനു ഇക്കുറിയും ഒരുക്കിയിരിക്കുന്നതെന്നാണ് ഏവരുടെയും പ്രതീക്ഷ.
തങ്ങള്‍ വിശ്വസിക്കുന്ന പാർട്ടിക്കുവേണ്ടി സ്വന്തം ജീവൻ പോലും നോക്കാതെ ഇറങ്ങിപ്പുറപ്പെടുന്നവരുടെയും കൊണ്ടും കൊടുത്തും പയറ്റി തെളിഞ്ഞവരുടെയുമൊക്കെ ജീവിതം പറയുന്ന ഒരു പൊളിറ്റിക്കൽ ട്രാവൽ ത്രില്ലറാണ് സിനിമയെന്നാണ് ലഭിക്കുന്ന സൂചനകള്‍. ആദ്യ രണ്ട് സിനിമകളിലൂടെ തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി മാറ്റിയ സംവിധായകൻ ആണ് ടിനു പാപ്പച്ചന്‍. ടിനു തന്‍റെ മൂന്നാമത് ചിത്രവുമായെത്തുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമാണ്. 'ചാവേറി'നായി ആകാംക്ഷാപൂർവം കാത്തിരിക്കാൻ സിനിമ പ്രേമികളെ പ്രേരിപ്പിക്കുന്നതായിരുന്നു ചിത്രത്തിന്‍റെ ട്രെയിലർ.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും മറ്റ് രക്തരൂക്ഷിതമായ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ പശ്ചാത്തലം. ഇതുവരെ കാണാത്ത രീതിയിലുള്ള വേഷപ്പകർച്ചയിലാണ് കുഞ്ചാക്കോ ബോബനെയും അർജുൻ അശോകനെയും ആന്‍റണി വർഗീസിനെയും ജോയ് മാത്യുവിനെയുമൊക്കെ ട്രെയിലറിൽ കാണാനാകുന്നത്. അടുത്തിടെ 'ന്നാ താൻ കേസ് കൊട്' സിനിമയിലൂടെ രാജീവനായി ഞെട്ടിച്ച ചാക്കോച്ചൻ 'ചാവേറി'ൽ അശോകനായി വിസ്‌മയിപ്പിക്കുമെന്ന് ഉറപ്പിക്കാം. 'ചിന്താവിഷ്‌ടയായ ശ്യാമള'യിലൂടെ പ്രേക്ഷക മനസുകള്‍ കീഴടക്കിയ നടി സംഗീതയും വേറിട്ടൊരു ഗെറ്റപ്പിൽ സിനിമയിലെത്തുന്നുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം സിനിമയിലേക്കുള്ള സംഗീതയുടെ മടങ്ങിവരവും ചാവേറിന്‍റെ പ്രത്യേകതയാണ്. മനോജ് കെ യു, സജിൻ ഗോപു, അനുരൂപ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്.
നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയിരിക്കുന്ന തിരക്കഥയിലാണ് ടിനു പാപ്പച്ചൻ 'ചാവേർ' എടുത്തിരിക്കുന്നത്. സൂപ്പർ ഹിറ്റായ 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിൽ', 'അജഗജാന്തരം' എന്നീ സിനിമകൾക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. ഒട്ടേറെ നിഗൂഢതകളും ഉദ്വേഗജനകമായ കഥാമുഹൂർത്തങ്ങളും ത്രില്ലും സസ്പെൻസുമൊക്കെ നിറച്ചുകൊണ്ടെത്തുന്ന ചിത്രമായിരിക്കുമെന്നാണ് ഇതിനകം പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്ററും ടീസറും ഫസ്റ്റ്‍ ലുക്കും മോഷൻ പോസ്റ്ററും റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും ക്യാരക്‌ടര്‍ പോസ്റ്ററുകളുമൊക്കെ നൽകുന്ന സൂചന. ചടുലമായ ദൃശ്യങ്ങളും സംഗീതവുമൊക്കെ തിയേറ്ററുകളിൽ കാണികളെ പിടിച്ചിരുത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവയ്‌ക്കുന്ന വിവരം. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഛായാഗ്രഹണം: ജിന്‍റോ ജോർജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, ചീഫ് അസോ. ഡയറക്‌ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്: ബ്രിജീഷ് ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, വി എഫ് എക്‌സ്: ആക്‌സൽ മീഡിയ, ഡിജിറ്റൽ പി ആർ അനൂപ് സുന്ദരൻ, ഡിസൈൻസ്: മക്‌ഗുഫിൻ, പിആർഒ: ഹെയിൻസ്, ആതിര ദിൽജിത്ത്, മാർക്കറ്റിങ്: സ്നേക്ക്പ്ലാന്‍റ്.