പ്രഖ്യാപന സമയം മുതൽ തലക്കെട്ടുകളിൽ നിറഞ്ഞുനിന്നിരുന്ന ചിത്രമാണ് അയാൻ മുഖർജിയുടെ സംവിധാനത്തിലൊരുങ്ങുന്ന ബ്രഹ്മാസ്‌ത്ര. രൺബീർ കപൂറും ആലിയ ഭട്ടും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ ബജറ്റിനെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 410 കോടിയാണ് സിനിമയുടെ നിർമാണച്ചെലവ്. പബ്ലിസിറ്റിയും പ്രിന്‍റിങ്ങും ഒഴികെയുള്ള ചെലവാണിത്. ഇതോടെ ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രമാണിതെന്നാണ് ഒരു പ്രമുഖ മാധ്യമത്തിന്‍റെ റിപ്പോർട്ട് പറയുന്നത്.
2018ൽ റിലീസ് ചെയ്‌ത വൈആർഎഫിന്‍റെ തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാൻ ആണ് ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ഹിന്ദി ചിത്രം. ആമിർ ഖാനും അമിതാഭ് ബച്ചനും ഒന്നിച്ച ചിത്രത്തിന്‍റെ നിർമാണ ചെലവ് 310 കോടി രൂപയായിരുന്നു.
സിനിമയിലെ വിഎഫ്‌എക്‌സുകളാണ് ഉയർന്ന ബജറ്റിന് കാരണം. ചിത്രത്തിൽ അണിയറ പ്രവർത്തകർക്ക് മികച്ച ആത്മവിശ്വാസമാണെന്ന് വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോർട്ട് പറയുന്നു.
ഏകദേശം ഒരു ദശകത്തോളമായി ബ്രഹ്മാസ്‌ത്രയുടെ നിർമാണം തുടങ്ങിയിട്ട്. യേ ജവാനി ഹേ ദീവാനി എന്ന ചിത്രത്തിന്‍റെ നിർമാണത്തിനിടെയാണ് ഈ സിനിമയുടെ ആശയം മുന്നോട്ട് വച്ചതെന്ന് സംവിധായകൻ അയാൻ നേരത്തെ പറഞ്ഞിരുന്നു. ഏകദേശം അഞ്ച് വര്‍ഷം മുമ്പാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചത്.
ചിത്രത്തിന്‍റെ സെറ്റിൽ വച്ചാണ് ആലിയയും രൺബീർ കപൂറും പ്രണയത്തിലാകുന്നത്. തുടർന്ന് ഈ വർഷം ആദ്യം ഇരുവരും വിവാഹിതരായിരുന്നു. ജൂണിൽ ഇരുവരും മാതാപിതാക്കൾ ആകാൻ പോകുന്ന വിവരം പങ്കുവച്ചു.
അമിതാഭ് ബച്ചൻ, മൗനി റോയ്, നാഗാർജുന അക്കിനേനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഷാരൂഖ് ഖാനും ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. മൂന്ന് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗമായ 'ബ്രഹ്മാസ്‌ത്ര ഒന്നാം ഭാഗം : ശിവ' ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി സെപ്‌റ്റംബർ 9നാണ് റിലീസ് ചെയ്യുക.