വിവാഹ ശേഷം രണ്‍ബീർ കപൂർ-ആലിയ ഭട്ട് താരജോഡിയുടെതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ബ്രഹ്മാസ്‌ത്രയുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിലെ സർപ്രൈസ് പാക്കേജ് ആയി നടി മൗനി റോയിയെ അവതരിപ്പിച്ചുകൊണ്ടുള്ള പോസ്റ്ററാണ് സംവിധായകൻ അയാൻ മുഖർജി പുറത്തുവിട്ടത്.
ജുനൂൺ എന്നാണ് മൗനി റോയിയുടെ കഥാപാത്രത്തിന്‍റെ പേര്. ചിത്രത്തിലെ ജുനൂൺ ആയുള്ള മൗനി റോയിയുടെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ടായിരിക്കും പ്രേക്ഷകര്‍ ബ്രഹ്മാസ്‌ത്ര കണ്ടുകഴിഞ്ഞ് പോകുക എന്ന് മോഷൻ പോസ്റ്റർ പങ്കുവച്ച് സംവിധായകൻ കുറിച്ചു.
മിത്തോളജിക്കൽ ഫാന്‍റസി ബിഗ് ബജറ്റ് ചിത്രമായ ബ്രഹ്മാസ്‌ത്രയുടെ ട്രെയ്‌ലർ ജൂണ്‍ 15നാണ് റിലീസ് ചെയ്യുക. ഒൻപത് വർഷത്തോളമായുള്ള പ്രയത്‌നമാണ് ബ്രഹ്മാസ്‌ത്ര എന്ന് സംവിധായകൻ അയാൻ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ഏകദേശം അഞ്ച് വർഷം മുൻപാണ് ചിത്രത്തിന്‍റെ നിർമാണം ആരംഭിച്ചത്.
മൂന്ന് ഭാഗങ്ങളായി ഒരുക്കുന്ന സിനിമയുടെ ആദ്യ ഭാഗമാണ് 'ബ്രഹ്മാസ്ത്ര ഒന്നാം ഭാഗം: ശിവ'. 2022 സെപ്‌റ്റംബർ ഒമ്പതിന് വിവിധ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.