ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബോളിവുഡ് താരസുന്ദരി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ കടന്നാക്രമിച്ച് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) സമർപ്പിച്ച കുറ്റപത്രം. തട്ടിപ്പുകാരനായ വ്യവസായി സുകേഷ് ചന്ദ്രശേഖറിന്‍റെ ക്രിമിനൽ ഭൂതകാലം ജാക്വിലിന്‍ മനഃപൂര്‍വം അവഗണിച്ചുവെന്നും, സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെടുന്നത് തുടര്‍ന്നുവെന്നും തുടങ്ങിയ രൂക്ഷ വിമര്‍ശനങ്ങളോടെ ഉള്ളതാണ് ഇഡി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം. ഇതില്‍ വാദം കേട്ട ഡല്‍ഹി പട്യാല കോടതി സെപ്‌റ്റംബര്‍ 26 ന് ഹാജരാകാന്‍ സമന്‍സ് അയച്ചിരുന്നു.
ജാക്വിലിന് മാത്രമല്ല, താരത്തിന്‍റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സുകേഷുമായുള്ള ബന്ധം സാമ്പത്തികമായി പ്രയോജനം ചെയ്‌തിട്ടുണ്ടെന്ന് ഇഡി കുറ്റപത്രത്തിലൂടെ കോടതിയെ അറിയിച്ചു. പണത്തോടുള്ള മോഹം താരത്തെ ഇടപഴകുന്ന വ്യക്തിയുടെ ക്രിമിനൽ ചരിത്രം പ്രശ്‌നമല്ലെന്നതിലേക്ക് എത്തിച്ചുവെന്നും ഇഡി കോടതിയെ ധരിപ്പിച്ചു. ആരോപണവിധേയയായ ജാക്വിലിൻ ഫെർണാണ്ടസ് തനിക്കും തന്‍റെ ബന്ധുക്കൾക്കും ലഭിച്ച സമ്മാനങ്ങളുമായി ബന്ധപ്പെട്ട നിലപാട് നിരന്തരം മാറ്റിയെന്നും, തെളിവുകളും മൊഴികളും രേഖപ്പെടുത്തിയ ശേഷം മാത്രമാണ് ഇവര്‍ വിശദാംശങ്ങൾ വ്യക്തമാക്കിയതെന്നും ഇഡി കുറ്റപത്രത്തില്‍ പറഞ്ഞു. എന്നിട്ടും സുകേഷ് ഇവര്‍ക്കായി വാങ്ങി നല്‍കിയ ചില സ്വത്തുക്കൾ അവൾ നിഷേധിക്കുകയായിരുന്നുവെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇത് അന്വേഷിക്കുകയാണെന്നും ഇഡി കൂട്ടിച്ചേര്‍ത്തു.
"കുറ്റാരോപിതയായ നടിക്ക് കുറ്റകൃത്യത്തിന്‍റെ വരുമാനത്തിൽ നേരിട്ടോ അല്ലാതെയോ പങ്കുള്ളതായി കണ്ടെത്തി. കുറ്റകൃത്യത്തിന്‍റെ ഭാഗമായുള്ള വരുമാനം സമ്പാദിക്കുകയും കൈവശം വയ്‌ക്കുകയും ഉപയോഗിക്കുകയും ചെയ്‌തതായി ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായി. താരത്തിനും കുടുംബത്തിനും ലഭിച്ച ഇന്ത്യയ്‌ക്കകത്തും വിദേശത്തുമുള്ള വിലപ്പെട്ട സമ്മാനങ്ങൾ 2002 ലെ കള്ളപ്പണ നിരോധന നിയമത്തിന്‍റെ (പിഎംഎൽഎ) 3-ാം വകുപ്പിനു കീഴിലെ കള്ളപ്പണം വെളുപ്പിക്കൽ എന്ന കുറ്റം ചെയ്‌തതായി വ്യക്തമാക്കുന്നു. അത് 2002 പിഎംഎൽഎയുടെ 4 വകുപ്പ് പ്രകാരം ശിക്ഷാർഹമാണ്" എന്ന് ഇഡി കോടതിയെ അറിയിച്ചു. പിഎംഎൽഎ 2002 ലെ സെക്ഷൻ മൂന്ന് പ്രകാരം കുറ്റാരോപിതനായ ജാക്വിലിൻ ഫെർണാണ്ടസ് ഇതുവഴി അഴിമതി നിരോധന നിയമവുമായി (പിഒസി) ബന്ധപ്പെട്ട പ്രക്രിയയിലും പ്രവർത്തനത്തിലും ഉൾപ്പെട്ടിട്ടുണ്ടെന്നും ഇഡി കൂട്ടിച്ചേര്‍ത്തു.
പ്രതി സുകേഷ് ചന്ദ്രശേഖർ പട്ടികപ്പെടുത്തിയ കുറ്റകൃത്യങ്ങൾ ചെയ്‌തിട്ടുണ്ടെന്ന് അറിഞ്ഞിട്ടും, ഇതുമായി ബന്ധപ്പെട്ട വിവിധ ക്രിമിനൽ പ്രവർത്തനങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങളുടെ വരുമാനത്തിൽ നിന്നുള്ള ഭാഗം ഇന്ത്യയിലും വിദേശത്തും പ്രതികൾക്ക് നേരിട്ട് ലഭിച്ചു. ഈ സമ്പത്ത് തന്‍റെയും കുടുംബാംഗങ്ങളുടെയും ഉപയോഗത്തിനായി ജാക്വലിന്‍ സഹോദരിയുടെയും സഹോദരന്‍റെയും അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും, അച്ഛനും അമ്മയ്‌ക്കും കാര്‍ വാങ്ങുകയും ചെയ്‌തു എന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി.
ഓഗസ്‌റ്റ് 17 നാണ് 200 കോടി രൂപ തട്ടിയെടുത്ത കേസിൽ സുകേഷ് ചന്ദ്രശേഖറിനൊപ്പം ജാക്വലിൻ ഫെർണാണ്ടസിനെയും പ്രതിയാക്കി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. അതേസമയം, കേസ് അന്വേഷിക്കുന്ന ഡൽഹി പൊലീസിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ജാക്വിലിൻ ഫെർണാണ്ടസിനോട് ഓഗസ്‌റ്റ് 29 ന് ഹാജരാകാൻ അടുത്തിടെ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നിട്ടും ഹാജരാകാത്തതിനാൽ അന്വേഷണത്തിന്‍റെ ഭാഗമായി പുതിയ സമൻസ് അയച്ചതായും കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് അനുബന്ധ കുറ്റപത്രം ശ്രദ്ധയിൽപ്പെട്ട അഡീഷണൽ സെഷൻസ് ജഡ്‌ജി പ്രവീൺ സിങ് ബുധനാഴ്‌ച (31.08.2022) പ്രതി ജാക്വലിൻ ഫെർണാണ്ടസിനോട് സെപ്‌റ്റംബർ 26 ന് ഹാജരാകാൻ നിർദേശിക്കുകയായിരുന്നു.
എന്നാല്‍, അന്വേഷണത്തിൽ പങ്കെടുക്കുമെന്നും അന്വേഷണ ഏജൻസിയുമായി സഹകരിക്കുമെന്നും ജാക്വിലിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. " അന്വേഷണത്തിനായി ജാക്വിലിന്‍ ഫെർണാണ്ടസിനെ ഇഡി പലതവണ വിളിപ്പിച്ചിരുന്നു. അവര്‍ എല്ലായ്‌പ്പോഴും അന്വേഷണ ഏജൻസികളുമായി സഹകരിച്ചിട്ടുണ്ട്. ഇതുവരെയുള്ള എല്ലാ സമൻസുകളിലും ഹാജരായിട്ടുണ്ട്. അവര്‍ തന്‍റെ കഴിവിന്‍റെ പരമാവധി എല്ലാ വിവരങ്ങളും ഇഡിക്ക് കൈമാറിയിട്ടുണ്ട്" എന്നും ജാക്വിലിന്‍റെ അഭിഭാഷകന്‍ അഡ്വക്കേറ്റ് പ്രശാന്ത് പാട്ടീൽ അറിയിച്ചു.