ഹൈദരാബാദ് : മികച്ച ഡോക്യുമെന്‍ററി വിഭാഗത്തില്‍ ഓസ്‌കര്‍ നേടിയ ദി എലിഫന്‍റ് വിസ്‌പറേഴ്‌സിന്‍റെ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസിനെതിരെ ഗുരുതര ആരോപണവുമായി ചിത്രത്തിന്‍റെ ഭാഗമായ ബെല്ലിയും ബൊമ്മനും. തങ്ങള്‍ക്ക് ഒരുലക്ഷം രൂപ നല്‍കാന്‍ ഉണ്ടെന്നും പണം ആവശ്യപ്പെട്ട് ബന്ധപ്പെട്ടപ്പോള്‍ അവഗണിക്കുകയായിരുന്നുവെന്നും ബെല്ലിയും ബൊമ്മനും അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ആരോപിച്ചു. ഡോക്യുമെന്‍ററി ചിത്രീകരണ വേളയില്‍ വളരെ അടുപ്പത്തിലായിരുന്ന കാര്‍ത്തികി ഓസ്‌കര്‍ ലഭിച്ചതോടെ മറ്റൊരാളായി മാറിയെന്ന് ഇവര്‍ പറയുന്നു.
'ഡോക്യുമെന്‍ററിയുടെ ചിത്രീകരണം നടന്നുകൊണ്ടിരുന്നപ്പോള്‍ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ് ഞങ്ങളോട് വളരെ നല്ലരീതിയില്‍ തന്നെയാണ് പെരുമാറിയത്. ഒരു ദിവസം ഷൂട്ടിങ്ങിനിടയില്‍ അവര്‍ ഞങ്ങളുടെ അടുത്ത് വന്ന് വിവാഹ രംഗം ചിത്രീകരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് അറിയിച്ചു. അവരുടെ കയ്യില്‍ അതിനാവശ്യമായ പണം ഇല്ലെന്നും അതിനാല്‍ ആ പണം ഞങ്ങളോട് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു.
കൊച്ചുമകളുടെ വിദ്യാഭ്യാസത്തിനായി ബെല്ലി കരുതിവച്ചിരുന്ന പണം എടുത്ത് ഞങ്ങള്‍ കാര്‍ത്തികിക്ക് നല്‍കി. വിവാഹ സീക്വന്‍സുകള്‍ ചിത്രീകരിക്കാന്‍ ഒരുലക്ഷത്തോളം രൂപ ചെലവായി. പിന്നീട് ഞങ്ങള്‍ കാര്‍ത്തികിയെ വിളിച്ചപ്പോള്‍ പണം തിരികെ തരാമെന്ന് അവര്‍ പറഞ്ഞു. പക്ഷേ ഇന്നുവരെ അത് തിരികെ തന്നിട്ടില്ല. ഞങ്ങള്‍ അവരെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ താന്‍ തിരക്കിലാണെന്നും പിന്നീട് വിളിക്കാമെന്നും പറഞ്ഞ് കട്ട് ചെയ്‌തു' - ബെല്ലിയും ബൊമ്മനും പറഞ്ഞു.
'ഞങ്ങള്‍ കാരണമാണ് അവര്‍ക്ക് ഓസ്‌കര്‍ ലഭിച്ചത്. എന്നാല്‍ അനുമോദന ചടങ്ങില്‍ പോലും ഓസ്‌കര്‍ പിടിക്കാന്‍ അവര്‍ ഞങ്ങളെ അനുവദിച്ചില്ല. ഈ ഡോക്യുമെന്‍ററിക്ക് ശേഷം ഞങ്ങള്‍ക്ക് സമാധാനം നഷ്‌ടപ്പെട്ടു' - അഭിമുഖത്തില്‍ ബെല്ലിയും ബൊമ്മനും ആരോപിച്ചു.
അതേസമയം, ബെല്ലിയുടെയും ബൊമ്മന്‍റെയും ആരോപണങ്ങള്‍ തള്ളി ഫിലിം പ്രൊഡക്ഷന്‍ കമ്പനി രംഗത്തുവന്നു. ഇരുവരും പറയുന്നതില്‍ വാസ്‌തവമില്ലെന്നും വനംവകുപ്പിനെയും വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങളെയും അഭിനന്ദിക്കാനാണ് തങ്ങള്‍ ഇത്തരമൊരു പ്രൊജക്‌റ്റുമായി വന്നതെന്നുമാണ് അവരുടെ പ്രതികരണം.
തമിഴ്‌നാട്ടിലെ മുതുമല റിസര്‍വ് ഫോറസ്റ്റില്‍ ആനകളെ പരിപാലിക്കുന്നവരായി ജോലി ചെയ്യുന്ന ബെല്ലി-ബൊമ്മന്‍ ദമ്പതികളുടെ യഥാര്‍ഥ ജീവിതം ആസ്‌പദമാക്കിയാണ് ദി എലിഫന്‍റ് വിസ്‌പറേഴ്‌സ് എന്ന ഡോക്യുമെന്‍ററി നിര്‍മിച്ചത്. അനാഥരായ രഘു, അമ്മു എന്നീ ആനക്കുട്ടികളുടേയും അവരെ പരിപാലിക്കുന്ന ദമ്പതികളുടേയും കഥയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്‌ത ചിത്രം ഗുനീത് മോംഗയാണ് നിര്‍മിച്ചിരിക്കുന്നത്. 42 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രം 2023ലെ മികച്ച ഡോക്യുമെന്‍ററി ഹ്രസ്വചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടി.