ETV Bharat / entertainment

കാര്യം നിസാരമല്ല, മലയാളത്തിലെ ഒറ്റയാൾ പ്രസ്ഥാനം; ബാലചന്ദ്ര മേനോന് ഇന്ന് പിറന്നാൾ - ബാലചന്ദ്ര മേനോൻ പിറന്നാൾ

Balachandra Menon 70th birthday : മലയാള സിനിമയുടെ 'ഓൾ ഇൻ വൺ', എഴുത്തുകാരനും കർഷകനും...70ന്‍റെ നിറവിൽ ബാലചന്ദ്ര മേനോൻ

Balachandra Menon  ബാലചന്ദ്ര മേനോൻ  ബാലചന്ദ്ര മേനോൻ പിറന്നാൾ  birthday special
Balachandra Menon birthday
author img

By ETV Bharat Kerala Team

Published : Jan 11, 2024, 9:33 AM IST

നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് എന്നിങ്ങനെ നാലര പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ വിവിധ മണ്ഡലങ്ങളിലുണ്ട് ബാലചന്ദ്ര മേനോന്‍. സിനിമ, പത്രപ്രവർത്തനം മുതൽ ഇന്ന് ഫിലിമി ഫ്രൈഡേയ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെയും അദ്ദേഹം പ്രിയപ്പെട്ടവരിലേക്കെത്തുന്നു. ഇന്നിതാ 70 വയസിന്‍റെ നിറവിൽ എത്തിയിരിക്കുകയാണ് ബാലചന്ദ്ര മേനോന്‍ (Balachandra Menon 70th birthday today).

'സകലകലാവല്ലഭൻ', മലയാളി പ്രേക്ഷകർ പ്രിയ ചലച്ചിത്രകാരനെ ഇങ്ങനെ വിളിക്കാനാകും കൂടുതൽ ഇഷ്‌ടപ്പെടുക. സ്‌കൂൾ - കോളജ് നാടകങ്ങള്‍ മുതൽ തന്നെ അഭിനയത്തിനും സംവിധാനത്തിനും ബാലചന്ദ്ര മേനോന്‍ 'ആക്ഷൻ' വിളിച്ചിരുന്നു. പിന്നീട് സിനിമാമോഹം കടുത്തപ്പോൾ ടൈംസ് ഓഫ് ഇന്ത്യയിൽ ലഭിച്ച ആദ്യ ജോലി കളഞ്ഞ് ചലച്ചിത്ര രംഗത്തേക്ക്.

മലയാള സിനിമയിൽ 'ഒറ്റയാൾ പ്രസ്ഥാന'ത്തിന് അടിത്തറ പാകിയത് ബാലചന്ദ്ര മേനോന്‍ ആണെന്ന് പറയാം. സംവിധാനം ചെയ്യുന്നതിന് ഒപ്പം തന്നെ അഭിനയിച്ചും പാട്ടു പാടിയും മലയാള സിനിമാസ്വാദകരെ അദ്ദേഹം ഞെട്ടിച്ചു. പാശ്ചാത്യവത്കരണത്തിന്‍റെ ത്വരിത കാലത്ത് മലയാളത്തനിമയെ ഉയർത്തിക്കാട്ടുന്നവ ആയിരുന്നു ബാലചന്ദ്ര മേനോന്‍റെ സിനിമകൾ. മിക്കതും കുടുംബപ്രേക്ഷകരുടെ ഇഷ്‌ടസിനിമകളുടെ കൂട്ടത്തിൽ ഇടംപിടിച്ചു.

1978ൽ പുറത്തിറങ്ങിയ 'ഉടരാത്രി'യാണ് ആദ്യമായി സംവിധാനം ചെയ്‌ത ചിത്രം. ഈ സിനിമയ്‌ക്കായി കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയതും ബാലചന്ദ്ര മേനോൻ തന്നെയാണ്. പിന്നീട് 'രാധ എന്ന പെൺകുട്ടി', 'അണിയാത്ത വളകൾ', 'ഇഷ്‌ടമാണ് പക്ഷെ', 'കണിക', 'വൈകി വന്ന വസന്തം', 'മണിയൻ പിള്ള അഥവ മണിയൻ പിള്ള', 'പ്രേമഗീതങ്ങൾ', 'താരാട്ട്' തുടങ്ങിയ ചിത്രങ്ങൾ. മണിയൻ പിള്ള രാജുവിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്ന 'മണിയൻ പിള്ള അഥവ മണിയൻ പിള്ള'യിൽ ബാലചന്ദ്ര മേനോൻ അഭിനയിച്ചിട്ടുമുണ്ട്.

1980 മുതൽ 1990 വരെ അഭിനയത്തിലൂടെയും സംവിധാനത്തിലൂടെയും ബാലചന്ദ്ര മേനോൻ മലയാള സിനിമയ്‌ക്ക് സമ്മാനിച്ച സംഭാവനകൾ ഏറെയാണ്. ഏറ്റവും കൂടുതൽ ചിത്രങ്ങള്‍ സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്‌ത് അഭിനയിച്ചെന്ന റെക്കോർഡും ബാലചന്ദ്ര മേനോന് സ്വന്തം. ഈ സുവർണ നേട്ടത്തിലൂടെ ലിംക ബുക്ക് ഓഫ് റെക്കോർസിലും അദ്ദേഹം ഇടം പിടിച്ചു.

'സമാന്തരങ്ങൾ' എന്ന ചിത്രത്തിലെ അഭിനയത്തിന് 1998ൽ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹം നേടി. രണ്ടായിരത്തിനും അതിന് ശേഷവും പുറത്തിറങ്ങിയ 'സത്യം ശിവം സുന്ദരം, നമ്മൾ, ക്ലാസ്മേറ്റ്സ്, നമ്മൾ തമ്മിൽ, പ്രണയകാലം, കോളജ് കുമാരൻ, ഊഴം' തുടങ്ങിയ ചിത്രങ്ങളിലെ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ മലയാളികൾ എങ്ങനെ മറക്കും. സിനിമകൾ മാത്രമല്ല, ഗാനരചയിതാവായും ഗായകനായും അദ്ദേഹം പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.

ഫാസിലിനെയും പത്മരാജനെയും പോലെ ഒരുപാട് പുതുമുഖങ്ങളെയും ബാലചന്ദ്ര മേനോൻ സിനിമാലോകത്തിന് പരിചയപ്പെടുത്തി. ശോഭന, ആനി, പാർ‍വതി, കാർത്തിക, നന്ദിനി, മണിയൻപിള്ള രാജു എന്നിവർ അക്കൂട്ടത്തിൽപ്പെടും.

നിരവധി പുസ്‌തകങ്ങളുടെ രചയിതാവ് കൂടിയാണ് ഇദ്ദേഹം. 'അമ്മയാണെ സത്യം' ആണ് ബാലചന്ദ്ര മേനോൻ രചിച്ച ആദ്യ പുസ്‌തകം. വൈക്കം മുഹമ്മദ് ബഷീറിന് ആദരവർപ്പിച്ച് എഴുതിയ 'കാണാത്ത സുൽത്താന് സ്‌നേഹപൂർവം' ആണ് രണ്ടാമത്തേത്. 'അറിയാത്തത് അറിയേണ്ടത്', 'നിന്നെ എന്തിന് കൊള്ളാം', 'ഇത്തിരി നേരം ഒത്തിരി കാര്യം' എന്നിവ കൂടാതെ, 'അച്ചുവേട്ടന്‍റെ വീട്', 'സമാന്തരങ്ങൾ', 'കൃഷ്‌ണ ഗോപാലകൃഷ്‌ണ' എന്നീ തിരക്കഥകളും അദ്ദേഹത്തിന്‍റേതായി പുറത്തിറങ്ങി.

'ഇത്തിരി നേരം ഒത്തിരി കാര്യത്തി'ന്‍റെ ഇംഗ്ലിഷ് പരിഭാഷയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൃഷിയിൽ താത്പര്യമുണ്ടായിരുന്ന അദ്ദേഹം, കേരള സർക്കാരിന്‍റെ കർഷകശ്രീ അവാർഡും നേടിയിട്ടുണ്ട്. 2007ൽ പത്‌മശ്രീ നൽകി രാജ്യം ബാലചന്ദ്ര മേനോനെ ആദരിച്ചു. മലയാളത്തിന്‍റെ ഭാഗ്യരാജ് എന്ന് വിശേഷിപ്പിക്കുന്ന ബാലചന്ദ്ര മേനോന്‍റെ പുത്തൻ സിനിമകൾക്കായി, വേറിട്ട കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. പിറന്നാൾ ആശംസകൾ, ബാലചന്ദ്ര മേനോൻ!

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.