ചലച്ചിത്ര സംവിധായകന്‍, നിർമ്മാതാവ്, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിലെല്ലാം സിനിമാലോകത്ത് സുപരിചിതനാണ് അനുരാഗ് കശ്യപ്. തന്‍റെ നിലപാടുകളും പ്രതികരണങ്ങളും തുറന്ന് പറയാന്‍ മടികാണിക്കാത്ത അനുരാഗ് വാർത്തകളിലും സ്ഥിരസാന്നിധ്യമാണ്. ഇപ്പോഴിതാ വിവാദമായ 'ദ കേരള സ്റ്റോറി'യെക്കുറിച്ചുള്ള അനുരാഗ് കശ്യപിന്‍റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
76-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ അനുരാഗ് കശ്യപ് ചിത്രം 'കെന്നഡി' പ്രീമിയർ ചെയ്‌തിരുന്നു. മിഡ്നെറ്റ് സ്‌ക്രീനിംഗ് വിഭാഗത്തില്‍ ദി ഗ്രാന്‍ഡ് ലൂമിയര്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ച 'കെന്നഡി' ഏഴ് മിനിറ്റ് നീണ്ട കരഘോഷം ഏറ്റുവാങ്ങിയത് വാർത്തയായിരുന്നു. ചിത്രത്തിന് മികച്ച അഭിപ്രായം ആണ് ഫെസ്റ്റിവലില്‍ നിന്ന് ലഭിച്ചത്.
ഈ വർഷം ഫെസ്റ്റിവലിൽ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട രണ്ട് ഇന്ത്യന്‍ ചിത്രങ്ങളിൽ ഒന്നാണ് 'കെന്നഡി'. കൂടാതെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മിഡ്നെറ്റ് സ്‌ക്രീനിംഗ് സെക്ഷനില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണിത്. അതേസമയം 'കെന്നഡി' പ്രീമിയറിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ആയിരുന്നു അനുരാഗ് 'കേരള സ്റ്റോറി'യെ കുറിച്ചും സംസാരിച്ചത്.
ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് വിവാദ സിനിമയെ സംബന്ധിച്ച് അനുരാഗ് തന്‍റെ നിലപാട് വ്യക്തമാക്കിയത്. “സത്യസന്ധമായി പറഞ്ഞാൽ ഇന്നത്തെ കാലത്ത് നിങ്ങൾക്ക് രാഷ്‌ട്രീയത്തിൽ നിന്ന് രക്ഷപ്പെടാനാവില്ല. സിനിമ അരാഷ്‌ട്രീയമാകുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
ALSO READ: 'യഥാർഥ കഥ എന്ന് എഴുതിയതുകൊണ്ടായില്ല, അത് സത്യമായിരിക്കുകയും വേണം'; 'കേരള സ്റ്റോറി'ക്കെതിരെ കമൽഹാസൻ
ദി കേരള സ്റ്റോറി പോലെ നമ്മൾ പ്രൊപ്പഗാണ്ട സിനിമകൾ എന്ന് വിളിക്കുന്ന ഒരുപാട് സിനിമകൾ നിർമ്മിക്കപ്പെടുന്നുണ്ട്. അവ നിരോധിക്കുന്നതിനോട് ഞാൻ പൂർണ്ണമായും എതിരാണ്. പക്ഷേ ഇതൊരു പ്രൊപ്പഗാണ്ട സിനിമയാണ്. അത് രാഷ്‌ട്രീയമാണ്. എന്നാല്‍ അതിനെതിരെ മറ്റൊരു പ്രൊപ്പഗാണ്ട സിനിമ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല”- അദ്ദേഹം പറഞ്ഞു.
ഒരു ചലച്ചിത്ര നിർമ്മാതാവ് എന്ന നിലയിൽ, താനൊരു ആക്‌ടിവിസ്റ്റായിരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ കശ്യപ് താൻ ചെയ്യുന്ന സിനിമ യാഥാർത്ഥ്യത്തെയും സത്യത്തെയും അടിസ്ഥാനമാക്കി ഉള്ളതാവാന്‍ ശ്രദ്ധിക്കാറുണ്ടെന്നും ചൂണ്ടിക്കാട്ടി. അതേസമയം രാജ്യത്തെ നിലവിലെ സാമൂഹിക- രാഷ്‌ട്രീയ സാഹചര്യത്തില്‍ താൻ ആഗ്രഹിക്കുന്ന സിനിമകൾ ചെയ്യാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന്, നിങ്ങൾ സത്യസന്ധനാണെങ്കിൽ നിങ്ങൾക്ക് അതിന് കഴിയും എന്നായിരുന്നു കശ്യപിന്‍റെ മറുപടി.
“വസ്‌തുതാപരവും പക്ഷം പിടിക്കാത്തതുമായ ഒന്നിനെയും നിശബ്‌ദമാക്കാന്‍ അവർക്ക് കഴിയില്ല. എന്നാല്‍ പ്രൊപ്പഗാണ്ടക്കെതിരെ മറ്റൊരു പ്രൊപ്പഗാണ്ട എന്നത് സത്യസന്ധമല്ല. പക്ഷേ സത്യസന്ധമായി എടുക്കുന്ന ചലച്ചിത്രങ്ങളെ അവർക്ക് ചെറുക്കാൻ കഴിയില്ല" - അനുരാഗ് വ്യക്തമാക്കി.
നേരത്തെ 'കേരള സ്റ്റോറി' സിനിമയുടെ പ്രദര്‍ശനം നിരോധിച്ച പശ്ചിമബംഗാള്‍ സര്‍ക്കാറിന്‍റെ നിലപാടിനെതിരേ അനുരാഗ് കശ്യപ് രംഗത്തെത്തിയിരുന്നു. സിനിമയുടെ ഉള്ളടക്കത്തോട് യോജിപ്പില്ലെങ്കിലും അത് നിരോധിക്കുന്നത് തെറ്റാണെന്നായിരുന്നു അനുരാഗിന്‍റെ പക്ഷം. ഒരു സിനിമയോട് യോജിപ്പോ വിയോജിപ്പോ ഉണ്ടായിക്കോട്ടെ.
അത് പ്രൊപ്പഗണ്ടയോ, നിന്ദ്യമോ ആകട്ടെ. എന്നാല്‍ അതിനെ നിരോധിക്കുന്നത് തെറ്റാണെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. “നിങ്ങൾ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല, പക്ഷേ അത് പറയാനുള്ള നിങ്ങളുടെ അവകാശത്തെ മരണം വരെ ഞാൻ സംരക്ഷിക്കും”എന്ന വോൾട്ടയറിന്‍റെ ഉദ്ധരണിയും അദ്ദേഹം പങ്കുവെച്ചിരുന്നു.
ALSO READ: 'ദി കേരള സ്റ്റോറി' നിരോധനം : പശ്ചിമ ബംഗാൾ സർക്കാരിന്‍റെ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ
അടുത്തിടെ ഫോർബ്‌സ് ഇന്ത്യയുമായി നടത്തിയ ഒരു അഭിമുഖത്തില്‍ 'സ്വതന്ത്ര സിനിമ' എന്നത് ഇപ്പോൾ വളരെ മോശവും ആശയക്കുഴപ്പമുള്ളതുമായ സ്ഥലത്താണെന്ന് കശ്യപ് പറഞ്ഞിരുന്നു. അതേസമയം സീ സ്റ്റുഡിയോസ്, ഗുഡ് ബാഡ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ രഞ്ജന്‍ സിംഗ്, കബീര്‍ അഹൂജ എന്നിവരാണ് അനുരാഗ് ചിത്രം 'കെന്നഡി' നിര്‍മിച്ചിരിക്കുന്നത്.
രാഹുല്‍ ഭട്ട്, സണ്ണി ലിയോണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സില്‍വെസ്റ്റര്‍ ഫൊന്‍സേക ഛായാഗ്രഹണവും താന്യ ഛബ്രിയ & ദീപക് കട്ടാര്‍ എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ സഹനിര്‍മാണം കാവന്‍ അഹല്‍പാറയാണ്.
ഇതിന് മുന്‍പും അനുരാഗ് കശ്യപ് ചിത്രങ്ങള്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 'ഗ്യാങ്‌സ് ഓഫ് വാസിപ്പൂര്‍' 2012-ല്‍ ഡയറക്‌ടര്‍സ് ഫോര്‍ട്‌നൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 'ബോംബെ ടോക്കീസ്' എന്ന ആന്തോളജി ചിത്രം 2013-ല്‍ സ്‌പെഷ്യല്‍ സ്‌ക്രീനിംങ് ആയും, 'അഗ്ലി' എന്ന ചിത്രം ഡയറക്‌ടര്‍സ് ഫോര്‍ട്‌നൈറ്റ് വിഭാഗത്തിലും പ്രദര്‍ശിപ്പിച്ചു. 2016-ല്‍ രമണ്‍ രാഘവ് 2.0 യും ഡയറക്‌ടര്‍സ് ഫോര്‍ട്‌നൈറ്റ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 'ഓള്‍മോസ്റ്റ് പ്യാര്‍ വിത്ത് ഡിജെ മൊഹബത്ത്' ആയിരുന്നു അനുരാഗ് കശ്യപിന്‍റെ സംവിധാനത്തില്‍ അവസാനമായി തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം.