ആൻസൺ പോൾ, ആരാധ്യ ആന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജാസാഗർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'താൾ'. ക്യാമ്പസ് ജീവിതത്തിന്‍റെ കഴിഞ്ഞ കാല ഓർമകളിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടു പോകുന്ന സിനിമയാകും 'താൾ'. ഒരുപാട് നാളത്തെ ഇടവേളക്കുശേഷമാണ് മലയാളത്തിൽ വീണ്ടും ഒരു ക്യാമ്പസ് ചിത്രം ഒരുങ്ങുന്നത്.
ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരിലേക്ക് എത്തിയിരിക്കുകയാണ്. 'താളി'ലെ 'പുലരിയിൽ ഇളവെയിൽ' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത് (Thaal movie Pulariyil Ilaveyil Lyrical Video). മനോരമ മ്യൂസിക് സോങ്സിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ഗാനം പ്രേക്ഷക ശ്രദ്ധ ആകർഷിക്കുകയാണ്.
ബി കെ ഹരിനാരായണന്‍റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ബിജിബാൽ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കറും ശ്വേത മോഹനും ചേർന്നാണ്. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്‍റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ് ഈ ചിത്രത്തിന്‍റെ നിർമാണം.
രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ക്യാമ്പസ് കഥയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. മനോരമ മ്യൂസിക് ആണ് താളിന്‍റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയത്. രാജാസാഗറിന്‍റെ കന്നി സംവിധാന സംരംഭമായ താൾ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് ഡോ. ജി കിഷോർ ആണ്.
'റാഹേൽ മകൻ കോര'യ്‌ക്ക് ശേഷം ആൻസൺ പോൾ നായകനായി എത്തുന്ന ചിത്രം കൂടിയാണ് 'താൾ'. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കയ്യടി നേടിയിരുന്നു. യഥാർഥ സംഭവങ്ങളെ ആസ്‌പദമാക്കിയാണ് 'താൾ' ഒരുക്കിയിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നതായിരുന്നു പോസ്റ്റർ.
രാഹുൽ മാധവ്, രഞ്ജി പണിക്കർ, രോഹിണി, ദേവി അജിത്ത്, സിദ്ധാർഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുൺകുമാർ, മറീന മൈക്കിൾ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാള സിനിമ ഇതുവരെ പറയാത്ത പ്രമേയമാണ് താൾ കൈകാര്യം ചെയ്യുന്നതാണ് അണിയറ പ്രവർത്തകർ പറയുന്നത്.
ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സിനു സിദ്ധാര്‍ത്ഥ് ആണ്. ബി കെ ഹരിനാരായണന്‍, രാധാകൃഷ്‌ണന്‍ കുന്നുംപുറം എന്നിവരുടെ വരികൾക്ക് ബിജിബാല്‍ ഈണം പകരുന്നു.
'താളി'ന്‍റെ മറ്റ് അണിയറ പ്രവർത്തകർ ഇവരാണ്: പ്രൊഡക്ഷൻ കൺട്രോളർ - കിച്ചു ഹൃദയ് മല്ല്യ , കല - രഞ്ജിത്ത് കോതേരി, സൗണ്ട് ഡിസൈന്‍ - കരുണ്‍ പ്രസാദ്, വിസ്‌ത ഗ്രാഫിക്‌സ്, വസ്‌ത്രാലങ്കാരം - അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - കിച്ചു ഹൃദയ് മല്ല്യ, ഡിസൈന്‍ - മാമി ജോ, പ്രൊജക്‌ട് അഡ്വൈസർ - റെജിൻ രവീന്ദ്രൻ, ഡിജിറ്റൽ ക്രൂ - ഗോകുൽ, വിഷ്‌ണു, പി ആർ ഒ - പ്രതീഷ് ശേഖർ.
READ ALSO: ആൻസൺ പോൾ, ആരാധ്യ ആന്‍ ഒന്നിക്കുന്ന 'താൾ' ; കളറായി പ്രീ ലോഞ്ച് - ഓഡിയോ റിലീസ്