ചെന്നൈ : ഏറെ നാളത്തെ പ്രണയത്തിന് ശേഷം തമിഴ് നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും നടിയും അവതാരകയുമായ മഹാലക്ഷ്‌മിയും വിവാഹിതരായി. തിരുപ്പതിയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.
രവീന്ദര്‍ നിര്‍മിക്കുന്ന 'വിടിയും വരെയ് കാത്തിര്' എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. മഹാലക്ഷ്‌മിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴിലെ പ്രശസ്‌ത നിര്‍മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്‍സിന്‍റെ ഉടമസ്ഥനാണ് രവീന്ദര്‍.
സുട്ട കഥൈ, നട്‌പെന്നാ എന്നാന്നു തെരിയുമോ, നളനും നന്ദിനിയും തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവും കൂടിയാണ് രവീന്ദര്‍. വാണി റാണി, ഓഫീസ്, ചെല്ലമേ, ഉതിരിപ്പൂക്കള്‍ തുടങ്ങിയ തമിഴ് സീരിയലുകളിലൂടെ കടന്നുവന്ന മഹാലക്ഷ്‌മി പ്രേക്ഷക മനസില്‍ ഇടം നേടിയത് അവതാരകയായാണ്. നിരവധി താരങ്ങളാണ് ഇരുവരുടെയും വിവാഹത്തിന് ആശംസകളുമായി എത്തിയത്.