ഹൈദരാബാദ്: പാന്‍ ഇന്ത്യന്‍ റീച്ചില്‍ മുന്നേറ്റം നടത്തിയ 'പുഷ്‌പ ദി റൈസിന് ശേഷം രണ്ടാം ഭാഗമായ 'പുഷ്‌പ ദി റൂള്‍' ഒരുങ്ങുന്നു. അല്ലു അര്‍ജുന്‍, രശ്‌മിക മന്ദാന എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന പുഷ്‌പ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു. തിങ്കളാഴ്‌ച (ഓഗസ്‌റ്റ് 22) പൂജ ചടങ്ങുകളോട് കൂടിയാണ് ഷൂട്ടിങ് ആരംഭിച്ചത്. ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
Allu Arjun is missing in Pushpa 2 Pooja: അല്ലു അര്‍ജുന്‍ ഫോക്‌സ് എന്ന് പേരുള്ള ട്വിറ്റര്‍ അക്കൗണ്ടിലാണ് 'പുഷ്‌പ 2'വിന്‍റെ പൂജ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 'പുഷ്‌പ ദി റൂളി'ന്‍റെ പൂജ ചടങ്ങില്‍ പുഷ്‌പ രാജ് മിസ്സിംഗാണ്. രശ്‌മികയും ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. സംവിധായകന്‍ സുകുമാറിന്‍റെയും മറ്റ് അണിയറപ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തിലാണ് പൂജ ചടങ്ങ് നടന്നത്. ഇന്ത്യ ഡേ ആഘോഷിക്കാനായി അല്ലു അര്‍ജുന്‍ ഇപ്പോള്‍ ന്യൂയോർക്കിലാണ്. അതിനാലാണ് 'പുഷ്‌പ 2' പൂജ ചടങ്ങില്‍ താരത്തിന് പങ്കെടുക്കാന്‍ കഴിയാതെ പോയത്.
Mythri movie makers announcement post of Pushpa 2: നേരത്തെ മൈത്രി മൂവി മേക്കേഴ്‌സ് ഒരു പ്രഖ്യാപന പോസ്‌റ്റര്‍ പങ്കുവച്ചിരുന്നു. 'പുഷ്‌പ'യുടെ രണ്ടാം ഭാഗം തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. അതിനായി താരങ്ങളും അണിയറപ്രവര്‍ത്തകരും ഒരുങ്ങിക്കഴിഞ്ഞു. ഓഗസ്‌റ്റ് 22ന് സിനിമയുടെ പ്രത്യേക പൂജ നടക്കുമെന്നും അവര്‍ അറിയിച്ചിരുന്നു.
Pushpa 2 script: യാഷ് നായകനായ 'കെജിഎഫ് 2'ന്‍റെ വന്‍ വിജയത്തോടെ 'പുഷ്‌പ 2'ന്‍റെ തിരക്കഥ മാറ്റിയെഴുതിയിരുന്നു. ഇതിനായി സിനിമയുടെ ചിത്രീകരണവും നിര്‍ത്തിവച്ചു. മികച്ച മേക്കിങിനൊപ്പം ശക്തമായ തിരക്കഥയും ഉണ്ടെങ്കില്‍ മാത്രമെ 'കെജിഎഫി'നും അപ്പുറം സിനിമയെ എത്തിക്കാനാവു എന്നായിരുന്നു സംവിധായകന്‍റെ നിഗമനം. 'കെജിഎഫി'ന് ലഭിച്ച സ്വീകാര്യതയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് 'പുഷ്‌പ' രണ്ടാം ഭാഗം വിപുലമാക്കുകയെന്ന തീരുമാനത്തില്‍ അണിയറപ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നത്.
Pushpa The Rise hits theatres: സുകുമാര്‍ സംവിധാനം ചെയ്‌ത ആക്ഷന്‍ എന്‍റര്‍ടെയ്‌നര്‍ ചിത്രം 'പുഷ്‌പ ദി റൈസ്' ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ 2021 ഡിസംബര്‍ 17നാണ് എത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്‌ക്ക് ലഭിച്ചത്. മുട്ടംസെട്ടി മീഡിയയുമായി സഹകരിച്ച് മൈത്രി മൂവി മേക്കേഴ്‌സിന്‍റെ സ്ഥാപകരായ നവീന്‍ യേര്‍നേനിയും വൈ രവി ശങ്കറും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്.
പുഷ്‌പ രാജ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അല്ലു അര്‍ജുന്‍ അവതരിപ്പിച്ചത്. രക്ത ചന്ദനക്കടത്തുകാരനായാണ് താരം പ്രത്യക്ഷപ്പെട്ടത്. ശ്രീവല്ലി എന്ന നായിക കഥാപാത്രമായി രശ്‌മിക മന്ദാനയുമെത്തി. ചന്ദന കടത്തുകാരും പൊലീസും തമ്മിലുള്ള പോരാട്ടമായിരുന്നു കഥാപശ്ചാത്തലം. 'പുഷ്‌പ'യിലൂടെ ഫഹദ് ഫാസില്‍ തെലുഗുവിലും അരങ്ങേറ്റം കുറിച്ചു. ചിത്രത്തിലെ ബന്‍വര്‍സിങ് ശെഖാവത്ത് എന്ന ഫഹദിന്‍റെ പ്രതിനായക വേഷം ഏറെ ശ്രദ്ധേയമായിരുന്നു. അവസാന അര മണിക്കൂറില്‍ മാത്രമായിരുന്നു ഫഹദിന് സ്‌ക്രീന്‍ സ്‌പെയ്‌സ് ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ ഫഹദിന് മുഴുനീള വേഷമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Pushpa The Rise collection: മികച്ച ബോക്‌സോഫിസ് വിജയമായിരുന്നു പുഷ്‌പയ്‌ക്ക്. മറ്റു പല ബിഗ് ബജറ്റ് ചിത്രങ്ങളുടെയും കലക്ഷനെ അതിശയിപ്പിക്കുന്ന രീതിയിലാണ് 'പുഷ്‌പ'യുടെ ബോക്‌സോഫിസ് റെക്കോഡുകള്‍ മറികടന്നത്. ഹിന്ദിയില്‍ നിന്ന് മാത്രം 200 കോടിയിലധികം ചിത്രം നേടിയിരുന്നു.
സിനിമയുടെ ബോക്‌സോഫിസ് വിജയത്തിന് ശേഷം ചിത്രം ഒടിടിയിലും എത്തിയിരുന്നു. പുഷ്‌പ ഹിന്ദി പതിപ്പാണ് ആദ്യം ആമസോണിലെത്തിയത്. പിന്നീട് മലയാളം, തമിഴ് ഉള്‍പ്പെടെയുള്ള പതിപ്പുകളും ആമസോണിലെത്തി. ഒടിടിയിലും വന്‍ നേട്ടമാണ് ചിത്രം കൊയ്‌തത്.
Also Read: 'ഞാന്‍ അല്ലു അര്‍ജുന്‍റെ വലിയ ആരാധകന്‍, കേരളത്തിലെ ആരാധകവൃന്ദം എന്നെ അത്ഭുതപ്പെടുത്തി': ദുല്‍ഖര്‍