Darlings Netflix release : ആലിയ ഭട്ടിന്‍റേതായി ഒടുവില്‍ റിലീസിനെത്തിയ ചിത്രമാണ് 'ഡാര്‍ലിംഗ്‌സ്'. ഓഗസ്‌റ്റ് അഞ്ചിന് നെറ്റ്‌ഫ്ലിക്സില്‍ ഡയറക്‌ട് റിലീസായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോമഡി ത്രില്ലര്‍ വിഭാഗത്തിലായി ഒരുങ്ങിയ ചിത്രം ഗാര്‍ഹിക പീഡനം ചര്‍ച്ച ചെയ്യുന്ന പ്രമേയമാണ് അവതരിപ്പിക്കുന്നത്. റിലീസിന് മുമ്പ് തന്നെ മാധ്യമശ്രദ്ധ നേടിയ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസകളും ഏറ്റുവാങ്ങി.
Darlings in Netflix top ten list: ഇപ്പോഴിതാ നെറ്റ്‌ഫ്ലിക്‌സിലെ ഗ്ലോബല്‍ ടോപ് ടെന്നില്‍ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. തുടര്‍ച്ചയായി രണ്ടാഴ്‌ച നെറ്റ്‌ഫ്ലിക്‌സിന്‍റെ ഗ്ലോബല്‍ ടോപ് ടെന്നില്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന 'ഡാര്‍ലിംഗ്‌സ്' ഇപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്. സിനിമയ്‌ക്ക് 24 മില്യണ്‍ മണിക്കൂറിലധികം വാച്ചിംഗ് അവേഴ്‌സുമായി. യുകെ ബ്രസീല്‍ തുടങ്ങി 28 രാജ്യങ്ങളില്‍ 'ഡാര്‍ലിംഗ്‌സ്' ട്രെന്‍ഡിംഗിലാണ്. ഇന്ത്യ, സിംഗപ്പൂര്‍, ബഹ്റൈന്‍, ഹോങ്കോങ്, തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രം ഒന്നാം സ്ഥാനത്തുമാണ്.
Roshan Mathew in Darlings : ചിത്രത്തിലെ അഭിനേതാക്കളുടെ മികവുറ്റ പ്രകടനത്തെയും പ്രേക്ഷകര്‍ അഭിനന്ദിച്ചു. ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വര്‍മ എന്നിവര്‍ക്കൊപ്പം മലയാളി താരം റോഷന്‍ മാത്യുവും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തിയിരുന്നു. ആലിയയുടെയും ഷെഫാലിയുടെയും മികച്ച കെമിസ്‌ട്രിയാണ് സിനിമയില്‍ ദൃശ്യമായത്.
Dark comedy thriller Darlings: എല്ലാ പ്രതിസന്ധികളെയും സധൈര്യത്തോടെ തരണം ചെയ്യുന്ന അമ്മയുടെയും മകളുടെയും ജീവിതമാണ് ചിത്രം പറയുന്നത്. ഷെഫാലി ഷായും ആലിയയുമാണ് സിനിമയില്‍ അമ്മയുടെയും മകളുടെയും വേഷത്തിലെത്തിയത്. മുംബൈ പശ്ചാത്തലമാക്കിയുള്ള ഒരു ഡാര്‍ക്ക് കോമഡി ചിത്രമായിരുന്നു 'ഡാര്‍ലിംഗ്‌സ്'.
Darlings story background : ബദ്രുണിസ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ആലിയ അവതരിപ്പിച്ചത്. അവളുടെ ഭര്‍ത്താവ് ഹംസ ആയാണ് വിജയ് വര്‍മയും വേഷമിട്ടത്. ബദ്രുണിസയെ ജീവന് തുല്യമായി സ്‌നേഹിച്ചിരുന്നു ഹംസ. എന്നാല്‍ വിവാഹ ശേഷം അയാളുടെ മദ്യപാനം ഇവര്‍ക്കിടയിലെ ദാമ്പത്യ ജീവിതത്തില്‍ വില്ലനായി മാറി. ദിവസവും മദ്യപിച്ചെത്തുന്ന ഭര്‍ത്താവിന്‍റെ ക്രൂര മര്‍ദനത്തിന് ഇരയാകുന്ന ഭാര്യ എല്ലാം സഹിച്ച് എന്നെങ്കിലും ഭര്‍ത്താവില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ച് ജീവിതം തള്ളിനീക്കുന്നതും തുടര്‍ സംഭവ വികാസങ്ങളുമാണ് ചിത്രപശ്ചാത്തലം.
Darlings songs: 'ഡാര്‍ലിംഗ്‌സി'ലെ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. 'ലാ ഇലാജ്', 'ഭസദ്', 'പ്ലീജ്' എന്നീ മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. പ്രമുഖ എഴുത്തുകാരനായ ഗുല്‍സാറും മെല്ലോ ഡിയും ചേര്‍ന്നാണ് ഗാന രചനയും സംഗീതവും നിര്‍വഹിച്ചത്. അരിജിത് സിംഗ്, മെല്ലോ ഡി, മികാ സിംഗ് എന്നിവര്‍ ചേര്‍ന്നായിരുന്നു ഗാനാലാപനം.
Alia Bhatt debut production venture : ആലിയയുടെ ആദ്യ നിര്‍മാണ സംരംഭം കൂടിയായിരുന്നു 'ഡാര്‍ലിംഗ്‌സ്'. ഷാരൂഖ് ഖാന്‍റെ റെഡ് ചില്ലീസ് പ്രൊഡക്ഷന്‍സുമായി സഹകരിച്ച് എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറിലായിരുന്നു നിര്‍മാണം. റെഡ് ചില്ലീസിനൊപ്പം ചിത്രത്തിന്‍റെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നതില്‍ അഭിമാനമുണ്ടെന്ന് ആലിയ നേരത്തെ പറഞ്ഞിരുന്നു.
Also Read: 'പുരുഷ പീഡനം'; ആലിയ ഭട്ടിനെ ബഹിഷ്‌കരിക്കണമെന്ന് സോഷ്യല്‍ മീഡിയ
Darlings remake: ചിത്രം തമിഴ്, തെലുഗു എന്നീ ഭാഷകളിലും റീമേക്ക് ചെയ്യുമെന്ന് റെഡ് ചില്ലീസ് എന്‍റര്‍ടെയിന്‍മെന്‍റ് സിഒഒ വര്‍മ അറിയിച്ചിട്ടുണ്ട്. പ്രാദേശിക അഭിരുചികള്‍ക്ക് അനുസരിച്ച് മാറ്റം വരുത്തി സിനിമ റീമേക്ക് ചെയ്യാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ജസ്‌മീത് കെ റീന്‍ ആയിരുന്നു ഡാര്‍ലിംഗ്‌സിന്‍റെ സംവിധാനം.
Alia Bhatt latest movies: ഈ വര്‍ഷത്തെ ആലിയയുടെ രണ്ടാമത്തെ റിലീസ് ആയിരുന്നു 'ഡാര്‍ലിംഗ്‌സ്'. ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തിയ സഞ്‌ജയ് ലീല ബന്‍സാലിയുടെ 'ഗംഗുഭായ് കത്യവാഡി' ആണ് ഈ വര്‍ഷം തിയേറ്റര്‍ റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ നടിയുടെ ആദ്യ ചിത്രം.