ബോളിവുഡിൽ കഴിഞ്ഞ വർഷം ഇറങ്ങിയ മികച്ച സിനിമയെന്ന ഖ്യാതി നേടിയ ചിത്രമാണ് വിധു വിനോദ് ചോപ്ര സംവിധാനം ചെയ്‌ത 'ട്വൽത്ത് ഫെയിൽ'. വിക്രാന്ത് മാസിയാണ് ചിത്രത്തിൽ കേന്ദ്ര കഥാപത്രത്തെ അവതരിപ്പിച്ചത് (Vidhu Vinod Chopra - Vikrant Massey movie 12th Fail). ഒക്‌ടോബർ 27ന് തിയേറ്ററുകളിൽ റിലീസ് ചെയ്‌ത ചിത്രം ഡിസംബർ 30ന് ഒടിടിയിലുമെത്തി. ഇതിന് പിന്നാലെ നിരവധി പേരാണ് സിനിമയെ പ്രശംസിച്ച് രംഗത്ത് വന്നത്.
ഇപ്പോഴിതാ 'ട്വൽത്ത് ഫെയിലി'ന്‍റെ നീണ്ട ആരാധകരുടെ പട്ടികയിലേക്ക് ആലിയ ഭട്ടും ചേർന്നിരിക്കുകയാണ്. ചിത്രത്തെ പ്രശംസിച്ചുകൊണ്ട് താരം സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. താൻ അടുത്തിടെ കണ്ട ഏറ്റവും മനോഹരമായ ചിത്രങ്ങളിലൊന്നാണ് 'ട്വൽത്ത് ഫെയിൽ' എന്നാണ് ചൊവ്വാഴ്‌ച ബോളിവുഡ് താരം തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ എഴുതിയത് (Alia Bhatt about Vikrant Massey starrer 12th Fail).
"ഞാൻ കുറച്ച് കാലത്തിനിടെ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ ചിത്രങ്ങളിലൊന്ന്! ഗംഭീരമായ പ്രകടനങ്ങൾ. വിക്രാന്ത് മാസി, നിങ്ങൾ ഈ സിനിമയിൽ ഗംഭീരമായിരുന്നു! മേധ ശങ്കർ ... മനോജിന്‍റെ യാത്രയുടെ ഹൃദയവും ആത്മാവുമാണ് നിങ്ങൾ.
വളരെ സവിശേഷവും പുതുമയുള്ളതും ഹൃദയസ്‌പർശിയുമായ ചിത്രം! അനന്ത് വിജയ്‌യും മികച്ചുനിന്നു! വിധു വിനോദ് ചോപ്ര സാർ - ഈ സിനിമ ശരിക്കും പ്രചോദനം നൽകുന്നതാണ്'. സിനിമയിലെ മുഴുവൻ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും അഭിനന്ദിച്ചുകൊണ്ടാണ് താരം തന്‍റെ കുറിപ്പ് അവസാനിപ്പിച്ചത്.
തിയേറ്ററുകളിൽ ഉജ്വല വിജയം നേടിയാണ് 'ട്വൽത്ത് ഫെയിൽ' അതിന്‍റെ പ്രദർശനം അവസാനിപ്പിച്ചത്. ഐപിഎസ് ഓഫിസർ മനോജ് കുമാർ ശർമ്മയുടെയും ഐആർഎസ് ഓഫിസർ ശ്രദ്ധ ജോഷിയുടെയും അവിശ്വസനീയമായ ജീവിത യാത്രയെ കുറിച്ചുള്ള അനുരാഗ് പഥക്കിന്‍റെ (Anurag Pathak) ബെസ്റ്റ് സെല്ലർ നോവലാണ് ഈ സിനിമയുടെ ആധാരം. ഏറ്റവും കഠിനമായ മത്സര പരീക്ഷയായി കണക്കാക്കപ്പെടുന്ന യുപിഎസ്‌സി പ്രവേശന പരീക്ഷയ്‌ക്ക് ശ്രമിക്കുന്ന ദശലക്ഷക്കണക്കിന് വിദ്യാർഥികളുടെ കഠിനമായ പരിശ്രമമാണ് ചിത്രം ദൃശ്യവൽക്കരിക്കുന്നത്.
യുപിഎസ്‌സിയ്‌ക്കായി പരിശ്രമിക്കുന്ന വിദ്യാർഥികളുടെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയുടെ നിർമാണം. നമ്മുടെ ഭരണഘടനയെ സംരക്ഷിക്കുന്ന സത്യസന്ധരായ ഉദ്യോഗസ്ഥർക്കും അവരുടെ പാത പിന്തുടരാൻ ആഗ്രഹിക്കുന്ന എണ്ണമറ്റ വിദ്യാർഥികൾക്കുമുള്ള സമർപ്പണമാണ് തന്‍റെ സിനിമയെന്ന് സംവിധായകൻ വിധു വിനോദ് ചോപ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. സത്യസന്ധതയ്‌ക്കും ഒപ്പം മികവിനും വേണ്ടി പരിശ്രമിക്കാൻ ചിലരെയെങ്കിലും ഈ സിനിമ പ്രചോദിപ്പിക്കുന്നുവെങ്കിൽ, അത് തന്നെയാണ് താൻ വിജയമായി കണക്കാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു (Director Vidhu Vinod Chopra about '12th Fail' Movie).
ALSO READ: വിക്രാന്ത് മാസിയുടെ 'ട്വൽത്ത് ഫെയിൽ' ഒടിടിയിലേക്ക്; ബോളിവുഡിലെ സർപ്രൈസ് ഹിറ്റ്