കഴിഞ്ഞ ആറ് മാസം കൊണ്ട് ഒരു ദശാബ്‌ദം ജീവിച്ചത് പോലെ തോന്നുന്നുവെന്ന് ആലിയ ഭട്ട്. ഈ ആറ് മാസത്തിനുള്ളിൽ തന്‍റെ ജീവിതത്തിലുണ്ടായ സംഭവങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു താരം. ആലിയയെ സംബന്ധിച്ച് 2022 ഒരു റോളർ കോസ്റ്റർ റൈഡ് പോലെയായിരുന്നു.
സഞ്‌ജയ് ലീല ബൻസാലിയുടെ ഗംഗുഭായ് കത്തിയവാഡി എന്ന ബ്ലോക്ക്‌ബസ്റ്ററിലൂടെയാണ് ആലിയയുടെ ഈ വർഷം ആരംഭിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് നടിക്ക് ലഭിച്ചത്. തുടർന്ന് ഏപ്രിലിൽ ബോളിവുഡ് താരവും തന്‍റെ കാമുകനുമായിരുന്ന രൺബീർ കപൂറുമായി ആലിയ വിവാഹിതയായി.
ഗാൽ ഗഡോട്ടിനൊപ്പമുള്ള തന്‍റെ ആദ്യ ഹോളിവുഡ് ചിത്രമായ ഹാർട്ട് ഓഫ് സ്റ്റോണിന്‍റെ ചിത്രീകരണത്തിനായി താരം യുകെയിലേക്ക് പോയി. ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുൻപ് ആലിയ ഭട്ടിനും രൺബീറിനും കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്ന വാർത്ത താരം പങ്കുവച്ചു. തന്‍റെ കന്നി നിർമാണ സംരംഭമായ ഡാർലിങ്‌സിന്‍റെ പ്രമോഷൻ തിരക്കുകളിലാണ് ആലിയ ഇപ്പോൾ.
ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകളായ സംഭവങ്ങളെ പ്രോസസ് ചെയ്യാൻ പോലും തനിക്ക് സമയമില്ലെന്ന് ആലിയ പറയുന്നു. തന്‍റെ ജീവിതത്തിലെ നിലവിലെ ഘട്ടം വിവരിക്കാനുള്ള വാക്ക് 'മനോഹരമായി അലങ്കോലപ്പെട്ടത്' എന്നതാണെന്നും താരം പറയുന്നു.
"ആരോഗ്യവും സന്തോഷവും സന്തുലിതാവസ്ഥയും മാത്രമാണ് ഇപ്പോൾ എന്‍റെ മനസിലുള്ളത്. ഒരു പക്ഷേ ഭാവിയിൽ ഞാൻ തിരിഞ്ഞുനോക്കുമ്പോൾ ഇതൊരു അടിപൊളി വർഷമായിരുന്നു എന്ന് അത്ഭുതപ്പെട്ടേക്കാം", ആലിയ പറഞ്ഞു.
തന്‍റെ ആദ്യ നിർമാണ സംരംഭമായ ഡാർലിങ്‌സിൽ ആലിയയാണ് പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത്. എഴുത്തുകാരൻ ജസ്‌മീത് കെ റീൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡാർലിങ്‌സ്. ഷാരൂഖ് ഖാന്‍റെ റെഡ് ചില്ലീസ് എന്‍റർടെയ്‌ൻമെന്‍റുമായി സഹകരിച്ച് ആലിയയുടെ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസാണ് നിർമാണം.
തന്‍റെ സൃഷ്‌ടിയിലൂടെ മറ്റ് കലാകാരന്മാരെ ശാക്തീകരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് നിർമാണത്തിലേക്ക് ചുവടുവച്ചതെന്ന് താരം പറയുന്നു. പ്രൊഡക്ഷൻ ഹൗസ് എന്ന നിലയിൽ പുതിയ പ്രതിഭകൾക്ക് അവസരമൊരുക്കുന്നതിലും അവരുടെ കഥകൾ പ്രേക്ഷകർക്ക് മുന്നിൽ കൊണ്ടുവരുന്നതിലും എറ്റേണൽ സൺഷൈൻ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ആലിയ പറഞ്ഞു.
വിജയ് വർമ, റോഷൻ മാത്യു എന്നിവരും വേഷമിട്ട ഡാർലിങ്‌സ് ഓഗസ്റ്റ് അഞ്ചിന് നെറ്റ്‌ഫ്‌ളിക്‌സിൽ റിലീസ് ചെയ്യും.