മുംബൈ: റിലീസിനൊരുങ്ങി ബോളിവുഡ് താരം അക്ഷയ് കുമാർ പ്രധാന വേഷത്തിലെത്തുന്ന 'ദി ഗ്രേറ്റ് ഇന്ത്യൻ റെസ്ക്യൂ'. ടിനു സുരേഷ് ദേശായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഈ വർഷം ഒക്‌ടോബർ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.
ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. 'അക്ഷയ് കുമാർ: 'ദി ഗ്രേറ്റ് ഇന്ത്യൻ റെസ്ക്യൂ' റിലീസ് തിയതി ലോക്ക് ചെയ്‌തു...' തരൺ ആദർശ് കുറിച്ചു.
വാഷു ഭഗ്‌നാനി, ദീപ്‌ശിഖ ദേശ്‌മുഖ്, ജാക്കി ഭഗ്‌നാനി, അജയ് കപൂർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ പരിനീതി ചോപ്രയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 2019 ൽ പുറത്തിറങ്ങിയ 'കേസരി'ക്ക് ശേഷം അക്ഷയ് കുമാറും പരിനീതി ചോപ്രയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ദി ഗ്രേറ്റ് ഇന്ത്യൻ റെസ്ക്യൂ'. പ്രഖ്യാപനം മുതൽ തന്നെ അക്ഷയ് കുമാർ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം, തുടർ പരാജയങ്ങളില്‍ ഉഴറുന്ന താരത്തിന് ശക്തമായ തിരിച്ചുവരവിന് വഴി ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൈനിങ് എഞ്ചിനിയറായ, അന്തരിച്ച ജസ്വന്ത് സിങ് ഗില്ലിന്‍റെ യഥാർഥ ജീവിതത്തെ ആസ്‌പദമാക്കിയുള്ളതാണ് 'ദി ഗ്രേറ്റ് ഇന്ത്യൻ റെസ്ക്യൂ'. ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ ആളാണ് ജസ്വന്ത് സിങ് ഗില്‍. 1989 ൽ പശ്ചിമ ബംഗാളിൽ വെള്ളപ്പൊക്കമുണ്ടായ ക്വാറിയിൽ നിന്ന് 64 ഖനിത്തൊഴിലാളികളെ അദ്ദേഹം രക്ഷപ്പെടുത്തിയിരുന്നു. ധീരതയ്‌ക്കുള്ള നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിരുന്ന അദ്ദേഹം 2019 ൽ തന്‍റെ 80-ാം വയസിലാണ് ലോകത്തോട് വിടപറഞ്ഞത്.
ക്രൈം ത്രില്ലറായ റസ്‌തോമിന് ശേഷം സംവിധായകൻ ടിനു സുരേഷ് ദേശായിയുമായി അക്ഷയ് കൈകോർക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ദി ഗ്രേറ്റ് ഇന്ത്യൻ റെസ്ക്യൂ'. നേരത്തെ, സിനിമയിലെ അക്ഷയ്‌യുടെ ലുക്ക് പുറത്തു വന്നിരുന്നു. ചുവന്ന തലപ്പാവും ഇടതൂർന്ന താടിയുമായി വേറിട്ട ഗെറ്റപ്പിലായിരുന്നു താരം.
അതേസമയം പങ്കജ് ത്രിപാഠി, യാമി ഗൗതം എന്നിവർക്കൊപ്പമുള്ള ഓ മൈ ഗോഡ്- 2 (OMG-2) ആണ് അക്ഷയ് കുമാറിന്‍റെതായി റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. ഓഗസ്റ്റ് 11നാണ് ചിത്രം റിലീസ് ചെയ്യുക.
ഏറെ പ്രേക്ഷക-നിരൂപക പ്രശംസ ഏറ്റുവാങ്ങിയ, സുധ കങ്കരയുടെ സംവിധാനത്തില്‍ സൂര്യ നായകനായി എത്തിയ 'സൂരറൈ പോട്രു'വിന്‍റെ ഹിന്ദി റീമേക്കിലും അക്ഷയ് കുമാറാണ് നായകനായി എത്തുക. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം സെപ്‌തംബർ 1 ന് തിയേറ്ററുകളിൽ എത്തുമെന്നാണ് വിവരം. രാധിക മദൻ, പരേഷ് റാവൽ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇതിന് പുറമെ ആക്ഷൻ ത്രില്ലറായ 'ബഡേ മിയാൻ ചോട്ടെ മിയാൻ' സിനിമയിലും അക്ഷയ് കുമാർ വേഷമിടുന്നുണ്ട്. ടൈഗർ ഷ്രോഫും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയ താരം പൃഥ്വിരാജും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. അടുത്ത വർഷം ഈദ് ദിനത്തിലാണ് ചിത്രം റിലീസ് ചെയ്യുകയെന്നാണ് വിവരം.
READ ALSO: പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്; കരൺ ജോഹർ ചിത്രത്തില്‍ കാജോളും ഇബ്രാഹിമും