പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനെ കുറിച്ച് നിലപാട് അറിയിച്ച് സംവിധായകനും ബിഗ്‌ബോസ് സീസണ്‍ 5 വിജയിയുമായ അഖില്‍ മാരാര്‍. ഫേസ്‌ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് അഖില്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അഖിലിന്‍റെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്‍റുമായി എത്തിയത്.
- " class="align-text-top noRightClick twitterSection" data="">
പോസ്റ്റിന്‍റെ പൂര്‍ണ രൂപം : നിരവധി ആൾക്കാർ പരസ്യം ചെയ്യുന്നതിനായി സമീപിക്കുന്നുണ്ട്. പരസ്യങ്ങൾ ചെയ്യുന്നില്ല എന്നാണ് എൻ്റെ തീരുമാനം.ഒരുത്പന്നം ഞാൻ ഉപയോഗിച്ചോ, അനുഭവിച്ചോ ബോധ്യപ്പെടാതെ അത് സൂപ്പർ ആണെന്ന് പൊതുജനത്തെ പറഞ്ഞുപറ്റിക്കാൻ ഞാൻ തയ്യാറല്ല.
ഈ തീരുമാനത്തിൻ്റെ ഭാഗമായി വലുതും ചെറുതുമായ കമ്പനികളെ ചെറിയ രീതിയിൽ എങ്കിലും വെറുപ്പിക്കേണ്ടി വന്നിട്ടുണ്ട്.. അവർക്ക് ഞാൻ അഹങ്കാരി ആയി തോന്നാം.ആ അഹങ്കാരം തുടരാൻ ആണ് എൻ്റെ ഉദ്ദേശ്യം. ഉത്പന്നത്തിൻ്റെ മൂല്യം ആണ് ഏറ്റവും വലിയ പരസ്യം എന്നാണ് എൻ്റെ വിശ്വാസം.
നിരവധി പേര്‍ അഖിലിന്‍റെ തീരുമാനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തുവന്നു. വളരെ നല്ല തീരുമാനം, നിങ്ങള്‍ പൊളിയാണ് മനുഷ്യാ, നല്ല തീരുമാനം വളരെ ശരിയാണ് താങ്കളുടെ ചിന്തകൾ, നല്ലൊരു തീരുമാനമാണ് - അഖിലേട്ടനായി തുടർന്നാൽ മതി തുടങ്ങിയ കമന്‍റുകളുമായി നിരവധി പേരാണ് പിന്തുണച്ചത്.
അതേസമയം അഖിലിന്‍റെ തീരുമാനം തെറ്റാണെന്ന് പറഞ്ഞും പലരും രംഗത്തുവന്നിട്ടുണ്ട്. വ്‌ളോഗര്‍ അരുണ്‍ പ്രതീപ് അഖില്‍ മാരാരുടെ തീരുമാനത്തില്‍ വിമര്‍ശനവുമായെത്തി.
കമന്‍റ് മുഴുവൻ അഖിലേട്ടൻ സൂപ്പര്‍, നല്ല തീരുമാനം, പൊളിച്ചു. എന്നൊക്കെ പറഞ്ഞ് പുകഴ്ത്തും. ഇപ്പൊ കിട്ടുന്ന ഈ ഫെയിമും പരസ്യവും ഒന്നും അടുത്ത ബിഗ്‌ബോസ് തുടങ്ങിയാൽ കിട്ടില്ല. അല്ലെങ്കിൽ അതൊക്കെ താത്കാലികം മാത്രം എന്ന് പറയുന്നതാണ് ശരി. ഈ സപ്പോര്‍ട്ട് ചെയ്യുന്നവരും കുറച്ചുനാൾ കഴിയുമ്പോൾ അടുത്ത ആളുടെ പുറകെ പോകും.അതുകൊണ്ട് കിട്ടുന്ന പരസ്യം എല്ലാം നല്ലത് നോക്കി ചെയ്യുക.പരസ്യം ചെയ്യുന്ന ആളുകൾ മോശം ആവുന്നില്ല - അരുണ്‍ കമന്‍റ് ചെയ്‌തു.
അഖിലിന്‍റെ തീരുമാനം മണ്ടത്തരമാണെന്ന് പറഞ്ഞ് പ്രിന്‍സ് ചെറിയാന്‍ എന്ന വ്യക്തിയും കമന്‍റ് ചെയ്‌തിട്ടുണ്ട്. 'ഈ തീരുമാനം വലിയ മണ്ടത്തരമാണ് അഖിൽ മാരാർ. താങ്കൾക്ക് ഇപ്പോൾ ജനങ്ങളുടെ ഇടയിൽ വലിയ സ്വീകാര്യതയാണ്. അതുപക്ഷേ സീസൺ 6 വരെയേ കാണുകയുള്ളൂ. അടുത്തവർഷം പുതിയ അഖിൽമാർ ആവും ജനങ്ങളുടെ ഇടയിൽ ഉണ്ടാവുക.
അതുകൊണ്ട് ഈ വർഷം മാക്‌സിമം ഇനാഗുറേഷനും ഇന്‍റർവ്യൂസും ചെയ്യുക. സിനിമയില്‍ സംവിധായകൻ ആയി മാത്രമല്ല നായക നടനായും എത്തിപ്പെടുക. താങ്കൾക്ക് അതിനുള്ള കഴിവുണ്ട് . മാക്‌സിമം പൈസ ഉണ്ടാക്കുക.ഒരു കട ഉദ്ഘാടനം ചെയ്യുമ്പോൾ താങ്കളെ കാണാനാണ് ആള് കൂടുന്നത്. ആ ഷോപ്പിന് നല്ല പബ്ലിസിറ്റിയും കിട്ടും.
പക്ഷേ മലയാളികൾ ബുദ്ധിമാന്മാരാണ്. നല്ല സാധനങ്ങൾ നോക്കി വാങ്ങാൻ അവർക്കറിയാം. താങ്കൾ പരസ്യം ചെയ്‌തു എന്നുപറഞ്ഞ് ആരും അത് വാങ്ങില്ല. താങ്കൾ പരസ്യം ചെയ്‌താൽ ആ ഷോപ്പിന് പബ്ലിസിറ്റി കിട്ടും അത്രമാത്രം. താങ്കൾ തന്നെ പറയുന്നതുപോലെ താങ്കൾക്ക് ഇഷ്‌ടപ്പെടുന്നവർക്ക് വേണ്ടിയെങ്കിലും കിട്ടുന്ന അവസരം പ്രയോജനപ്പെടുത്തുക. അല്ലെങ്കിൽ അത് വലിയ മണ്ടത്തരമായി പിന്നീട് തോന്നും.
മാരാരുടെ തീരുമാനം ആൾടെ മാത്രം ഇഷ്‌ടം. ഞാൻ പറഞ്ഞത് എന്‍റെ വ്യക്തിപരമായ അഭിപ്രായമാണ്. അടുത്ത സീസണിൽ പുതിയ അഖിൽ മാരാർ വരുമ്പോൾ, താങ്കൾക്കും അഭിമാനിക്കാം - എന്നായിരുന്നു കമന്‍റ്.