Ajith Kumar win at shooting championship: തമിഴ്‌നാട് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ സ്വന്തമാക്കി തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത് കുമാര്‍. 47-ാമത് തമിഴ്‌നാട് റൈഫിള്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണ മെഡലും രണ്ട് വെങ്കല മെഡലും അടക്കം ആറ് മെഡലുകളാണ് താരം നേടിയത്.
ബുധനാഴ്‌ച ട്രിച്ചിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സെന്‍റര്‍ ഫയര്‍ പിസ്‌റ്റള്‍ മെന്‍, സ്‌റ്റാന്‍ഡേര്‍ഡ് പിസ്‌റ്റള്‍ മാസ്‌റ്റര്‍ മെന്‍, 50 മീറ്റര്‍ ഫ്രീ പിസ്‌റ്റള്‍ മെന്‍, സ്‌റ്റാന്‍ഡേര്‍ഡ് പിസ്‌റ്റള്‍ മാസ്‌റ്റര്‍ മെന്‍ (ഐ.എസ്.എസ്.എഫ്) വിഭാഗങ്ങളിലാണ് താരം സ്വര്‍ണം നേടിയത്. പുരുഷ വിഭാഗം ഫ്രീ പിസ്‌റ്റള്‍ മെന്‍ ടീം, സ്‌റ്റാന്‍ഡേര്‍ഡ് പിസ്‌റ്റള്‍ മെന്‍ ടീം വിഭാഗങ്ങളില്‍ അദ്ദേഹം വെങ്കലവും നേടി.
ചാമ്പ്യന്‍ഷിപ്പില്‍ താരം പങ്കെടുക്കാന്‍ എത്തിയതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. അജിത് മത്സരിക്കുന്നതറിഞ്ഞ് പ്രിയ താരത്തെ ഒരു നോക്ക് കാണാനായി ത്രിച്ചി റൈഫിള്‍ ക്ലബ്ബിന് പുറത്ത് ആരാധകര്‍ തടിച്ചുകൂടി.
കഴിഞ്ഞ വര്‍ഷവും താരത്തിന് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ ലഭിച്ചിരുന്നു. ചെന്നെെയില്‍ വച്ച് നടന്ന ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണ മെഡലുകളാണ് താരം അന്ന് നേടിയത്. 2019ല്‍ കോയമ്പത്തൂരില്‍ നടന്ന തമിഴ്‌നാട് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ താരത്തിന് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. ചാമ്പ്യന്‍ഷിപ്പിന്‍റെ 45-ാം പതിപ്പില്‍ വിവിധ ജില്ലകളില്‍ നിന്നായി 850 ഓളം മത്സരാര്‍ഥികളെ പിന്തള്ളിയാണ് താരം രണ്ടാം സ്ഥാനം നേടിയത്.
എച്ച്.വിനോദ് സംവിധാനം ചെയ്‌ത 'വലിമൈ' ആയിരുന്നു അജിത്തിന്‍റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബോണി കപൂര്‍ ആയിരുന്നു നിര്‍മാണം. ഇതേ ടീം വീണ്ടും ഒന്നിക്കുന്ന 'എ.കെ 61'എന്ന ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. സിനിമയില്‍ മഞ്‌ജു വാര്യര്‍ ആണ് നായിക.