തന്‍റെ സര്‍ജറി അനുഭവം പങ്കുവച്ച് നടി അഹാന കൃഷ്‌ണ. 16 വര്‍ഷമായി തനിക്കൊപ്പമുള്ള കണ്ണടയോടും കോണ്‍ടാക്‌റ്റ് ലെന്‍സിനോടും യാത്ര പറഞ്ഞിരിക്കുകയാണ് താരം. ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് അഹാന.
കണ്ണിലെ പ്രശ്‌നം പരിഹരിക്കാനായി ലേസര്‍ വിഷന്‍ കറക്ഷന്‍ സര്‍ജറി ചെയ്‌ത സന്തോഷത്തിലാണിപ്പോള്‍ അഹാന കൃഷ്‌ണ. നാളിത്രയും കാലം താന്‍ നേരിട്ട കാഴ്‌ചയിലെ ബുദ്ധിമുട്ടുകളും സര്‍ജറിയെ കുറിച്ചുള്ള അനുഭവങ്ങളുമാണ് അഹാന ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റില്‍ പങ്കുവച്ചിരിക്കുന്നത്.
സ്‌മൈല്‍ എന്ന ലേസര്‍ വിഷന്‍ കറക്ഷന്‍ സര്‍ജറിയ്‌ക്ക് വിധേയയായ അഹാന, സര്‍ജറിക്ക് പോകുന്ന വീഡിയോയും അതിന്‍റെ അനുഭവങ്ങളും അഹാന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
'ഒന്നര മാസം മുമ്പ്, ഞാൻ സ്‌മൈൽ എന്ന ലേസർ വിഷൻ കറക്ഷൻ സർജറിയ്‌ക്ക് വിധേയയായി. കണ്ണടയും പിന്നെ കോൺടാക്‌ട് ലെൻസുമായുള്ള 16 വർഷത്തെ എന്‍റെ യാത്രയോട് ഔദ്യോഗികമായി വിട പറഞ്ഞു. തന്‍റെ പുതിയ അനുഭവങ്ങള്‍ മുഴുവൻ ഞാന്‍ ഡോക്യുമെന്‍റ് ചെയ്‌തു. അതിപ്പോൾ എന്‍റെ യൂട്യൂബ് ഹാൻഡിൽ വിശദമായ വ്‌ളോഗ് പങ്കുവച്ചിട്ടുണ്ട്. ഇത് നിങ്ങള്‍ കാണുക. നിങ്ങൾക്ക് ഇത് ഇഷ്‌ടമായോന്ന് എന്നെ അറിയിക്കുക. ഇന്‍സ്‌റ്റഗ്രാം ബയോയിലും സ്‌റ്റോറിയിലും ലിങ്ക് പങ്കുവച്ചിട്ടുണ്ട്.' -ഇപ്രകാരമാണ് അഹാന ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.
'ഞാൻ ഈ വീഡിയോ ചെയ്യാൻ കാരണം കുറേ വർഷങ്ങൾ കഴിയുമ്പോൾ എന്‍റെ ഈ അനുഭവം ഒന്നുകൂടി കാണാൻ വേണ്ടിയാണ്. നമ്മൾ എല്ലാ കാര്യങ്ങളും ഓർത്തിരിക്കണമെന്നില്ലല്ലോ. ഞാൻ ചെയ്‌ത ശസ്ത്രക്രിയയുടെ പേര് സ്‌മൈൽ എന്നാണ്. ഇത് ഒരു ലേസർ സർജറി ആണ്. ഏകദേശം 16 വർഷം പിന്നിലേയ്‌ക്ക് പോയാൽ, ഞാൻ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കണ്ണട വയ്‌ക്കുന്നത്.
എനിക്ക് ബോർഡിൽ എഴുതുന്നത് കാണാൻ പറ്റുന്നില്ലെന്ന് വീട്ടിൽ വന്ന് പരാതി പറയാറുണ്ടായിരുന്നു. പക്ഷേ അച്ഛനും അമ്മയും വിചാരിച്ചത് കണ്ണാടി വയ്‌ക്കാനുള്ള എന്‍റെ ആഗ്രഹം കാരണം വെറുതെ പറയുന്നതാണ് എന്നാണ്. നാലഞ്ച് പിള്ളേരുള്ള വീടാകുമ്പോള്‍ എല്ലാവരും പറയുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ ഒന്നും അച്ഛനമ്മമാർ കാര്യമായി എടുക്കാറില്ല. ഒടുവിൽ ശരിക്കും കാണാൻ പറ്റുന്നില്ലെന്ന് പറഞ്ഞപ്പോ വാസൻ ഐ കെയറിൽ കൊണ്ടു പോയി കണ്ണ് ടെസ്‌റ്റ് ചെയ്‌തു. അവിടെ എഴുതി കാണിച്ചതൊക്കെ വായിക്കാൻ കഴിയാതെ വിജയകരമായി ഞാൻ പരാജയപെട്ടു.
അന്ന് വായിക്കാൻ പറ്റാതിരുന്നതിൽ എനിക്ക് ത്രില്ല് ആയിരുന്നു. കാരണം ഞാൻ പറഞ്ഞത് ശരിയായല്ലോ. കണ്ണാടി വച്ചതിന് ശേഷം സ്‌കൂളിലെ ഏറ്റവും കൂളായ കുട്ടിയായെന്ന് എനിക്ക് തോന്നി. എന്‍റെ സ്‌പെക്‌സി ലുക്കിൽ ഞാൻ ഒരുപാട് അഭിമാനിച്ചു. എന്നാല്‍ പതിയെ കണ്ണാടി വയ്‌ക്കുന്നത് അത്ര കൂളായ കാര്യമല്ലെന്ന് എനിക്ക് തോന്നി. പിന്നെ പല ഷോപ്പിലുള്ള കണ്ണാടികൾ ഫാഷൻ മാറുന്നതിനൊപ്പം ഞാൻ പരീക്ഷിച്ചു.
പക്ഷേ കണ്ണാടി ഇല്ലെങ്കിലും ബുദ്ധിമുട്ടി നോക്കിയാൽ എനിക്ക് കാണാൻ പറ്റുമായിരുന്നു. പിന്നീട് ഞാൻ കണ്ണാടി ഉടുപ്പിൽ തൂക്കി ഇട്ടോണ്ട് നടക്കാൻ തുടങ്ങി. കാരണം അതൊരു ഫാഷനായെന്ന് എനിക്ക് തോന്നിയിരുന്നു.' -അഹാന പങ്കുവച്ച വീഡിയോയില്‍ പറയുന്നു.
Also Read: 'രണ്ട് ചാണക പീസ് തരട്ടെ'; അധിക്ഷേപിച്ച ആള്‍ക്ക് അഹാനയുടെ ചുട്ട മറുപടി