തെന്നിന്ത്യന്‍ താരം അഖില്‍ അക്കിനേനി നായകനായെത്തുന്ന പുതിയ തെലുഗു ചിത്രമാണ് ഏജന്‍റ്. പ്രഖ്യാപനത്തിലേ മാധ്യമശ്രദ്ധ നേടിയ ചിത്രത്തിലെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സിനിമയിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ഏജന്‍റിലെ 'ഏന്തേ ഏന്തേ' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഓസ്‌കര്‍ പുരസ്‌കാര ജേതാവ് ചന്ദ്രബോസാണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. ഹിപ്ഹോപ് തമിഴയുടെ സംഗീതത്തില്‍ സഞ്ജിത് ഹെഗ്‌ഡെ, ഹിപ്ഹോപ് തമിഴ, പദ്‌മലത എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ഏജന്‍റില്‍ മമ്മൂട്ടിയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹിറ്റ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന് ശേഷമുള്ള മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് 'ഏജന്‍റ്'. അഖില്‍ അക്കിനേയും മമ്മൂട്ടിയും ഇതാദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഏജന്‍റ്'. പുതുമുഖം സാക്ഷി വൈദ്യയാണ് സിനിമയിലെ നായിക.
- " class="align-text-top noRightClick twitterSection" data="">
ഒരു പട്ടാള ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നതെന്നാണ് സൂചന. ഒരു സ്‌പൈ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ മഹാദേവ് എന്ന സൈനിക ഉദ്യോഗസ്ഥനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
നേരത്തെ ചിത്രത്തിലെ ഏതാനും സ്‌റ്റില്ലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രീകരണത്തിനായി മമ്മൂട്ടി ഹംഗറിയില്‍ എത്തിയതിന്‍റെ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. അഞ്ച് ദിവസത്തെ ചിത്രീകരണമായിരുന്നു ഏജന്‍റിന്‍റെ ഹംഗേറിയന്‍ ഷൂട്ടിന്. ഏജന്‍റിലെ ഇന്‍ട്രൊ സീനും ആദ്യ ഷെഡ്യൂളുമാണ് ഹംഗറിയില്‍ ചിത്രീകരിച്ചത്.
അടുത്തിടെ പട്ടാള വേഷത്തിലുള്ള മമ്മൂട്ടിയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നേവി ബ്ലൂ നിറത്തിലുള്ള ഷര്‍ട്ടും ബ്രൗണ്‍ നിറമുള്ള പാന്‍റ്‌സും, ബുള്ളറ്റ് പ്രൂഫും, തൊപ്പിയും ധരിച്ച് കയ്യില്‍ തോക്കുമായി നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
വൈഎസ്ആറിന്‍റെ ജീവിതകഥ പറഞ്ഞ 'യാത്ര'യാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‌ത തെലുഗു ചിത്രം. 'യാത്ര'യിലെ അഭിനയത്തിന് മമ്മൂട്ടിക്ക് നിരൂപക പ്രശംസയും ലഭിച്ചിരുന്നു.
ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ വന്‍ മേക്കോവറിലാണ് അഖില്‍ അക്കിനേനി പ്രത്യക്ഷപ്പെടുന്നത്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളാണ് ഏജന്‍റിന്‍റെ പ്രധാന ലൊക്കേഷനുകള്‍. എകെ എന്‍റര്‍ടെയിന്‍മെന്‍റ്‌സ്, സുരേന്ദര്‍ 2 സിനിമ എന്നീ ബാനറുകളില്‍ രമ ബ്രഹ്മം ശങ്കരയാണ് നിര്‍മാണം. സുരേന്ദര്‍ റെഡ്ഡിയാണ് രചനയും സംവിധാനവും നിര്‍വഹിക്കുക.
പാന്‍ ഇന്ത്യന്‍ സിനിമയായി ഒരുങ്ങുന്ന ചിത്രം മലയാളം, തെലുഗു, ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ റിലീസിനെത്തും. വേള്‍ഡ് വൈഡ് റിലീസായി ഏപ്രില്‍ 28നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
ക്രിസ്‌റ്റഫര്‍, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നിവയായിരുന്നു മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. 'കാതല്‍' ആണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.