പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന പുരാണ ചിത്രമാണ് ആദിപുരുഷ്. രാമായണത്തെ ആസ്‌പദമാക്കി ചിത്രീകരിക്കുന്ന സിനിമ പ്രഖ്യാപന വേള മുതല്‍ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയ്‌ക്ക് വഴിയൊരുക്കിയിരുന്നു. ഒക്‌ടോബര്‍ 2ന് ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങിയതോടെ ഏറെ വിമര്‍ശനങ്ങളാണ് സിനിമയ്‌ക്ക് നേരിടേണ്ടി വന്നത്.
ഗ്രാഫിക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ നിലവാരം കുറഞ്ഞ വിഎഫ്‌എക്‌സ് ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നായിരുന്നു ആരാധകരുടെ വിമര്‍ശനം. ഒപ്പം ധാരാളം ട്രോളുകളും സിനിമയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ചിത്രത്തിലെ വിഎഫ്‌എക്‌സ് കണ്ടാല്‍ കാര്‍ട്ടൂണ്‍ പോലെയുണ്ടെന്നായിരുന്നു പ്രധാന വിമര്‍ശനം.
ഇതിനു പുറമെ രാമായണത്തെ തെറ്റായി ചിത്രീകരിക്കുന്നു എന്നു പറഞ്ഞു കൊണ്ടും ഒരു വിഭാഗം രംഗത്തു വന്നു. രാമന്‍റെയും ലക്ഷ്‌മണന്‍റെയും വസ്ത്രധാരണത്തെ സംബന്ധിച്ചാണ് പുതിയ വിമര്‍ശനം. രാമനും ലക്ഷ്‌മണനും ധരിച്ചിരുന്നത് ലതർ ഷൂസ് അല്ലെന്ന് പറഞ്ഞായിരുന്നു നെറ്റിസണ്‍സ് രംഗത്തുവന്നത്.
ഇത്തരത്തില്‍ രാമായണത്തെ തെറ്റായി ചിത്രീകരിക്കുന്നത് രാമായണത്തിനും ഭാരതീയ സംസ്‌കാരത്തിനും നാണക്കേടാണെന്നും രാമായണത്തെ നിന്ദിക്കുന്നതിന് തുല്യമാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്. ചിത്രം ബോയ്‌ക്കോട്ട് ചെയ്യണമെന്നും സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സിനിമക്ക് നേരെ ഉണ്ടായിരിക്കുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് സംവിധായകന്‍ ഓം റൗട്ട് രംഗത്തു വന്നു.
പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഓം റൗട്ട് പ്രതികരിച്ചത്. ചിത്രത്തിന്‍റെ ടീസറിന് ലഭിച്ച നെഗറ്റീവ് കമന്‍റുകള്‍ ഏറെ നിരാശപ്പെടുത്തി എന്ന് അദ്ദേഹം പറഞ്ഞു. 'ആദിപുരുഷിന്‍റെ ടീസറിന് ലഭിക്കുന്ന പ്രതികരണം കാണുമ്പോള്‍ ഏറെ വേദനയുണ്ട്. പക്ഷേ നെഗറ്റീവ് കമന്‍റുകള്‍ എന്നെ അത്‌ഭുതപ്പെടുത്തുന്നില്ല. കാരണം ഇത് ബിഗ് സ്‌ക്രീനിനു വേണ്ടി നിര്‍മിക്കുന്ന ചിത്രമാണ്.
മൊബൈല്‍ സ്‌ക്രീനില്‍ കാണുമ്പോള്‍ തൃപ്‌തി ലഭിക്കില്ല. ഇതൊന്നും എന്‍റെ നിയന്ത്രണത്തില്‍ അല്ല. ഒരു അവസരം ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും വീഡിയോ യൂടൂബില്‍ അപ്‌ലോഡ് ചെയ്യില്ലായിരുന്നു. പക്ഷേ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ക്ക് വീഡിയോ യൂടൂബില്‍ ഇടേണ്ടി വന്നു', ഓം റൗട്ട് പറഞ്ഞു.
പ്രഭാസിനൊപ്പം സെയ്‌ഫ് അലി ഖാൻ, കൃതി സനോൺ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 500 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. 2023 ജനുവരി 12 ന് ചിത്രം തിയറ്ററുകളില്‍ എത്തും.