ഭൂതകാലം എന്ന സിനിമയിലൂടെ അഭിനയമികവിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടി രേവതിക്ക് ആദ്യമായി ലഭിച്ചിരിക്കുകയാണ്. 1983ല്‍ കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ താരത്തിന് 2022ലാണ് സംസ്‌ഥാന സര്‍ക്കാരിന്‍റെ അംഗീകാരം ലഭ്യമാകുന്നത്.
സംവിധായികയായി ദേശീയ പുരസ്‌കാരവും അഭിനേത്രി എന്ന നിലയില്‍ തമിഴ്‌നാട് സർക്കാരിൻ്റെ വിവിധ അവാര്‍ഡുകളും നേടിയിട്ടുള്ള രേവതിക്ക് സംസ്‌ഥാന സർക്കാരിൻ്റെ ഈ പുരസ്‌കാരത്തിലും സന്തോഷം മാത്രം. ആ പ്രതിഭാധനയ്ക്ക് മലയാളത്തില്‍ ഏറെ വൈകിയെത്തുന്ന പുരസ്‌കാരമാണിത്.
അന്തിമ ചിത്രങ്ങളുടെ പട്ടികയില്‍പ്പെടാതെ പുറത്തുപോയ ഭൂതകാലം തിരിച്ചുവിളിച്ച് കണ്ടാണ് ജൂറി രേവതിക്ക് പുരസ്‌കാരം നല്‍കിയത്. വിഷാദരോഗവും കടുത്ത ഏകാന്തതയും വിടാതെ വേട്ടയാടുന്ന ഭൂതകാല സ്‌മരണകളും ചേർന്ന് പ്രക്ഷുബ്‌ധമാക്കിയ പെൺമനസിൻ്റെ വിഹ്വലതകളെ അതിസൂക്ഷ്‌മമായ ഭാവപ്പകർച്ചയിൽ പ്രതിഫലിപ്പിച്ച അഭിനയ മികവിനാണ് നടിക്ക് പുരസ്‌കാരം നൽകിയതെന്ന് ജൂറി വ്യക്തമാക്കി.
1997ലും 2010ലും മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം സ്വീകരിച്ച ബിജുമേനോനെ തേടി ആദ്യമായാണ് സംസ്ഥാന അവാര്‍ഡ് എത്തുന്നത്. ആർക്കറിയാം എന്ന സിനിമയിലെ അവാർഡിന് അർഹമായ നടന്‍റെ അഭിനയത്തെ ജൂറി വിലയിരുത്തിയത് ഇങ്ങനെ; 'പ്രായമേറിയ ഒരു മനുഷ്യന്‍റെ ശരീര ഭാഷയും സങ്കീർണവും സമ്മിശ്രവുമായ വികാര വിചാരങ്ങളും അയത്ന ലളിതമായി ആവിഷ്‌കരിച്ച അഭിനയമികവ്'.
2019ൽ ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ തലത്തിൽ പ്രത്യേക പരാമർശം നേടിയ ജോജു ജോർജ് ഇത്തവണ സംസ്ഥാനത്തെ മികച്ച നടനാവുന്നത് വിവിധ ചിത്രങ്ങളിലെ എണ്ണംപറഞ്ഞ അഭിനയത്തിലൂടെ ആണ്. ജോജുവിന്‍റെ പ്രകടനത്തെ ജൂറി വിലയിരുത്തിയത് ഇങ്ങനെ; 'വ്യവസ്‌ഥിതിയുടെ ഇരയാക്കപ്പെട്ട ദളിതനായ പോലീസ് ഉദ്യോഗസ്‌ഥൻ്റെ ധാർമിക പ്രതിസന്ധികളും, ഓർമകൾ നഷ്‌ടമായ ഒരു മനുഷ്യൻ്റെ ആത്മ സമരങ്ങളും, ആണത്തത്തിൻ്റെ ശക്തിദൗർബല്യങ്ങളും അനായാസമായി അവതരിപ്പിച്ച അഭിനയ പാടവം'.
മികച്ച നടനുള്ള മത്സരത്തിനൊടുവില്‍ ബിജുമേനോനും ജോജു ജോർജിനും പുരസ്‌കാരം നൽകിയത് ഇരുവരുടേയും അഭിനയത്തോട് നീതി പുലർത്താനാണെന്ന് സംശയലേശമന്യേ ജൂറി വെളിപ്പെടുത്തി. ഇതുവരെ എത്താത്ത കൈകളിലേക്ക് പുരസ്‌കാരം എത്തുന്നത് സംസ്ഥാന സർക്കാർ പുരസ്‌കാരത്തിൻ്റെ ജനകീയത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.