തന്‍റെ വഴി തടഞ്ഞാല്‍ താനും കേസ് കൊടുക്കുമെന്ന് മാധ്യമങ്ങളോട് തുറന്നടിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി (Suresh Gopi). കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് തൃശൂരില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ മാധ്യമങ്ങള്‍ മുന്നിലെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ ഈ പ്രതികരണം.
'നോ ബോഡി ടച്ചിങ്, പ്ലീസ് കീപ് എവേ ഫ്രം മീ, വഴി നിഷേധിക്കരുത്, ഞാനും കേസ് കൊടുക്കും. ദയവായി, വഴി തടയരുത്. മുന്നോട്ടു പോകാന്‍ എനിക്കും അവകാശം ഉണ്ട്. ക്ലോസ് അറിയണോ?' -ഇപ്രകാരമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
അതേസമയം മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് നടക്കാവ് പൊലീസ് സ്‌റ്റേഷനിലാണ് മാധ്യമപ്രവര്‍ത്തക സുരേഷ് ഗോപിക്കെതിരെ മൊഴി നല്‍കിയത്.
അടുത്തിടെ കോഴിക്കോട്ടെ ഹോട്ടലില്‍ വച്ച് സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു വിവാദ സംഭവം. മാധ്യമങ്ങളെ കാണുന്നതിനിടെ ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈ വയ്‌ക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തക ഒഴിഞ്ഞു മാറിയെങ്കിലും താരം വീണ്ടും ഇത് ആവര്‍ത്തിച്ചു. ഇതോടെ മാധ്യമപ്രവര്‍ത്തക നടന്‍റെ കൈ എടുത്ത് മാറ്റുകയായിരുന്നു.
അതേസമയം തുടക്കത്തില്‍ തന്നെ സുരേഷ് ഗോപി സംഭവത്തില്‍ മാപ്പു പറഞ്ഞിരുന്നു. ഫേസ്‌ബുക്കിലൂടെയായിരുന്നു സുരേഷ് ഗോപിയുടെ മാപ്പപേക്ഷ. മാധ്യമപ്രവര്‍ത്തകയോട് താന്‍ വാത്സല്യത്തോടെയാണ് പെരുമാറിയതെന്നും ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ, മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നു എന്നുമാണ് സുരേഷ് ഗോപി ഫേസ്‌ബുക്കില്‍ കുറിച്ചത്.
വിഷയത്തില്‍ സുരേഷ് ഗോപി മാപ്പു പറഞ്ഞെങ്കിലും താരത്തിന്‍റെ പ്രവര്‍ത്തിക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. നടന്‍ ഹരീഷ് പേരടിയും സുരേഷ് ഗോപിക്കെതിരെ പ്രതികരിച്ചിരുന്നു. ഒരു തവണ തൊട്ടപ്പോള്‍ തന്നെ മാധ്യമപ്രവര്‍ത്തക തന്‍റെ ഇഷ്‌ടക്കേട് പരസ്യമായി പ്രകടിപ്പിച്ചുവെന്നും മകളെ പോലെയാണ് കാണുന്നതെങ്കില്‍ മക്കളോട് ക്ഷമ ചോദിക്കുന്നത് പുതിയ കാലത്ത് രാഷ്‌ട്രീയമായി ശരിയാണെന്നുമായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം.
'സുരേഷ് ഗോപി ചേട്ടാ... അറിയാതെ ആണെങ്കിൽ.. ഒരു തവണ തൊട്ടപ്പോൾ ആ പെൺകുട്ടിയുടെ ഇഷ്‌ടക്കേട് അവൾ പരസ്യമായി പ്രകടിപ്പിച്ചു... വീണ്ടും അറിഞ്ഞു കൊണ്ട് തൊട്ടത് താങ്കളെ പോലെ ഒരാൾക്ക് ചേർന്നതായില്ല... അപ്പോഴും ആ പെൺകുട്ടി കൈ തട്ടിമാറ്റി... മകളെ പോലെ ആണെങ്കിൽ... മക്കളോട് ക്ഷമ ചോദിക്കുന്നത് പുതിയ കാലത്ത് രാഷ്ട്രീയമായി ശരിയാണ്... ആ ശരി താങ്കൾ ചെയ്യുമെന്ന പ്രതീക്ഷയോടെ...' -ഇപ്രകാരമായിരുന്നു ഹരീഷ് പേരടിയുടെ കുറിപ്പ്.
അതേസമയം വിഷയത്തില്‍ സുരേഷ് ഗോപിയെ പിന്തുണച്ച് നടനും സംവിധായകനുമായ മേജര്‍ രവി രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപിയെ പോലെയുള്ളൊരു മനുഷ്യനെ ഇങ്ങനെ ചിത്രവധം ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു എന്നായിരുന്നു മേജര്‍ രവിയുടെ ചോദ്യം. ചെയ്‌തത് തെറ്റാണെന്ന് തോന്നിയ സാഹചര്യത്തില്‍ സുരേഷ് ഗോപി മാപ്പ് പറഞ്ഞിട്ടും, അദ്ദേഹത്തെ വെറുതെ വിട്ടില്ലെന്നും മേജര്‍ രവി പറഞ്ഞു.