ഹൈദരാബാദ്: ഏറെ ആരാധകരുള്ള കോളിവുഡ് താരമാണ് സിലമ്പരസന്‍ ടിആര്‍. ചിമ്പു എന്ന ഓമനപ്പേരില്‍ സിനിമ ലോകത്ത് അറിയപ്പെടുന്ന താരത്തിന്‍റെ അഭിനയ മികവ് മാത്രമല്ല, പാട്ടും നൃത്തവുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഏറെ നാളായി ചിമ്പുവിന്‍റെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായ പ്രധാന വിഷയമാണ് താരത്തിന്‍റെ വിവാഹം. ചിമ്പു വിവാഹിതനാകുന്നു എന്ന തരത്തില്‍ ഇടക്കിടയ്‌ക്ക് വാര്‍ത്തകള്‍ പ്രചരിക്കാറുമുണ്ട്. എന്നാല്‍ ഒരു ശ്രീലങ്കന്‍ തമിഴ് പെണ്‍കുട്ടിയുമായി ചിമ്പുവിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവിലായി പുറത്തു വരുന്നത്.
വാര്‍ത്ത കേട്ട് ചിമ്പു ആരാധകര്‍ സന്തോഷിക്കാന്‍ വരട്ടെ. കാരണം വിവാഹനിശ്ചയ വാര്‍ത്ത തള്ളിക്കൊണ്ട് ചിമ്പുവിന്‍റെ മാനേജര്‍ തന്നെ രംഗത്ത് വന്നു. തൊട്ട് പിന്നാലെ നടന്‍റെ ഭാഗത്തു നിന്നുള്ള ഔദ്യോഗിക പ്രസ്‌താവനയും പുറത്തു വന്നു. പ്രസ്‌താവന ഇങ്ങനെ; 'സിലമ്പരസൻ ടി ആർ ശ്രീലങ്കൻ തമിഴ് പെൺകുട്ടിയുമായി വിവാഹനിശ്ചയം നടത്തിയെന്ന വാർത്ത ഞങ്ങൾ ശക്തമായി നിഷേധിക്കുന്നു. അതിന് പിന്നിൽ ഒരു സത്യവുമില്ല. വിവാഹം പോലുള്ള സ്വകാര്യ വിഷയങ്ങളില്‍ സ്ഥിരീകരണം നടത്തിയ ശേഷം മാത്രം വാര്‍ത്ത നല്‍കണമെന്ന് മാധ്യമ സുഹൃത്തുക്കളോട് ഞങ്ങൾ അഭ്യർഥിക്കുകയാണ്. വിവാഹവുമായി ബന്ധപ്പെട്ട് ഒരു നല്ല വാർത്തയുണ്ടാകുമ്പോൾ മാധ്യമ സുഹൃത്തുക്കളെ ആദ്യം വിളിച്ച് അറിയിക്കുന്നതായിരിക്കും'.
കോളിവുഡിലെ കാമുകന്മാരുടെ ലിസ്റ്റിലും മുന്‍ നിരയിലാണ് താരം. കൂടെ അഭിനയിച്ച പല നടിമാരുടെയുടെയും പേരിനൊപ്പം ചിമ്പുവിന്‍റെ പേരു ചേര്‍ത്ത് നിരവധി ഗോസിപ്പുകളും ഇറങ്ങിയിട്ടുണ്ട്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര മുതല്‍ നിധി അഗര്‍വാള്‍ വരെ ചിമ്പുവിന്‍റെ പ്രണയ ലിസ്റ്റില്‍ ഇടംപിടിച്ചവരാണ്. നയന്‍താരയുമായുണ്ടായിരുന്ന ചിമ്പുവിന്‍റെ ബന്ധം ഏറെ ചര്‍ച്ചയായതും വിവാദങ്ങള്‍ക്ക് തിരിതെളിയിച്ചതുമായിരുന്നു. ഇന്നും ആരാധകര്‍ ചര്‍ച്ച ചെയ്യുന്ന ചിമ്പുവിന്‍റെ പ്രണയമാണിത്.
ചിമ്പു, നയന്‍താര വിവാദം: വല്ലവന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ചിമ്പുവും നയനും പ്രണയത്തിലായത്. അധിക നാള്‍ ഈ പ്രണയം നിലനിന്നില്ല. ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെ താരങ്ങളുടെ ചില സ്വകാര്യ ചിത്രങ്ങള്‍ പുറത്തായതോടെ വിവാദങ്ങള്‍ക്ക് തുടക്കമായി. നയന്‍താരയുടെ വ്യക്തിജീവിതത്തില്‍ അവര്‍ ഏറെ വിമര്‍ശിക്കപ്പെട്ട ഒരു സംഭവം കൂടിയായിരുന്നു ഇത്. നയന്‍താര നല്ല മനസിന് ഉടമയാണെന്നും നിലവില്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും 2012 ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ ചിമ്പു തന്നെ പറഞ്ഞിട്ടുണ്ട്.
തൃഷ കൃഷ്‌ണനുമായി പ്രണയം?: വിണ്ണൈതാണ്ടി വരുവായ എന്ന ഗൗതം മേനോന്‍ ചിത്രത്തിന് പിന്നാലെ ചിമ്പുവും തൃഷ കൃഷ്‌ണനും തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പരന്നിരുന്നു. സ്‌ക്രീനിലെ ജെസിയുടെയും കാര്‍ത്തിക്കിന്‍റെയും പ്രണയം ഇരുവരും ജീവിതത്തിലേക്കും പകര്‍ത്തിയോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്ത വളരെ വൈറലായ ഒന്നാണ്. ഇരുവരും അവിവാഹിതരായി തുടരുന്നതിന്‍റെ കാരണം സമാനമായതിനാല്‍ താരങ്ങള്‍ പ്രണയത്തിലാണെന്ന് തന്നെയാണ് ആരാധകര്‍ കരുതിയിരുന്നത്.
ഹന്‍സികയുമായി ചേര്‍ത്ത് ഗോസിപ്പുകള്‍: ചിമ്പുവിന്‍റെ പേരിനൊപ്പം ചേര്‍ത്ത് ആരാധകര്‍ ആഘോഷമാക്കിയ മറ്റൊരു താരസുന്ദരിയാണ് ഹന്‍സിക മോട്വാനി. 2013ലാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നത്. വാലു, വേട്ടൈമന്നന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചതിന് പിന്നാലെയാണ് പ്രണയ ഗോസിപ്പുകള്‍ പരന്നത്. പിന്നാലെ ഗോസിപ്പുകള്‍ ശരിവച്ച് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായി എത്തിയിരുന്നു. എന്നാല്‍ 2015 ല്‍ ഇരുവരും പിരിയുകയാണ് ഉണ്ടായത്.
ചിമ്പുവിനും ശ്രുതി ഹാസനും ഇടയില്‍?: ഹന്‍സികയ്‌ക്ക് ശേഷം ആ ലിസ്റ്റില്‍ ഇടംനേടിയ താരമാണ് ശ്രുതി ഹാസന്‍. 2016ല്‍ ശ്രുതിയും ചിമ്പുവും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പരന്നിരുന്നു. ചില പരിപാടികളില്‍ ഒരുമിച്ചെത്തിയതാണ് ഗോസിപ്പുകള്‍ക്ക് കാരണമായത്. ഇതിനിടെ തന്‍റെ എല്ലാ കുറവുകളും അംഗീകരിച്ച് സ്‌നേഹിക്കുന്ന ഒരാളെ കണ്ടെത്തി എന്ന ശ്രുതിയുടെ ട്വീറ്റും ഗോസിപ്പിന് ആക്കം കൂട്ടി. ചിമ്പുവുമായുള്ള ബന്ധത്തെ കുറിച്ച് നിരവധി കമന്‍റുകള്‍ വന്നതോടെ ശ്രുതി ട്വീറ്റ് നീക്കം ചെയ്യുകയായിരുന്നു.
നിധി അഗര്‍വാളുമായി വിവാഹം: കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലും ചിമ്പു വിവാഹിതനാകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. നടി നിധി അഗര്‍വാളുമായുണ്ടായിരുന്ന ചിമ്പുവിനുണ്ടായിരുന്ന സൗഹൃദവും പ്രണയവും പുറത്തുവന്നതിന് പിന്നാലെയാണ് ഇരുവരും വിവാഹിതരാകുന്നു എന്ന വാര്‍ത്ത പരന്നത്. ഈശ്വരന്‍ എന്ന സിനിമയില്‍ അഭിനയിച്ചിരുന്ന സമയത്താണ് ചിമ്പുവും നിധിയും സൗഹൃദത്തിലാകുന്നത്. ഗോസിപ്പുകള്‍ പുറത്തുവന്നതോടെ പാപ്പരാസികള്‍ താരങ്ങളെ വിടാതെ പിന്തുടര്‍ന്നിരുന്നു.
ഗൗതം മേനോൻ സംവിധാനം ചെയ്‌ത 'വേന്തു തനിന്ധതു കാട്' എന്ന ചിത്രത്തിലാണ് ചിമ്പു ഒടുവില്‍ ബിഗ് സ്‌ക്രീനിലെത്തിയത്. ഒബെലി എൻ കൃഷ്‌ണ സംവിധാനം ചെയ്യുന്ന 'പത്തു തല'യാണ് താരത്തിന്‍റെതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. കന്നഡ ചിത്രമായ 'മഫ്‌തി'യുടെ തമിഴ് റീമേക്കാണ് പത്തു തല.