പ്രചരിച്ച ചിത്രങ്ങളിൽ ഒരെണ്ണം മോർഫ് ചെയ്‌തതെന്ന് ബോളിവുഡ് താരം രൺവീർ സിങ്. നഗ്ന ഫോട്ടോഷൂട്ട് കേസിൽ മുംബൈ പൊലീസിന് നൽകിയ മൊഴിയിലാണ് തന്‍റെ ചിത്രങ്ങളിൽ ഒരെണ്ണം മോർഫ് ചെയ്‌തതാണെന്ന് താരം വെളിപ്പെടുത്തിയത്. ഫോട്ടോയിൽ കാണുന്ന തരത്തിലല്ല തന്‍റെ ചിത്രം ഷൂട്ട് ചെയ്‌തതെന്നും രൺവീർ പറയുന്നു.
ഓഗസ്റ്റ് 29ന് താരം നൽകിയ മൊഴി മുംബൈയിലെ ചെമ്പൂർ പൊലീസ് പരിശോധിച്ച് വരികയാണ്. ജൂലൈ 21ന് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ഒരു മാസികയ്ക്കു വേണ്ടിയെടുത്ത നഗ്ന ഫോട്ടോഷൂട്ടാണ് വിവാദമായത്. താരത്തിന്‍റെ ചിത്രങ്ങൾ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് എൻജിഒ ഉദ്യോഗസ്ഥൻ ചെമ്പൂർ പൊലീസിൽ പരാതി നൽകി.
പരാതിയിൽ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 292 (അശ്ലീല പുസ്തകങ്ങളുടെ വിൽപ്പന), 293 (പ്രായപൂർത്തിയാകാത്തവർക്ക് അശ്ലീല വസ്തുക്കൾ വിൽക്കൽ), 509 (വാക്കുകൾ, ആംഗ്യങ്ങൾ അല്ലെങ്കിൽ പ്രവൃത്തികൾ), ഐടി ആക്‌ടിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരം മുംബൈ പൊലീസ് രൺവീറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. ഓഗസ്റ്റ് 29ന് ചെമ്പൂർ പൊലീസ് സ്റ്റേഷനിൽ രാവിലെ ഏഴരയോടെ ഹാജരായ രൺവീറിൽനിന്ന് രണ്ടു മണിക്കൂറോളം നേരമെടുത്താണ് മൊഴി രേഖപ്പെടുത്തിയത്. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയിരുന്നുവെന്നും ഇനിയും ആവശ്യമുണ്ടെങ്കിൽ വിളിപ്പിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.