മലയാളത്തിന്റെ പ്രിയ താരം റഹ്‌മാന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം 'സമാറ' (Samara) പ്രേക്ഷകർക്കരികിൽ എത്താൻ ഇനി ആറ് ദിവസം കൂടി. ഓഗസ്റ്റ് 11ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. നവാഗത സംവിധായകൻ ചാൾസ് ജോസഫാണ് 'സമാറ'യുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
നേരത്തെ ചിത്രം ഓഗസ്റ്റ് നാലിന് തിയേറ്ററുകളില്‍ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് റിലീസ് നീട്ടുകയായിരുന്നു. അടുത്തിടെയാണ് നിർമാതാക്കൾ ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി പുറത്തുവിട്ടത്.
കുളു - മണാലി, ധർമ്മശാല, ജമ്മു കശ്‌മീർ എന്നിവിടങ്ങളിലായി ഭൂരിഭാഗം ചിത്രീകരണവും നടന്ന ഈ ചിത്രം ക്രൈം ത്രില്ലർ - സയൻസ് ഫിക്ഷൻ ജോണറിലാണ് അണിയിച്ചൊരുക്കിയത്. പീകോക്ക് ആർട്ട് ഹൗസിന്‍റെ ബാനറിൽ എംകെ സുഭാകരൻ, അനുജ് വർഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. ചിത്രം മാജിക് ഫ്രെയിംസ് ആണ് തിയേറ്ററുകളില്‍ എത്തിക്കുന്നത്.
തമിഴ് നടൻ ഭരത്, നിവിൻ പോളി - ഗീതു മോഹൻദാസ് ചിത്രം 'മൂത്തോനി'ലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, ബോളിവുഡ് ചിത്രങ്ങളായ 'ബജ്‌റംഗി ഭായ്‌ജാന്‍, ജോളി എൽഎൽബി 2', തമിഴ് ചിത്രം 'വിശ്വരൂപം 2' എന്നിവയിലൂടെ പ്രശസ്‌തനായ മീർ സർവാർ, രാഹുൽ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്‌ണ, ടിനിജ്, ടോം സ്‌കോട്ട് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഇവർക്കൊപ്പം പതിനെട്ടോളം പുതുമുഖ താരങ്ങളും മുപ്പത്തിയഞ്ചോളം വിദേശ താരങ്ങളും അണിനിരക്കുന്നുണ്ട്.
ചിത്രത്തിലേതായി നേരത്തെ പുറത്തുവന്ന ട്രെയിലറും ടീസറും ഗാനങ്ങളുമെല്ലാം പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. ഏറെ നിഗൂഢതകളും കൗതുകവും ഒളിപ്പിച്ചാണ് ട്രെയിലർ എത്തിയത്. കാണികളിൽ ഉദ്വേഗം നിറയ്ക്കുന്ന, ത്രസിപ്പിക്കുന്ന രംഗങ്ങൾ കോർത്തിണക്കിയ ട്രെയിലർ സിനിമയുടെ പ്രതീക്ഷകൾ ഉയർത്തുന്നതായി. ട്രെയിലർ റിലീസിന് മുന്നോടിയായി ചിത്രത്തിലെ അണിയറ പ്രവർത്തകരും താരങ്ങളും ചേർന്ന് നടത്തിയ ക്യാമ്പയിനും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഗോപി സുന്ദർ പശ്ചാത്തല സംഗീതം ഒരുക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ദീപക് വാരിയർ ആണ്. അകാലത്തില്‍ വിടപറഞ്ഞ, മലയാളി കൂടിയായ പ്രശസ്‌ത ഗായകൻ കെകെയുടെ ശബ്‌ദത്തില്‍ പുറത്തുവന്ന 'സമാറ'യിലെ 'ദിൽബറോ' (Dilbaro) എന്ന ഗാനം വളരെയധികം ശ്രദ്ധ നേടിയിരുന്നു. കെ കെ അവസാനമായി പാടിയത് 'സമാറ'യെന്ന ഈ ചിത്രത്തിന് വേണ്ടിയായിരുന്നു എന്നതും ചിത്രത്തിന്‍റെ സവിശേഷതയാണ്. ഗായിക ലക്ഷ്‌മി മോഹന് ഒപ്പമാണ് കെകെ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
സിനു സിദ്ധാർത്ഥ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ കലാസംവിധാനം കൈകാര്യം ചെയ്യുന്നത് രഞ്ജിത്ത് കോത്തേരിയാണ്. പ്രൊഡക്ഷൻ കൺട്രോളർ - പ്രേമൻ പെരുമ്പാവൂർ, സൗണ്ട് ഡിസൈൻ - അരവിന്ദ് ബാബു, കോസ്റ്റ്യൂം - മരിയ സിനു, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - വിഷ്‌ണു ഐക്കരശ്ശേരി, സംഘട്ടനം - ദിനേശ് കാശി, ഡിസൈനർ - മാമിജോ, സ്റ്റിൽസ് - സിബി ചീരൻ, മാർക്കറ്റിംഗ്- ബിനു ബ്രിങ്ഫോർത്ത്, ഡിജിറ്റൽ പ്രൊമോഷൻ - ഒബിസ്‌ക്യൂറ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
READ ALSO: റഹ്‌മാന്‍റെ സയന്‍സ് ഫിക്ഷന്‍ ക്രൈം ത്രില്ലർ 'സമാറ'; പുതിയ റിലീസ് തീയതി പുറത്ത്