കൊച്ചി : മലയാളികളുടെ എക്കാലത്തെയും ജനപ്രിയ നായകനാണ് ജയറാം. പഴയകാല മലയാള സിനിമകളിൽ ഹരിതാഭയും പച്ചപ്പും നിറഞ്ഞ മനോഹരമായ വീട്ടുവളപ്പിൽ നിന്ന് തലയിൽ തോർത്തുമുണ്ട് കെട്ടി കടന്നുവരുന്ന ജയറാമിനെ മലയാളികൾക്ക് മറക്കാൻ കഴിയില്ല. ഒരു സാധാരണക്കാരനായി സിനിമയിൽ വേഷമിടാൻ വലിയ മേക്കപ്പും തയ്യാറെടുപ്പും ഒന്നും ജയറാമിന് ആവശ്യം വരാറില്ല. തൻ്റേതായ അഭിനയ ശൈലിയിൽ ആ വേഷം ജയറാം ഭംഗിയാക്കും.
ഷീല, ജയറാം, നയൻ താര,ഇന്നസെൻ്റ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ സിനിമയാണ് ‘മനസിനക്കരെ’. ഒരു സാധാരണ കർഷകനായാണ് ജയറാം സിനിമയിൽ വേഷമിടുന്നത്. തൻ്റെ അച്ഛനായ ഇന്നസെൻ്റിൻ്റെ കഥാപാത്രമായ ചാക്കോ മാപ്പിള ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടുപിടിക്കുന്ന, ഷീലയെ തൻ്റെ അമ്മയെ പോലെ സ്‌നേഹിക്കുന്ന ജയറാമിൻ്റെ കഥാപാത്രത്തെ മലയാളികളെല്ലാം മനസ്സോട് ചേർത്തതാണ്. സിനിമയിൽ ഭൂരിഭാഗം സമയവും തൻ്റെ കോഴിക്കടയിലും തോട്ടത്തിലും തൊടിയിലുമെല്ലാം ജോലി ചെയ്യുന്ന, മണ്ണിൽ പണിയെടുക്കുന്ന ഒരു കർഷകൻ്റെ വേഷം ജയറാമിന് നന്നായി ചേരുന്നുണ്ടായിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
കയ്യിൽ ഒരു കുട്ടയും കത്തിയുമായി തൊടിയിലേക്കിറങ്ങുന്ന ജയറാം : അതുപോലൊരു ജയറാമിൻ്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. തൻ്റെ വീട്ടുവളപ്പിൽ താൻ തന്നെ നട്ടുവളർത്തിയ വിഷരഹിതമായ പച്ചക്കറികളുടെ വിളവെടുക്കുന്ന ജയറാമിനെ വീഡിയോയിൽ കാണാൻ സാധിക്കും. ഒരു തോർത്തുമുണ്ട് തലയിൽ ചുറ്റി നീല ടീഷർട്ടും കൈലിയുമുടുത്ത്, കയ്യിൽ ഒരു കുട്ടയും കത്തിയുമായി തൊടിയിലേക്കിറങ്ങുന്ന ജയറാം ആ വലിയ തോട്ടത്തിലെ തക്കാളിയും വഴുതനയും എല്ലാം പറിച്ചെടുത്ത് കുട്ടയിലാക്കുന്നു. പലതരം ചെടികളും വൃക്ഷങ്ങളുമുള്ള വീട്ടുവളപ്പിൽ വളരെ ഉന്മേഷവാനായാണ് ജയറാം വിളവെടുപ്പ് നടത്തുന്നത്. വലിയ മത്തങ്ങ കണ്ടുപിടിച്ച് അറുത്തെടുക്കാൻ അദ്ദേഹം കാണിക്കുന്ന ആവേശം ഇതിന് തെളിവാണ്. വെള്ളരികൃഷിയിൽ നിന്നും ആദായം ശേഖരിക്കുമ്പോൾ തനിക്ക് കിട്ടുന്ന കണിവെള്ളരി ക്യാമറയിലേക്ക് ഉയർത്തിക്കാണിച്ച് ഉത്സാഹത്തോടെയാണ് ജയറാം തൻ്റെ സന്തോഷം പങ്കിടുന്നത്.
വീട്ടുവളപ്പില്‍ കൃഷിയ്ക്കനുയോജ്യമായ സ്ഥലങ്ങള്‍ പരമാവധി ഉപയോഗിച്ചുകൊണ്ട് തന്നെ അദ്ദേഹം വിളവിറക്കിയെന്നത് വീഡിയോയിൽ വ്യക്തമാണ്. ശേഷം താൻ ശേഖരിച്ചവയെല്ലാം വീട്ടുപടിക്കൽ വച്ച് എണ്ണം കാണിച്ച് ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി പോകുന്ന ജയറാമിനെ കാണാം. മലയാളികൾക്ക് എപ്പോൾ കേട്ടാലും വയലും, ഗ്രാമീണ അന്തരീക്ഷവുമെല്ലാം ഓർമ്മവരുന്ന മനസിനക്കരെ സിനിമയിലെ ‘മുണ്ടകപ്പാടത്തെ മുത്തും പവിഴവും’ എന്നുതുടങ്ങുന്ന ഗാനം പശ്ചാത്തലമാക്കിയാണ് ജയറാം വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇത് വീഡിയോയെ കുറച്ചുകൂടി മലയാളികൾക്ക് പ്രയപ്പെട്ടതാക്കുന്നു.
ആ പാട്ടിലെ സീനുകളൊക്കെ മനസ്സിൽ തെളിഞ്ഞു :'ആക്ടർ , മിമിക്രി ആർട്ടിസ്റ്റ് , ആനപ്രേമി, ചെണ്ടക്കാരൻ, കർഷകൻ, ഗായകൻ.. എന്നിങ്ങനെ തുടരുന്നു ജയറാമേട്ടൻ്റെ ജീവിതം' എന്ന് ഒരു ആരാധിക കമൻ്റ് ചെയ്‌തപ്പോൾ 'കേട്ടപ്പോ തന്നെ ആ പാട്ടിലെ സീനുകളൊക്കെ മനസ്സിൽ തെളിഞ്ഞു, എവർഗ്രീൻ ഐറ്റംസ് ആണ് അതൊക്കെ' എന്നായിരുന്നു മറ്റൊരു ആരാധകൻ്റെ കമൻ്റ്. പച്ചക്കറി തോട്ടത്തിൽ നിന്ന് വിളവെടുക്കുന്ന ജയറാം പഴയ കാല കഥാപാത്രങ്ങളെ അനുസ്‌മരിപ്പിക്കുന്നുണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.
‘പൊന്നിയിൻ സെൽവൻ 2’(ps2) ആണ് ജയറാമിൻ്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. സിനിമ ഏപ്രിൽ 28 ന് തിയേറ്ററുകളിലെത്തും.